അവിസ്മരണീയ ദൃശ്യവിരുന്നുമായി സായിദ് ഫെസ്റ്റിവലിന് തുടക്കം; ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ
Mail This Article
അബുദാബി ∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് അബുദാബിയിൽ പ്രൗഢോജ്വല തുടക്കം. മൂവായിരത്തിലേറെ ഡ്രോണുകൾ അബുദാബി അൽവത്ബയുടെ ആകാശത്ത് അണിനിരന്ന് യുഎഇയുടെ ചരിത്രവും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഛായാചിത്രവും വരച്ചപ്പോൾ ഉദ്ഘാടന ദിവസമെത്തിലെത്തിയെ സന്ദർശകർക്ക് അവിസ്മരണീയ ദൃശ്യവിരുന്നായി. ഡ്രോൺ ഷോയാണ് ഫെസ്റ്റിവലിന് മികച്ച തുടക്കം സമ്മാനിച്ചത്. കൂടാതെ ഉത്സവകേന്ദ്രത്തിന്റെ മധ്യഭാഗത്തായി സ്ഥാപിച്ച എമിറേറ്റ്സ് ഫൗണ്ടനിൽനിന്നുള്ള ലേസർ ഷോയും ഉണ്ടായിരുന്നു.
ഉദ്ഘാടനത്തോടുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. യുഎഇയുടെ പരമ്പരാഗത നാടോടി നൃത്തങ്ങൾ, അബുദാബി പൊലീസിന്റെ ബാൻഡ് വാദ്യം, ഓപ്പൺ സർക്കസ്, രാജ്യാന്തര കലാപരിപാടികൾ എന്നിവ ഉദ്ഘാടന ദിനത്തെ സവിശേഷമാക്കി. വെടിക്കെട്ടായിരുന്നു മറ്റൊരു ആകർഷണം.
∙ നിറയെ പുതുമ
അൽവത്ബ ഫ്ലോട്ടിങ് മാർക്കറ്റ്, ഹെലികോപ്റ്റർ സവാരി, മ്യൂസിക്കൽ ഫൗണ്ടൻ, അപൂർവ ബ്രീഡ്സ് സാങ്ച്വറി തുടങ്ങി പുതുതായി ഒട്ടേറെ ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
∙ പൈതൃക ഗ്രാമം
പർവതം, കാർഷികം, സമുദ്രം, മരുഭൂമി എന്നിവ അടിസ്ഥാനമാക്കി ഒരുക്കിയ ഹെറിറ്റേജ് വില്ലേജിൽ യുഎഇയുടെ പരമ്പരാഗത ജീവിതം, ആചാരങ്ങൾ, മൂല്യങ്ങൾ എന്നിവ അടുത്തറിയാം. നെയ്ത്ത്, എംബ്രോയിഡറി, കളിമൺപാത്ര നിർമാണം, കരകൗശല വസ്തുക്കളുടെ നിർമാണം, മൽസ്യബന്ധനത്തിനുള്ള ബോട്ട്, വല നിർമാണം എന്നിവയും പൈതൃക ഗ്രാമത്തിൽ നേരിട്ടറിയാം.
∙ രാജ്യങ്ങൾ ഒരു കുടക്കീഴിൽ
വിവിധ രാജ്യങ്ങളുടെ കല, സംസ്കാരം, ജീവിത രീതി, ഭക്ഷണം എന്നിവയെല്ലാം അടുത്തറിയാൻ വ്യത്യസ്ത പവിലിയനുകളിൽ എത്തിയാൽ മതി. ഓരോ രാജ്യത്തിന്റെയും സ്മരണ നിലനിർത്തുന്ന ഉൽപന്നങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. രാജ്യാന്തര രുചിപ്പെരുമ ആസ്വദിക്കുന്നവരുടെ തിരക്ക് ഭക്ഷ്യമേഖലയിൽ കാണാമായിരുന്നു.
∙ അമ്യൂസ്മെന്റ് പാർക്ക്
കുട്ടികൾക്കും മുതിർന്നവർക്കും ആവേശകരമായ അനുഭവങ്ങളും ഗെയിമുകളും സാഹസികതകയും വാഗ്ദാനം ചെയ്യുന്ന അമ്യൂസ്മെന്റ് പാർക്കിലായിരുന്നു കൂടുതൽ തിരക്ക്. ഗെയിമുകൾ, ഷോകൾ, വിദ്യാഭ്യാസ ശിൽപശാലകൾ, ആനിമേറ്റഡ് കഥാപാത്രങ്ങൾ എന്നിവ ആസ്വദിക്കുന്ന തിരക്കിലായിരുന്നു കുട്ടികൾ. കഴിവുകൾ പരിപോഷിപ്പിക്കാനുതകുന്ന മത്സരങ്ങളുമുണ്ടായിരുന്നു.
∙ സമയം
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 12 വരെയും ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ പുലർച്ചെ ഒന്നുവരെയുമാണ് പ്രവേശനം.