ADVERTISEMENT

അബുദാബി ∙ റിക്രൂട്ടിങ് തട്ടിപ്പിനിരയായി ദുരിതമനുഭവിച്ച 2 മലയാളി വനിതകൾ ഏജന്റിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട്, നാട്ടിലെത്താൻ വഴി തേടുന്നു. മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് ഏജന്റ് അജ്മാനിൽ എത്തിച്ച പാലാ, പെരുമ്പാവൂർ സ്വദേശിനികളെ ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. 

വീട്ടുജോലിക്കാരെ നൽകുന്ന മാൻപവർ സപ്ലൈ കമ്പനി നടത്തിപ്പുകാരായ സുജ, സന്തോഷ് എന്നിവരാണ് ഇവരെ തടവിൽ പാർപ്പിച്ചിരുന്നത്. ഇരുവരും ധരിച്ച വസ്ത്രം മാത്രം കരുതി, ആരും കാണാതെ ഓടിരക്ഷപ്പെടുകയായിരുന്നു. പാസ്പോർട്ടും സർട്ടിഫിക്കറ്റും സംഘത്തിന്റെ പക്കലായതിനാൽ നാട്ടിലേക്കു മടങ്ങാൻ സാധിക്കുന്നില്ല. തൽക്കാലം മറ്റൊരു സ്ഥലത്ത് അഭയം തേടിയ ഇവരെ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തക ലൈല അബൂബക്കർ.

Representative Image. Photo credit : vectorfusionart/ Shutterstock.com
Representative Image. Photo credit : vectorfusionart/ Shutterstock.com

 ∙ നാട്ടിൽ നഴ്സ്, ഗൾഫിൽ ദുരിതം
തൃശൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന 25കാരി കുടുംബത്തിന്റെ കടം തീർക്കാനാണ് വിദേശജോലിക്കു ശ്രമിച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന തുഷാര എന്ന നഴ്സ് എറണാകുളത്തുള്ള ഏജന്റ് ജോയിയെ പരിചയപ്പെടുത്തി. തുഷാര 15,000 രൂപ ഈടാക്കിയിരുന്നു. ഹോം നഴ്സാണ് ജോലിയെന്നും സൗജന്യ താമസത്തിനും ഭക്ഷണത്തിനും പുറമേ 2500 ദിർഹം ശമ്പളം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.

അജ്മാനിലെ താമസസ്ഥലത്ത് എത്തിയപ്പോൾ 1800 ദിർഹമേ നൽകൂവെന്നായി. കുടുംബ പ്രാരാബ്ധം മൂലം അതു സമ്മതിച്ചു. സ്വദേശിയുടെ വീട്ടിൽ പ്രായമായ സ്ത്രീയെ നോക്കുകയായിരുന്നു ജോലി. രണ്ടര മാസമായപ്പോഴേക്കും അവർ മരിച്ചതോടെ ജോലി തീർന്ന് കമ്പനി താമസ സ്ഥലത്തു തിരിച്ചെത്തി. മറ്റൊരു ജോലി തരപ്പെടുത്തി തന്നില്ലെങ്കിൽ നാട്ടിലേക്കി തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മോശമായി ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നുവെന്ന് ബിഎസ്‌സി ബിരുദധാരി പറഞ്ഞു. അവിവാഹിതയായ യുവതി ഇതിനെ ചോദ്യം ചെയ്തതോടെ കള്ളക്കേസിൽ കരിമ്പട്ടികയിൽ പെടുത്തി ജയിലിലാക്കുമെന്നായിരുന്നു ഭീഷണി. തിരിച്ചയയ്ക്കണമെങ്കിൽ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

domestic-worker
Representative Image. Image Credit: Bojani/iStock.com

 ∙ സ്വകാര്യത പോലുമില്ലാതെ
ഭർത്താവും 2 മക്കളുടെ അമ്മയുമായ പെരുമ്പാവൂർ സ്വദേശിനിക്ക് ക്ലീനിങ് ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ആൻസി എന്ന യുവതിയാണ് ഇവർക്ക് ഏജന്റ് ജോയിയെ പരിചയപ്പെടുത്തിയത്. താമസം, ഭക്ഷണം, വൈഫൈ എന്നിവയ്ക്കു പുറമേ 1200 ദിർഹം ശമ്പളമായിരുന്നു 29കാരിക്കു വാഗ്ദാനം ചെയ്തത്. സന്ദർശക വീസയിൽ ഇവിടെ എത്തിച്ച് ഒരു മാസത്തിലേറെയായിട്ടും ജോലി നൽകിയില്ല. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുറച്ചകലെയുള്ള ഇവരുടെ ഓഫിസിൽ കൊണ്ടു ചെന്ന് ഇരുത്തും. ജോലിക്കാരെ ആവശ്യപ്പെട്ട് വരുന്നവരെ കാണിക്കുമെങ്കിലും തൊഴിൽ കിട്ടിയില്ല. പിന്നീട് റൂമിലെത്തിച്ച് പൂട്ടിയിടും. 3 നേരവും കുറേശെ ഭക്ഷണം തരും. ബാഗും ഫോണുമെല്ലാം പരിശോധിക്കും. നിറയെ ക്യാമറ ഘടിപ്പിച്ച റൂമിൽ സ്വകാര്യത സംരക്ഷിക്കാനാവില്ലെന്നും കുളിമുറിയിലേക്കു വരെ ക്യാമറ തിരിച്ചുവച്ച് സദാസമയം സന്തോഷ് ക്യാമറയിൽ നോക്കിയിരിക്കുമെന്നും ആരോപിച്ചു.

 ∙ തടവിൽ ഇനിയും സ്ത്രീകൾ
ഇത്യോപ്യക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി എന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഈ മുറിയിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട 8 മലയാളി വനിതകൾ കൂടിയുണ്ടെന്നും ഇവർ പറയുന്നു. ഇവർ പലയിടങ്ങളിലും പോയി ജോലി ചെയ്തുവരുന്നുണ്ടെങ്കിലും ശമ്പളം ഏജന്റാണ് കൈപ്പറ്റുന്നതെന്നും അറിയുന്നു. നേരത്തെ ഇവിടെനിന്ന് രക്ഷപ്പെട്ട മറ്റൊരു യുവതിയുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് ചാടിരക്ഷപ്പെടാൻ ഇവർക്കു ധൈര്യമായത്. നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് പാസ്പോർട്ടും സർട്ടിഫിക്കറ്റും രേഖകളും വീണ്ടെടുത്ത് നാട്ടിലേക്കു അയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

English Summary:

2 Malayali Women Escape from the Agent's Clutches and Seek a Way to Reach Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com