ബയോമെട്രിക് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ളത് ഏഴര ലക്ഷത്തലധികം വിദേശികള്‍
Mail This Article
കുവൈത്ത്‌സിറ്റി ∙ ഡിസംബര്‍ 31 ന് മുമ്പ് ബയോമെട്രിക് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വിദേശികളോട് ആഭ്യന്തര മന്ത്രാലയം വീണ്ടും ആഹ്വാനം നല്‍കി. പുതിയ കണക്കുകള്‍ പ്രകാരം, 30,32,971 പേര്‍ ഇതിനകം ബയോമെട്രിക് നടപടിക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതേസമയം 7,54,852 പേര്‍ ഇതുവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലന്ന് പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ലെഫ്റ്റനന്റ് കേണല്‍ ദാമര്‍ ദഖിന്‍ അല്‍-മുതൈരി വ്യക്തമാക്കി.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ്, പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുള്‍പ്പെടെ നിയുക്ത സ്ഥലങ്ങളില്‍ ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കാം. ഹവല്ലി, ഫര്‍വാനിയ, അഹ്‌മദി, മുബാറക് അല്‍-കബീര്‍, ജഹ്‌റ എന്നിവിടങ്ങളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകളും അലി സബാഹ് അല്‍-സലേം (ഉം അല്‍-ഹെയ്മാന്‍), ജഹ്‌റ എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് പ്രോസസ്സിംഗിനുള്ള പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ വകുപ്പുകളിലും ബയോമെട്രിക്‌സ് ചെയ്യാൻ കഴിയും.
താമസക്കാര്‍ സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ 'മെറ്റ' വഴിയോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. കുവൈത്ത് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ കഴിഞ്ഞു. നടപടികള്‍ സ്വീകരിക്കാത്തവരുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളിലും 'ബ്ലോക്ക്' ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും.