സുഹാർ മലയാളി സംഘം യുവജനോത്സവം നവംബർ 1 മുതൽ
Mail This Article
സുഹാർ ∙ സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഒൻപതാമത് യൂത്ത് ഫെസ്റ്റിവൽ നാളെ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി അംബറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. 'നിള', 'ഗംഗ', 'യമുന', 'കാവേരി' എന്നിങ്ങനെ പേരിലുള്ള നാല് വേദകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ എട്ട് മണിക്ക് പരിപാടി ആരംഭിക്കും.
സുഹാർ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സുഹാർ മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ് അൽ ബലൂഷി, സുഹാർ വിമൻസ് അസോസിയേഷൻ പ്രതിനിധി ഖദിജ മുഹമ്മദ് സാലിഹ് അൽ നോഫ്‌ലി, ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സുഹാർ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ, സാഹിത്യകാരൻ കെ.ആർ.പി. വള്ളികുന്നം, മലയാളി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
എൺപതോളം ഇനങ്ങളിൽ മത്സരം നടക്കും. ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന മുന്നൂറ്റി അൻപതിലധികം മത്സരാർഥികൾ എഴുന്നൂറോളം മത്സരങ്ങളിൽ മാറ്റുരയ്ക്കും. വിപുലമായ യൂത്ത് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സുഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യം.