ജിസിസിയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ഇനി റിയാദിൽ
Mail This Article
റിയാദ് ∙ മിഡിൽ ഈസ്റ്റിലെയും ജിസിസിയിലെയും ഏറ്റവും വലിപ്പമേറിയ അത്യാധുനിക ഫിലിം സ്റ്റുഡിയോയായ 'അൽ ഹോസ്ൻ ബിഗ് ടൈം സ്റ്റുഡിയോ' റിയാദിൽ പ്രവർത്തനം ആരംഭിച്ചു. ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ആണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
120 ദിവസങ്ങൾ കൊണ്ട് നിർമിതമായ ഈ സ്റ്റുഡിയോ സമുച്ചയത്തിൽ 10,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 7 സ്റ്റുഡിയോ കെട്ടിടങ്ങൾ ഉൾപ്പെടുന്നു. മൊത്തം പ്രോജക്റ്റ് ഏരിയ മൂന്ന് ലക്ഷം ചതുരശ്ര മീറ്ററാണ്.
വിഐപികൾക്കായുള്ള ആഡംബര സ്യൂട്ടുകൾ, ഫിലിം പ്രൊഡക്ഷൻ ഓഫിസുകൾ, എഡിറ്റിങ് റൂമുകൾ, ആശാരിപ്പണികൾ, ലോഹപ്പണികൾ, ഫാഷൻ ടൈലറിങ് വർക്ക്ഷോപ്പുകൾ എന്നിവയുള്ള ഒരു പ്രൊഡക്ഷൻ വില്ലേജും ഇവിടെ ഉൾപ്പെടുന്നു. ഇത് സിനിമ, ടെലിവിഷൻ നിർമ്മാണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്നു.
ഈ സ്റ്റുഡിയോ സമയവും ചെലവും ലാഭിക്കുന്നതിനും രാജ്യാന്തര നിലവാരത്തിലുള്ള നിർമാണ സൗകര്യങ്ങൾ നൽകുന്നതിനും സഹായിക്കും. പ്രാദേശികമായും ഗൾഫ് മേഖലയിലുടനീളം ചലച്ചിത്ര, ടെലിവിഷൻ നിർമാണ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകിക്കൊണ്ട് പ്രൊഡക്ഷൻ കമ്പനികളെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക, ബാങ്കിങ് മേഖലയ്ക്കുള്ള തന്ത്രപരമായ അവസരമാണ് സ്റ്റുഡിയോകൾ പ്രതിനിധീകരിക്കുന്നത്. ഇത് രാജ്യത്തെ നിർമാണ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ വർധിപ്പിക്കുകയും ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.