ADVERTISEMENT

ഫുജൈറ∙ മൂന്ന് പതിറ്റാണ്ടു നീണ്ട അന്വേഷണം; നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ  ഒടുവിൽ കണ്ടുമുട്ടിയപ്പോൾ അവിടെയുണ്ടായത് കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ. 30 വർഷം മുൻപ് സാഹചര്യങ്ങളാൽ വേർപിരിഞ്ഞ രണ്ട് സഹോദരിമാരുടെ പുനരൈക്യത്തിന് സൗകര്യമൊരുക്കാൻ ഫുജൈറ പൊലീസ് ജനറൽ കമാൻഡാണ് മുന്നോട്ടുവന്നത്. മൂത്ത സഹോദരിയെ കണ്ടെത്താനുള്ള നിയോഗം ഇളയസഹോദരിക്കായിരുന്നു.

∙ പരസ്പരം കാണാതെയും അറിയാതെയും മൂന്ന് പതിറ്റാണ്ടുകൾ
ഈജിപ്ഷ്യന്‍ സ്വദേശികളായ സഹോദരിമാരാണ് വീണ്ടും ഒന്നിച്ചത്. വർഷങ്ങൾക്ക് മുൻപ് യുഎഇ പൗരനെ വിവാഹം കഴിച്ച തന്‍റെ മൂത്ത സഹോദരിയെ കാണാൻ അമ്മയ്‌ക്കൊപ്പം ഫുജൈറ ദിബ്ബയിലെത്തിയിരുന്നതായി ഇളയ സഹോദരി ഓർക്കുന്നു. തുടർന്ന്, ഇളയ സഹോദരിയും അമ്മയും അവരുടെ ജന്മദേശമായ ഈജിപ്തിലേക്ക് മടങ്ങി. വൈകാതെ ഇവരുടെ പിതാവ് മരിച്ചു. അതിനുശേഷം അവൾ അമ്മയോടൊപ്പം ഈജിപ്തിലെ മറ്റൊരു നഗരത്തിലേക്ക് മാറി. അധികകാലം കഴിയും മുൻപ് അമ്മയും മരിച്ചു. ഇതോടെ കുടുംബത്തിലുള്ളവരെ ബന്ധപ്പെടുന്നതിന് തന്നെ അപൂർവമായി. 

അതേസമയം, അമ്മയും സഹോദരിയും തന്നെ  സന്ദർശിച്ച് ഏകദേശം അഞ്ച് വർഷത്തിന് ശേഷം താൻ ഭർത്താവിനൊപ്പം ഈജിപ്തിലേക്ക് പോയതായി മൂത്ത സഹോദരി പറഞ്ഞു. ഈ സന്ദർശനത്തിന്‍റെ ഉദ്ദേശ്യം തന്‍റെ കുടുംബത്തെ കാണുകയായിരുന്നു. എന്നാൽ, അവർ താമസസ്ഥലം ഒഴിഞ്ഞുപോയെന്നും പിന്നീട് യാതൊരു ബന്ധവുമില്ലെന്നും പരിചയക്കാരും ബന്ധുക്കളും അറിയിച്ചു. ഇതോടെ ആകെ പ്രതിസന്ധിയിലായി. കുടുംബത്തിന്‍റെ പുതിയ വിലാസം ലഭ്യമാകാത്തതും ദുഃഖം ഇരട്ടിപ്പിച്ചു.  

പിന്നീട് അവർ യുഎഇയിലേക്ക് മടങ്ങി. സഹോദരിയെയും കുടുംബത്തെയും കണ്ടെത്താമെന്ന പ്രതീക്ഷ ഇല്ലാതാവുകയും  ശുഭാപ്തിവിശ്വാസം നശിക്കുകയും ചെയ്തു. എന്നാൽ, ഏറെ കാലത്തിന് ശേഷം അനുജത്തി  ഭർത്താവിനോട് മൂത്ത സഹോദരിയെ കണ്ടെത്താനുള്ള ആഗ്രഹം പങ്കിടുകയും യുഎഇയിലെത്തുകയുമായിരുന്നു. സഹോദരി മുൻപ് താമസിച്ചിരുന്ന ഫുജൈറ ദിബ്ബയിലേയ്ക്കായിരുന്നു യുഎഇയിൽ വിമാനമിറങ്ങിയ ഉടൻ തീരുമാനിച്ചത്. അങ്ങനെയവർ ടാക്സിയിൽ ദിബ്ബയിലെത്തി.  

ദിബ്ബ പൊലീസ് സ്റ്റേഷൻ അധികൃതരോട് തന്‍റെ കഥ വിവരിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ, ദിബ്ബ പൊലീസ് ഉദ്യോഗസ്ഥർക്ക് സഹോദരിയുടെ ഭർത്താവ് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. അതുവഴി, ഏകദേശം മുപ്പത് വർഷമായി വേർപിരിഞ്ഞ രണ്ട് സഹോദരിമാരും വീണ്ടും ഒന്നിച്ചു.  

പ്രിയപ്പെട്ട സഹോദരിയെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്തിക്കൊടുത്ത ഫുജൈറ ദിബ്ബ പൊലീസിനും ഫുജൈറ പൊലീസ് ജനറൽ കമാൻഡിനും ഇരുവരും നന്ദി അറിയിച്ചു. യുഎഇയുടെ പൊലീസ് സേനയിലുള്ള വിശ്വാസമാണ് സഹോദരിയെ കാണാനുള്ള തന്‍റെ ആഗ്രഹം നിറവേറ്റാൻ രാജ്യത്ത് നിന്ന് സഹായം തേടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവർ പറഞ്ഞു.  മാനുഷിക സഹായം നൽകുന്നതിലും താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ ഈജിപ്ഷ്യൻ പൗരന്മാരുടെ സംഗമം യാഥാർഥ്യമാക്കാൻ സഹായകമായതിലും സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പങ്ക് വലുതാണെന്നും അഭിമാനം തോന്നുന്നുവെന്നും ദിബ്ബ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ജനറൽ സെയ്ഫ് റാഷിദ് അൽ സഹ്മി പറഞ്ഞു. 

English Summary:

A three-decade-long investigation; When she finally met her lost sister, the scene was so emotional, it brought tears to the eyes of even those who witnessed it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com