സൗദി അറേബ്യയിൽ വ്യാപക പരിശോധന; 21,370 അനധികൃത താമസക്കാരെ പിടികൂടി
Mail This Article
റിയാദ്∙ കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യാപക പരിശോധനയിൽ 21,370 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 24 മുതൽ 30 വരെ നടന്ന സംയുക്ത പരിശോധനയിൽ 12,274 പേർ താമസ നിയമം ലംഘിച്ചതിനും 5,684 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനും 3,412 പേർ തൊഴിൽ നിയമം ലംഘിച്ചതിനുമായി പിടിക്കപ്പെട്ടു.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 1,492 പേരെയും പിടികൂടി. ഇവരിൽ 35% യെമനി പൗരന്മാരും 61% എത്യോപ്യൻ പൗരന്മാരും 4% മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകരെ കടത്തിക്കൊണ്ടുവന്ന് സഹായിച്ച 15 പേരെയും അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട 17,543 പ്രവാസികളിൽ 15,317 പുരുഷന്മാരും 2,226 സ്ത്രീകളുമാണ്. ഇവർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായി ആളുകളെ കടത്തുന്നവർക്ക് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയം നൽകി. വാഹനങ്ങളും വീടുകളും കണ്ടുകെട്ടും.മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യയിൽ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.