എട്ട് മാസം കൊണ്ട് 10 കടകള്‍, കോഴിക്കോട് നിന്നും കരാമയിലേക്ക് കടന്ന 'ചാ', ദിവസവും 40,000 രൂപവരെ വിറ്റുവരവ്, ആർക്കിടെക്ട് സിബത്തിന്റെ വിജയകഥ
Mail This Article
ഒരു ചായകുടിച്ചാലോ എന്ന നമ്മുടെ തോന്നലാണ് കോഴിക്കോട്ടുകാരനായ സിബത്തിന്റെ 'ചാ' സംരംഭത്തിന്റെ മൂലധനം. നമ്മള്‍ മനസ്സില്‍ കണ്ടത് സിബത്ത് ഗ്ലാസില്‍ കണ്ടു. കോഴിക്കോട് മാങ്കാവില്‍ തുടങ്ങിയ ആദ്യ 'ചാ' യില്‍ നിന്ന് കരാമയിലെ 'ചാ' യിലെത്തി നിൽക്കുന്നു 29 കാരനായ സിബത്തിന്റെ ചായസല്‍ക്കാരം.
ആർക്കിടെക്ടില്‍ നിന്ന് 'ചാ' യിലെ ആതിഥേയനിലേക്ക്
ആർക്കിടെക്ചറാണ് പഠിച്ചത്. എട്ടുവർഷത്തോളം ആർക്കിടെക്ടായി ജോലി ചെയ്തു. ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാന്‍ ചായകുടി പതിവായിരുന്നു. ഒരു ബിസിനസ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്നതും ആ ആശയമായിരുന്നു.
ഉപ്പ ഗഫൂറിന്‍റെ മരണം കോവിഡ് കാലത്തായിരുന്നു. ആർക്കിടെക്ടറ്റായുളള ജോലിയെയും കോവിഡ് ദോഷകരമായി ബാധിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുയർന്ന കാലത്താണ് ചെറിയ മുതല്‍മുടക്കില്‍ ബിസിനസിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. അധികം ചെലവുവരാതെ ഒരു കടയെന്നുളള ആശയത്തിലാണ് ഉമ്മ തായിറയുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങളും ഒപ്പം ചായയും ചേർത്ത് വിളമ്പാന്‍ തീരുമാനിച്ചത്. അങ്ങനെ കോഴിക്കോട് മാങ്കാവില്‍ 'ചാ' തുറന്നു.
ഉമ്മയുടെ കൈപ്പുണ്യം കൈമുതല്‍
ബിസിനസില്‍ മുന്‍പരിചയുണ്ടായിരുന്നില്ല. ചില ആർക്കിടെക്ചറല്‍ സംരംഭങ്ങള്‍ ചെയ്തിരുന്നു. ഉമ്മയുടെ കൈപ്പുണ്യമാണ് 'ചാ' യെന്ന ചായയും പലഹാരവും സംരംഭം തുടങ്ങാന്‍ സിബത്തിന് ആത്മവിശ്വാസം നല്‍കിയത്. വീട്ടിലെത്തുന്ന സുഹൃത്തുക്കള്‍ക്കെല്ലാം ഉമ്മയുണ്ടാക്കുന്ന നാലുമണി വിഭവങ്ങള്‍ ഇഷ്ടമായിരുന്നു. ഒരിക്കല്‍ കഴിച്ചവർ ആ രുചിതേടി 'ചാ' യിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. ആ ആത്മവിശ്വാസമാണ് 'ചാ' യുടെ കൈമുതല്‍. ആദ്യകാലങ്ങളില്‍ ഉമ്മയും സഹോദരി ഷിഫാനയും ചേർന്നാണ് 'ചാ' യിലേക്കുളള വിഭവങ്ങളൊരുക്കിയത്. ഉപ്പയുടെ മരണത്തോടെ മൂകമായിപ്പോയ ഉമ്മയുടെ മനസ്സിന് പുതിയ ചുമതലകള്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. അത് യാഥാർത്ഥ്യമായി. 'ചാ' യില്‍ ഉമ്മ സജീവമായി. ഉമ്മ മനസറിഞ്ഞ് വിഭവങ്ങളൊരുക്കിയപ്പോള്‍, ആ പലഹാരങ്ങളുടെ രുചിയറിഞ്ഞവർ വീണ്ടും വീണ്ടും 'ചാ' യിലേക്ക് എത്തി.ഇതോടെ പാചകത്തിന്‍റെ മേല്‍നോട്ടം ഉമ്മയ്ക്ക് നല്‍കി, സഹായത്തിനായി ജോലിക്കാരെ നിർത്തി.പതുക്കെ പതുക്കെ 'ചാ' വളർന്നു. ഇതോടെ ആർക്കിടെക്ടിന്‍റെ ഉടുപ്പ് താല്‍ക്കാലികമായി അഴിച്ചുവച്ച് സിബത്ത് 'ചാ' യിലെ മുഴുവന്‍ സമയ ആതിഥേയനായി.
