ADVERTISEMENT

അബുദാബി ∙ യുഎഇയിൽ 2 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.

നാളെ മുതൽ യുഎഇയിൽ ഉടനീളം പരിശോധന ഊർജിതമാക്കും. വലിയ കമ്പനികൾ മുതൽ ചെറുകിട സ്ഥാപനങ്ങളും കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി. പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവും അനുസരിച്ച് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും ഓർമിപ്പിച്ചു.

അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ അവസരം ആയിരക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് അപേക്ഷകരുടെ ഒഴുക്കായിരുന്നു. ഇന്നും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. 2 മാസത്തെ സാവകാശം നൽകിയിട്ടും പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ യുഎഇയിൽ തുടരുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. പിടിക്കപ്പെട്ടാൽ അനധികൃത താമസത്തിനുള്ള മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. 

പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും തിരിച്ചുവരാമെന്ന് ജിഡിആർഎഫ്എയിലെ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അബ്ദുല്ല ആതിഖ് പറഞ്ഞു. അതിനാൽ പൊതുമാപ്പ്  പ്രയോനപ്പെടുത്താനുള്ള അവസാന അവസരം പാഴാക്കരുതെന്നും പറഞ്ഞു. പുതിയ ജോലിക്കായി കാത്തിരിക്കരുതെന്നും നാട്ടിലേക്കു പോയി പുതിയ വീസയിൽ  തിരിച്ചെത്താമെന്നും ഓർമിപ്പിച്ചു. 17 വർഷത്തിനിടെ നാലാം തവണയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ലായിരുന്നു ഏറ്റവും ഒടുവിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 3 മാസത്തേക്കു പ്രഖ്യാപിച്ച പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയിരുന്നു. എന്നാൽ ഇത്തവണ പൊതുമാപ്പ് നീട്ടില്ലെന്ന്  അധികൃതർ വ്യക്തമാക്കി.

English Summary:

2-month-long amnesty in the UAE will end today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com