അഡിപെക്കിൽ പാനൽ ചർച്ച; 10 വർഷത്തിനകം എണ്ണവില വീണ്ടും ഉയരും
Mail This Article
അബുദാബി ∙ വികസ്വര രാജ്യങ്ങളിലെ വർധിച്ച ഉപഭോഗംമൂലം 10 വർഷത്തിനകം ആഗോള എണ്ണ ആവശ്യകതയും വിലയും ഉയരുമെന്ന് വിറ്റോൾ ചീഫ് എക്സിക്യൂട്ടീവ് റസ്സൽ ഹാർഡി പറഞ്ഞു. അബുദാബി ഇന്റർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (അഡിപെക്) പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 5 വർഷം മുൻപ് പറഞ്ഞ അതേ കാര്യം ആവർത്തിക്കേണ്ടിവരുന്നത് ലോകത്ത് എണ്ണ ഉപയോഗത്തിന്റെ വർധനയാണ് ചൂണ്ടിക്കാട്ടുന്നതെന്നും സൂചിപ്പിച്ചു.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) രാജ്യങ്ങൾ ബദൽ ഗതാഗത രൂപങ്ങളിലേക്കുള്ള മാറ്റത്തിന്റെ വേഗത അനുസരിച്ചായിരിക്കും ലോകത്തെ എണ്ണ ആവശ്യകതയുടെ വ്യാപ്തി നിർണയിക്കുകയെന്നും പറഞ്ഞു. ഡീസൽ, ഗ്യാസോലിൻ തുടങ്ങിയ ഇന്ധനങ്ങളുടെ ആവശ്യം ചില വിപണികളിൽ പ്രത്യേകിച്ച് ചൈനയിൽ വർധിച്ചുവരികയാണെന്ന് ചരക്കു വ്യാപാര സ്ഥാപനമായ ഗൺവോർ മേധാവി ടോർബ്ജോൺ ടോൺക്വിസ്റ്റ് പറഞ്ഞു. ഇതര ഊർജസ്രോതസ്സുകൾക്ക് ആവശ്യക്കാർ കൂടുതലുണ്ടെങ്കിലും എണ്ണയ്ക്ക് ഡിമാൻഡ് കുറഞ്ഞുവെന്ന് അർഥമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.
2030ഓടെ എണ്ണ, കൽക്കരി, വാതകം എന്നിവയുടെ ആവശ്യം ഉയരുമെന്ന് രാജ്യാന്തര ഊർജ ഏജൻസിയും പ്രവചിക്കുന്നു. എന്നാൽ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എതിർ നിലപാട് സ്വീകരിച്ചതോടെ എണ്ണ ആവശ്യകതയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ മേളയിൽ സജീവമാക്കി. ദീർഘകാലാടിസ്ഥാനത്തിൽ ക്രൂഡ് ഓയിലിന് വിപണി ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് പറഞ്ഞു.