'മൈ ക്ലീൻ വെഹിക്കിൾ' ക്യാംപെയ്നുമായി അബുദാബി; ഉടമകൾക്ക് മുന്നറിയിപ്പ് നൽകി
Mail This Article
അബുദാബി ∙ അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. അഞ്ച് ദിവസത്തെ 'മൈ ക്ലീൻ വെഹിക്കിൾ' ക്യാംപെയ്നിൽ അബുദാബി അധികൃതർ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. കാറുകൾ ഉപേക്ഷിക്കുന്നത് 3,000 ദിർഹം പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. വാഹനങ്ങൾ ഉപേക്ഷിക്കുകയോ പൊടിയിൽ മൂടുകയോ ചെയ്യരുതെന്ന് നിർദേശിച്ച അധികൃതർ നഗരത്തിൻ്റെ സൗന്ദര്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഉടമകളെ ബോധവൽക്കരിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ സംസ്‌കാരം വളർത്തിയെടുക്കാനും നിഷേധാത്മകമായ പെരുമാറ്റങ്ങളും ശീലങ്ങളും ഒഴിവാക്കാൻ സമൂഹത്തിൽ അവബോധം വളർത്താനും ക്യാംപെയ്ൻ ലക്ഷ്യമിട്ടു. അയൽപക്കങ്ങളുടെയും പാർപ്പിട പ്രദേശങ്ങളുടെയും സൗന്ദര്യം വർധിപ്പിക്കുന്നതിനെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം സംരക്ഷിക്കുന്നതിനെക്കുറിച്ചും ക്യാംപെയ്ൻ പ്രചാരണം നടത്തി.