സൗദിയിൽ കൃഷിത്തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും വേതനത്തോടു കൂടിയ അവധി; ഒട്ടേറെ ആനുകൂല്യങ്ങൾ
Mail This Article
ജിദ്ദ ∙ സൗദിയില്‍ കൃഷിത്തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും വേതനത്തോടു കൂടിയ അവധി നടപ്പാക്കും. ഇതുസംബന്ധിച്ചുള്ള നിയമാവലിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നൽകി. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടി കരടു നിയാമവലി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.
കൃഷിത്തൊഴിലാളികളുടെയും ഇടയന്മാരുടെയും തൊഴില്‍ സഹചര്യം മെച്ചപ്പെടുത്താനും തൊഴില്‍ മാറ്റം ക്രമീകരിക്കാനും സുരക്ഷിതവും അനുയോജ്യവുമായ തൊഴില്‍ സാഹചര്യം നല്‍കാനുമാണ് നീക്കം. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വേതനത്തോടു കൂടിയ, 30 ദിവസത്തില്‍ കുറയാത്ത അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ട്. ഈ അവധി തൊഴിലാളി ഉപയോഗിച്ചിട്ടില്ലെങ്കിൽ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുമ്പോള്‍ അവധിക്കാല വേതനത്തിന് തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും.
വര്‍ഷത്തിലൊരിക്കല്‍ അര്‍ഹതപ്പെട്ട അവധി ചെലവഴിക്കാന്‍ സ്വദേശത്തേക്ക് പോകാന്‍ റിട്ടേണ്‍ ടിക്കറ്റ് ലഭിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്ന തൊഴിലാളിക്ക് വണ്‍വേ ടിക്കറ്റിനാണ് അവകാശമുള്ളത്. എന്നാല്‍ അവധിക്കാലം സൗദി അറേബ്യക്കകത്തു തന്നെ ചെലവഴിച്ചാൽ ടിക്കറ്റിനോ ടിക്കറ്റിനു പകരം നഷ്ടപരിഹാരത്തുകയ്‌ക്കോ തൊഴിലാളിക്ക് അവകാശമുണ്ടാകില്ല.
വര്‍ഷത്തില്‍ 30 ദിവസത്തെ രോഗാവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്. അംഗീകൃത ആശുപത്രി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗാവധി ഒന്നിച്ചോ പലതവണയായോ പ്രയോജനപ്പെടുത്താം. രോഗാവധിയില്‍ ആദ്യത്തെ പതിനഞ്ചു ദിവസത്തിന് പൂര്‍ണ വേതനവും പിന്നീടുള്ള പതിനഞ്ചു ദിവസത്തിന് പകുതി വേതനവും ലഭിക്കും.
രോഗം 30 ദിവസത്തില്‍ കൂടുതല്‍ തുടരുന്ന പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് തൊഴിലാളിയെ സ്വദേശത്തേക്ക് തിരിച്ചയക്കാം. ഇത്തരം സാഹചര്യങ്ങളില്‍ മടക്കയാത്രാ ടിക്കറ്റ് തൊഴിലുടമയാണ് വഹിക്കേണ്ടത്. തൊഴിലാളിയുടെ നിയമാനുസൃതമായ മുഴുവന്‍ അവകാശങ്ങളും തീര്‍ര്‍ത്ത് നല്‍കുകയും വേണം. നിയമാനുസൃത രോഗാവധി തീരുന്നതിനു മുമ്പായി രോഗ കാരണം പറഞ്ഞ് തൊഴിലാളിയെ പിരിച്ചുവിടാൻ പാടില്ല.