ഒളിംപിക്സ് വേദിയിൽനിന്ന് തുടക്കം; സൈക്കിളിൽ ഉലകം ചുറ്റി മലയാളി
Mail This Article
അബുദാബി ∙ പാരിസ് ഒളിംപിക്സ് വേദിയിൽനിന്ന് മലയാളി യുവാവ് സൈക്കിളിൽ കേരളത്തിലേക്ക്. ജൂലൈ 26ന് ആരംഭിച്ച യാത്ര നാൽപതോളം രാജ്യങ്ങൾ പിന്നിട്ട് കേരളത്തിൽ എത്തുമ്പോഴേക്കും 2 വർഷം പിന്നിടും. കൊച്ചി അമ്പലമേട് ക്ലിന്റ് റോഡിൽ പാറേക്കാട്ടിൽ വീട്ടിൽ നാരായണ പിള്ളയുടെയും തങ്കമണിയുടെ മകൻ അരുൺ തഥാഗത് ആണ് സൈക്കിളിൽ ഉലകം ചുറ്റുന്നത്.
എറണാകുളം കലക്ടറേറ്റ് ജീവനക്കാരനായ അരുൺ കോവിഡ് കാലത്ത് ഇന്ത്യ, മ്യാന്മർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ, കംപോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലൂടെ ഒരു വർഷം ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ പ്രത്യേക സൈക്കിൾ പാത വേണമെന്ന ആവശ്യവുമായി സൈക്കിൾ സവാരി നടത്തിയിരുന്നു. ജാതിമത ഭേദമന്യേയുള്ള പേര് എന്ന അന്വേഷണമാണ് പാലി ഭാഷയിൽ ബുദ്ധൻ എന്നർഥം താഥാഗതിൽ എത്തിയതെന്ന് അരുൺ പറഞ്ഞു.
2 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ സമ്മാനിച്ച് യൂറോപ്യൻ യൂണിയനും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിച്ചു. പാരിസിൽനിന്ന് ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, ഓസ്ട്രിയ, ചെച്നിയ, സ്‌ലോവാക്യ, ഹംഗറി, സ്‌ലൊവേനിയ, ക്രൊയേഷ്യ, റൊമാനിയ, ബൾഗേറിയ എന്നിവിടങ്ങളിലെ സൈക്കിൾ പര്യടനത്തിനുശേഷം പിന്നീട് വിമാന മാർഗം തുർക്കിയിലെത്തി. അവിടത്തെ സന്ദർശനം പൂർത്തിയാക്കിയാണ് യുഎഇയിൽ എത്തിയത്. ഗൾഫിലെ പ്രവാസി മലയാളികളുടെ സ്നേഹവും സ്വീകരണവും അവിസ്മരണീയമാണെന്നും പറഞ്ഞു.
യൂറോപ്പിലേക്കു പ്രവേശിക്കാനും പുറത്തുപോകാനും മാത്രമാണ് വിമാനം ഉപയോഗിച്ചത്. ഷെങ്കൻ വീസയിൽ തുടർച്ചയായി 90 ദിവസം മാത്രമേ രാജ്യത്ത് തങ്ങാനാവൂ. പിന്നീട് അടുത്ത 90 ദിവസം യൂറോപ്യൻ യൂണിയന് പുറത്തുകഴിഞ്ഞാലേ പ്രവേശനം അനുവദിക്കൂ. ഈ ഇടവേളയിലാണ് യുഎഇയിൽ എത്തിയത്.
ജനുവരി അവസാന വാരം ആംസ്റ്റർഡാമിലേക്ക് പോകാനാണ് പദ്ധതി. തുടർന്ന് ബെൽജിയം, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി വഴി സ്പെയിനിലെത്തും. അവിടന്ന് ജിബ്രാൾട്ടർ കടലിടുക്ക് കടന്ന് ഫെറി മാർഗം മൊറോക്കോയിൽ പോകും. ശേഷം തുണീഷ്യ, ഈജിപ്ത് വഴി സ്കാൻഡിനേവിയയിലേക്ക്. 3 മാസം അവിടെ ചെലവഴിച്ച് മധ്യേഷൻ രാജ്യങ്ങളിൽ എത്തും വിധമാണ് യാത്ര. ശേഷം ഖസക്കിസ്ഥാൻ, ഡെൻമാർക്ക്, തജിക്കിസ്ഥാൻ എന്നിവ സന്ദർശിച്ച് ഗ്രീസിലേക്ക് തിരിക്കും. പിന്നീട് തുർക്കി, ഇറാൻ വഴി ജന്മനാട്ടിൽ മടങ്ങിയെത്തും.
2 വർഷത്തെ ശമ്പളമില്ലാത്ത അവധിയെടുത്താണ് യാത്ര. ശമ്പള വർധനയും സ്ഥാനക്കയറ്റുമെല്ലാം നഷ്ടമാകുമെങ്കിലും സ്വന്തം കുടുംബാംഗത്തെ പോലെ ചേർത്തുപിടിക്കുന്ന ആഗോള സൗഹൃദമാണ് തന്റെ സമ്പാദ്യമെന്ന് അരുൺ പറയുന്നു.
വലിയ വീടുകളിലും പദവികളിലും കാറുകളിലും നിക്ഷേപിക്കുന്നതിനു പകരം സ്വന്തം അനുഭവങ്ങളിലേക്കാകണം നിക്ഷേപമെന്ന ജർമൻ സഞ്ചാരി മാരിസെല്ലിന്റെ ഉപദേശം പ്രചോദനമായപ്പോഴാണ് അരുൺ യാത്ര തുടങ്ങിയത്. നൂറോളം രാജ്യങ്ങൾ സഞ്ചരിച്ച് കേരളത്തിലെത്തിയതായിരുന്നു ഷെഫ് കൂടിയായ മാരിസെൽ. യാത്രക്കിടെ മാരിസെല്ലിനെ ബാങ്കോക്കിൽ കണ്ടുമുട്ടിയെന്നും പറഞ്ഞു.
ബാങ്ക് വായ്പ എടുത്താണ് യാത്രകൾ. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് കടം വീട്ടും. 40 ലക്ഷത്തോളം രൂപ ചെലവു വരുന്ന ഈ യാത്രയ്ക്കായി 10 ലക്ഷം രൂപ വായ്പയെടുത്തു. ശേഷിച്ച തുക സ്പോൺസർമാരിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തേവര എസ്എച്ച് കോളജിൽ ജൂലൈ 22ന് സംവിധായകൻ ലാൽജോസും ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷും ചേർന്നാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.