സ്പെയിനിലെ പ്രളയം: ഭൂഗർഭ കാർ പാർക്കിങ് വെള്ളത്തിനടിയിലായി; രാജാവിനെയും രാജ്ഞിയെയും ആക്രമിച്ച് ജനക്കൂട്ടം
Mail This Article
വലെൻസിയ∙ സ്പെയിനിലെ പ്രളയത്തിൽ വലെൻസിയയിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്‍ററിലെ ഭൂഗർഭ കാർ പാർക്ക് വെള്ളത്തിനടിയിലായതിനെത്തുടർന്ന് നൂറുകണക്കിന് പേർ മരിച്ചു. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുന്ന വലെൻസിയയിലേക്ക് തിരച്ചിലിൽ സഹായിക്കുന്നതിനായി 10,000 ത്തോളം സൈനികരെയും പൊലീസിനെയും മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. മരണസംഖ്യ 200-ലധികമായി ഉയർന്നു. 2,000 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോണയർ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ രക്ഷാപ്രവർത്തനത്തിന് സ്പെഷ്യലിസ്റ്റ് സ്കൂബ ഡൈവർമാരുടെ ഒരു ടീമിനെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് നിലകളുള്ള കാർ പാർക്കിൽ നിന്ന് മലിനജലം പമ്പ് ചെയ്യുന്നതിനിടയിൽ അവരെ സഹായിക്കാൻ എമർജൻസി ടീമുകൾ ബോട്ടുകളും റോബോട്ടുകളും മുങ്ങൽ വിദഗ്‌ധരെയും ഉപയോഗിക്കുന്നു.
അതേസമയം, വലെൻസിയയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ സ്പെയിൻ രാജാവ് ഫെലിപ്പെയെയും രാജ്ഞി ലെറ്റിസിയയെയും ഒരു സംഘം ആളുകൾ ആക്രമിച്ചു. ചെളി നിറഞ്ഞ തെരുവുകൾ സന്ദർശിക്കവെയാണ് ആക്രമണം ഉണ്ടായത്. ചെളിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് എറിഞ്ഞാണ് അക്രമികൾ രാജാവിനെയും രാജ്ഞിയെയും ആക്രമിച്ചത്. വെള്ളപ്പൊക്കത്തിൽ മരിച്ച ആളുകളുടെ എണ്ണം സർക്കാർ കുറച്ചുകാണുന്നുവെന്ന് ഒരു രക്ഷാപ്രവർത്തകൻ ആരോപിച്ചു.
സ്പാനിഷ് തീരത്തെ മറ്റ് ഹോളിഡേ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് വെള്ളപ്പൊക്കം വ്യാപിച്ചതായി വാർത്തകൾ പുറത്തുവന്നു. ഈ ആഴ്ച ആദ്യം ഉണ്ടായ വെള്ളപ്പൊക്കം മുതൽ കിഴക്കൻ സ്പെയിനിലുടനീളം വ്യാപക നാശത്തിന് കാരണമായിട്ടുണ്ട്. , ദുരന്തത്തോടുള്ള സ്പാനിഷ് അധികാരികളുടെ പ്രതികരണം വളരെ മന്ദഗതിയിലാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
‘‘ഞങ്ങൾ മൃതശരീരങ്ങളുടെ കണക്ക് എടുക്കയാണ്. ആറ് മണിക്കൂറിനുള്ളിൽ 80 മൃതദേഹങ്ങൾ ലഭിച്ചു’’ റിക്കവറി ഓപ്പറേഷൻ ടീമിലെ ജുഡീഷ്യൽ വിദഗ്ധയായ രക്ഷാപ്രവർത്തക ക്രിസ്റ്റീന വാന വെളിപ്പെടുത്തി.