മരുഭൂമിയിൽ കല്യാണിയുടെ നീലക്കുറിഞ്ഞികൾ പൂക്കുന്നു
Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിലൂടെ എഴുത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിച്ച മലയാളി വനിതകളിൽ ഒരാളാണ് സന്ധ്യ. നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ എന്ന കഥാസമാഹാരവുമായാണ് കല്യാണിയുടെ വരവ്. എഴുത്തിന്റെ ലോകത്തേക്ക് ഒരു നിമിത്തം പോലെ കടന്നു വന്നവളാണ് താനെന്നാണ് ഇതേക്കുറിച്ച് കഥാകൃത്ത് സന്ധ്യാ രഘുകുമാർ എന്ന കല്യാണി പറയുന്നു.
ഒരു സ്ത്രീ സ്വയം വിചാരിച്ചാൽ അല്ലാതെ അവളെ തോൽപ്പിക്കാൻ ഈ ഭൂമിയിൽ ഒരു ശക്തിക്കും സാധിക്കില്ല. എന്നിലെ എന്നെ തിരിച്ചറിഞ്ഞ്, എന്റെ സ്വത്വത്തിൽ ഉറച്ചു നിന്ന്, ഞാൻ കോറിയിട്ട വരികൾ. കരളിൽ വീണ കനൽ ചാരം മൂടുന്നതിനു മുൻപ് ജ്വാല അണയുന്നതിന് മുൻപ് വാക്കുകളായി വരികളായി ഞാൻ പ്രസവിച്ച എന്റെ അക്ഷര കുഞ്ഞുങ്ങളെയാണ് പുസ്തകരൂപത്തിൽ വായനക്കാർക്ക് സമർപ്പിച്ചിരിക്കുന്നത്. ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതും എനിക്ക് ചുറ്റും സംഭവിക്കുന്നതുമായ കാര്യങ്ങൾ കഥകളായി. സാധാരണക്കാരിയുടെ കഥകളാണിത്. ഏകാന്തത ഭീകരമാണ് എന്ന് പറഞ്ഞ ഒരുവളെക്കൊണ്ട് അത് മനോഹരമാണ് എന്ന് പറയിക്കുവാൻ സാധിച്ചുവെങ്കിൽ അത് എഴുത്തിന്റെ ശക്തി ഒന്നു മാത്രമെന്ന് വിശ്വസിക്കുന്നു. ചിതറിക്കിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ പോലെ, ചിന്തയിൽ ചിതറിക്കിടന്ന വാക്കുകളും വരികളും കോർത്തെടുത്ത 16 കഥകൾ അടങ്ങിയ കഥാസമാഹാരമാണ് നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ.
കല്യാണി എന്ന പേരിലാണ് ഞാൻ എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. എന്നെ കഥകളുടെ കാമനകളിലേയ്ക്ക് കൈപിടിച്ചു നടത്തിയ, എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടുനിന്ന, പെൺകുട്ടികൾ ഒരിടത്തും മാറ്റിനിർത്തപ്പെട്ടവരല്ലെന്നും, അവർ പഠിച്ചും, ഇഷ്ടമുള്ള വസ്ത്രം ധരിച്ചും,ഇഷ്ടമുള്ള ആഹാരം കഴിച്ചും, ഒരുപാട് യാത്രകൾ ചെയ്തും സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നുമുള്ള ധൈര്യം കുഞ്ഞുനാളിൽ തന്നെഎനിക്ക് പകർന്നു തന്ന എന്റെ മുത്തശ്ശി, എന്റെ റോൾ മോഡലാണ് കല്യാണി. 16 വ്യത്യസ്തങ്ങളായ കഥകളാണ് സമാഹാരത്തിലുള്ളത്. ഈ മാസം 10ന് രാവിലെ 11.15ന് പുസ്തകമേള ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം.