ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എംബസിയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം എംബസി ലേബർ വിഭാഗം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പുതുക്കിയ പട്ടികയിൽ ഇത്തരം തട്ടിപ്പുകാരായ 18 ഇന്ത്യൻ ഏജൻസികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ 8 ഏജൻസികളും മുംബൈയിലെ 4 ഏജൻസികളും ഈ പട്ടികയിൽ ഉണ്ട്. കുവൈത്തിലെ ജനറൽ ട്രേഡിങ്, കോൺട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്‍റുകൾ, മെഡിക്കൽ, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ മനാർ സ്റ്റാർ കമ്പനി ഫോർ ഡെലിവറിങ് കണ്‍സ്യൂമർ ഓർഡേഴ്‌സ്, ഹുദാസ് സെന്‍റർ ഫോർ ഏർലി ലേണിങ് കമ്പനി ഫോർ മാനേജിങ് നഴസ് എന്നിവയും ഈ പട്ടികയിലുണ്ട്.

പാസ്‌പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക പീഡനം എന്നിവ പോലുള്ള പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കമ്പനികളെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംബസിയിൽ ലഭിക്കുന്ന പരാതികൾ ആദ്യം ബന്ധപ്പെട്ട കമ്പനികളുമായി ചർച്ച ചെയ്യുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ, പരാതികൾ പരിഹരിക്കപ്പെടാതെ വന്നാൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും തൊഴിലാളികളോട് കോടതിയിൽ കേസ് കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.

ഈ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ എംബസി അനുവദിക്കില്ല. ഈ കമ്പനികൾക്ക് തൊഴിലാളി റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ മുഖേന അപേക്ഷിക്കാനുള്ള സംവിധാനത്തിൽ നിന്നും താൽക്കാലികമായി നിരോധിച്ചിരിക്കും. ഒരു കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് വിപുലമായ അന്വേഷണം നടത്താറുണ്ട്. ഈ ബ്ലാക്ക്‌ലിസ്റ്റ് നിന്നും പുറത്തുവരാൻ ആഗ്രഹിക്കുന്ന കമ്പനികൾ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അനുകൂല റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അതിനായി, അവർ മുൻപ് ചെയ്ത തെറ്റുകൾ പൂർണ്ണമായും പരിഹരിക്കണം.

എംബസി പ്രസിദ്ധീകരിച്ച പട്ടിക

English Summary:

Fake Job Offers: 160 Companies and 18 Agencies Banned; Embassy Releases List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com