കുവൈത്തിൽ വ്യാജ വീസ; 7 പേർ പിടിയിൽ
Mail This Article
കുവൈത്ത് സിറ്റി∙ വീസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ഗുരുതര കുറ്റങ്ങളുടെ പേരിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം 7 പേരെ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈ അറസ്റ്റുകൾ.
ആദ്യ കേസിൽ, സ്വദേശികളും വിദേശികളും ചേർന്ന് വർക്ക് വീസകൾ വിൽപന നടത്തിയിരുന്നു. ഒരോ വ്യക്തിയിൽ നിന്ന് 800 ദിനാർ മുതൽ 1300 ദിനാർ വരെ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന്, പബ്ലിക് പ്രോസിക്യൂഷന് പ്രതികളെ കൈമാറി.
രണ്ടാമത്തെ കേസിൽ, ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. വീസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇടപാടുകളിൽ ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കവും അധികൃതർ ആരംഭിച്ചിട്ടുണ്ട്.