വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിംപിക്സ് മെമറിയാഡ് 7 മുതൽ
Mail This Article
ഷാർജ ∙ വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിംപിക്സ് ”മെമറിയാഡ് 2024' ഈ മാസം 7 മുതൽ 9 വരെ ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളജിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗണിത ശാസ്ത്രത്തിൽ അസാധാരണമായ മികവും ഓർമ ശക്തിയും ഉള്ള 35 രാജ്യങ്ങളിൽ നിന്നുള്ള 5 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള ഇരുനൂറോളം പ്രതിഭകളാണ് പങ്കെടുക്കുക. ഗണിത ശാസ്ത്ര നൈപുണ്യവും ഓർമ ശക്തിയും പരീക്ഷിക്കുന്ന പന്ത്രണ്ട് വിഭാഗങ്ങളിലായിരിക്കും മൽസരം.
മെന്റൽ സ്പോർട്സ് ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ഔദ്യോഗിക സ്വദേശി മെൻ്റൽ സ്‌പോർട്‌സ് ടീം യുഎഇയെ പ്രതിനിധീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 40 അംഗ യു എ ഇ ടീമിൽ നാല് പ്രതിഭാധനരായ ഇമറാത്തികളും ഉൾപ്പെടുന്നു. മൂന്ന് മലയാളികളടക്കം ഇന്ത്യയിൽ നിന്ന് 50 പേർ പങ്കെടുക്കും. അകെ 30,000 ഡോളറിന്റെ സമ്മാനങ്ങൾ നൽകും. ഓരോ വിഭാഗത്തിലും ഒളിംപിക് ചാംപ്യൻമാർക്ക് 1000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 500 ഡോളറും സമ്മാനം ലഭിക്കും.
2008 മുതലാണ് നാലുവർഷത്തെ ഇടവേളയിൽ മെന്റൽ സ്പോർട്സ് ഒളിംപിക്‌സിന് തുടക്കമിട്ടത്. കോവിഡ്19 കാരണം കഴിഞ്ഞതവണ ഒളിംപിക്സ് സംഘടിപ്പിക്കാൻ സാധിച്ചില്ല. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിംപിക്സ് നടക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ”മെമ്മോറിയാഡ് 2024' മെന്റൽ സ്പോർട്സ് ഫെഡറേഷൻ ചെയർ പേഴ്സണും സ്പാർക്ലർ മൈൻഡ്സ് സ്ഥാപകയുമായ ഷേർലി ജേക്കബ് പറഞ്ഞു.
യുഎഇയിലെ പ്രമുഖ എജ്യൂ-ടെക് കമ്പനികളിലൊന്നായ സ്പാർക്ക്ലർ മൈൻഡ്‌സ് ആണ് മെമറിയഡ് 2024 സംഘടിപ്പിക്കുന്നത്. ഈ വർഷം യുഎഇയിലെ 120 സ്കൂളുകളിലായി 10 റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടത്തിയെന്നും അസാമാന്യമായ ഓർമശക്തിയും ഗണിത ശാസ്ത്ര മികവുമുള്ള 40 പ്രതിഭകൾ അടങ്ങിയ യു.എ.ഇ ടീമിന് രൂപം നൽകാൻ സാധിച്ചുവെന്നും സ്പാർക്ക്ലർ മൈൻഡ്‌സ് സിഇഒയും മെമറിയഡ് 2024 ൻ്റെ ബ്രാൻഡ് അംബാസഡറുമായ ക്രിസ് ജേക്കബ് പറഞ്ഞു. സ്കൈലൈൻ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർമാരായ ഡോ.ദീപക് കൽറ, ഡോ. നസീം ആബിദി, മതെല്ലൊ ജീനിയസ് ആഗോള വിദ്യാഭ്യാസ ഡയറക്ടർ ശ്രീനിവാസ് അയ്യങ്കാർ, സ്പാർക്ലർ മൈൻഡ്സ് ചെയർ പേഴ്സൺ ജേക്കബ് സക്കറിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.