എട്ട് മാസം കൊണ്ട് 10 'ചാ' കടകള്‍, ദിവസവും 40,000 രൂപവരെ വിറ്റുവരവ്
മാങ്കാവിലായിരുന്നു 'ചാ' യുടെ തുടക്കം. കോഴിക്കോട് മാങ്കാവിനടത്തുളള 5 കിലോമീറ്റർ ചുറ്റളവില്‍ 8 മാസം കൊണ്ട് സിബത്ത് തുറന്നത് 10 ചാ കടകളാണ്. ഇവിടെ രുചിതേടിയെത്തുന്നവരില്‍ 80 ശതമാനവും സ്ഥിരം കസ്റ്റമേഴ്സാണ്. ഒരിക്കല്‍ രുചിയറിഞ്ഞവർ വീണ്ടും വീണ്ടും 'ചാ' യിലെത്തുമെന്ന് ചുരുക്കം.
ഓരോ കടതുടങ്ങുമ്പോഴും ഡിസൈനെല്ലാം സിബത്തിന്‍റേതുതന്നെയാണ്. ആർക്കിടെക്ചർ രംഗത്തുളള പരിചയം ഗുണം ചെയ്തു. ബഡ്ജറ്റ് ഫ്രണ്ട്ലിയായാണ് ഓരോ കടയും തുടങ്ങിയിട്ടുളളത്. പരമാവധി 3 മുതല്‍ 5 ലക്ഷം രൂപവരെ മാത്രമാണ് ചെലവാക്കിയിട്ടുളളത്. ഓരോ കടയില്‍ നിന്നും ദിവസേന 20,000 രൂപമുതല്‍ 40,000 രൂപവരെയാണ് വിറ്റുവരവ്.
മറ്റെവിടെയും കിട്ടില്ല, 'ചാ' രുചി
'ചാ' യെന്നുളളത് ബ്രാന്‍ഡാക്കി മാറ്റണമെന്നുളളതാണ് സിബത്തിന്‍റെ ആഗ്രഹം. ചായയ്ക്ക് ഉള്‍പ്പടെ എല്ലാ ബ്രാഞ്ചുകളിലും ഒരേ രുചിയാണ് വിളമ്പുന്നത്. ആതാണ് 'ചാ' യുടെ പ്രത്യേകതയും. നാട്ടില്‍ നിന്നും പരിശീലനം പൂർത്തിയാക്കിയാണ് യുഎഇയിലെ 'ചാ' യിലേക്ക് ജോലിക്കാരെത്തിയിട്ടുളളത്.
മലബാർ രുചികള്‍
മലബാറിന്‍റെ മാത്രം പ്രത്യേകതയുളള ചായക്കടികള്‍ 'ചാ' യില്‍ ലഭ്യമാകും.കോഴിക്കോടിന്‍റെയും കുറ്റിച്ചിറയുടെയും മാത്രമല്ല, കേരളത്തിലെ പതിനാല് ജില്ലകളിലെയും 65 ഓളം പലഹാരങ്ങള്‍ 'ചാ' യിലെ തീന്‍മേശമേല്‍ നിറയും. ഇതിനൊപ്പം റഷ്യന്‍ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പലഹാരങ്ങളുമായി ചേര്‍ത്ത് തയാറാക്കുന്ന ഫ്യൂഷന്‍ പലഹാരങ്ങളും ലഭ്യമാകും. അധികം വൈകാതെ ഷാർജയിലും അജ്മാനിലും 'ചാ' തുടങ്ങും. വ്യാപാര ഗ്രൂപ്പായ എസ് ആൻഡ് സി യുമായി സഹകരിച്ചാണ് 'ചാ' യുഎഇയില്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
'ചാ' കടകള്‍ മൂന്ന് വിധം,
'ചാ ഗല്ലി', 'ചാ പ്രീമിയം' , 'ചാ എക്സ്പ്രസ്' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് 'ചാ' കടകള്‍ പ്രവർത്തിക്കുക. ഗല്ലികളില്‍ തനത് കേരള വിഭവങ്ങളും, എക്സ്പ്രസിൽ ഇന്തോ- അറബിക് പലഹാരങ്ങളും പ്രീമിയത്തില്‍ ആഗോള രുചിയുമാണ് വിളമ്പുക.
ചായയ്ക്കും ആപ്പ്
'ചാ' യെന്നുളളത് ആഗോള ബ്രാന്‍ഡായി വളരണം, അതാണ് സ്വപ്നം. അതോടൊപ്പം നമുക്ക് ഇഷ്ടപ്പെട്ട ചായ നമുക്ക് തന്നെ ഉണ്ടാക്കാനൊരു ആപ്പുണ്ടാക്കിയാലോ, ആ ചിന്തയിലാണ് ഇപ്പോള്‍ സിബത്ത്. റോബോട്ടിക് ടീയെന്നുളള ആശയത്തിലേക്ക് നടക്കുകയാണ് ഈ ചെറുപ്പക്കാരന്‍.