സർവ സാധാരണമാകുന്ന ‘ക്വിക്ക് മെമ്മറി ലോസ്’; ശരീരത്തിന്റെ അതേ അവസ്ഥ തലച്ചോറിനും
Mail This Article
എന്തോ അത്യാവശ്യത്തിന് എഴുന്നേറ്റിട്ട്, അയ്യോ ഇപ്പോഴെന്തിനാ എഴുന്നേറ്റതെന്നു ചിന്തിച്ചിട്ടുണ്ടോ? എഴുന്നേറ്റത് എന്തിനെന്നു മറന്നിട്ട് വീണ്ടും അതേ സ്ഥാനത്ത് ഇരിക്കുമ്പോഴും നമ്മുടെ ഉള്ളിലുണ്ടാകും എന്നാലും ഞാൻ എന്തിനായിരിക്കും എഴുന്നേറ്റത്? ക്വിക്ക് മെമ്മറി ലോസ് ഇന്ന് സർവ സാധാരണമായിരിക്കുന്നു. ഒന്നിലും ശ്രദ്ധയില്ലാതെ, എന്തിൽ ശ്രദ്ധിക്കണമെന്നു പോലും അറിയാതെ പോകുന്ന അവസ്ഥ. മരുന്നു നൽകി ചികിൽസിക്കാൻ കഴിയാത്ത രോഗമാണിത്. ഉള്ളതു പറഞ്ഞാൽ നമ്മൾ തന്നെ വരുത്തി വച്ചത്.
സൗകര്യങ്ങൾ കൂടിയപ്പോൾ കൂടെ കൂടിയതാണിതൊക്കെ. പണ്ട് ലാൻഡ് ഫോൺ ഉപയോഗിച്ചിരുന്ന കാലത്ത് എത്ര ഫോൺ നമ്പരുകളായിരുന്നു മനഃപാഠമാക്കിയിരുന്നത്. ഇന്ന്, സ്വന്തം മൊബൈൽ നമ്പർ പോലും ഓർത്തുവയ്ക്കാൻ കഴിയാത്തവരാണ് അധികവും.
ഫോൺ ഒന്ന് ഓഫായാൽ പുറം ലോകവുമായുള്ള സകല ബന്ധവും അവസാനിക്കും. തലച്ചോറിൽ ഓർമകൾക്കും ചിന്തകൾക്കുമൊക്കെ ഉപയോഗിക്കുന്ന കോശങ്ങൾക്ക് ഇപ്പോൾ കാര്യമായ പണിയൊന്നുമില്ലാത്തതു കൊണ്ടുള്ള ദുരിതമാണിതൊക്കെ. കല്ലിലും മണ്ണിലുമൊക്കെ നന്നായി പണിയെടുത്തു വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെ സ്വന്തം മുറ്റത്ത് വിളയിച്ചിരുന്ന പഴയ തലമുറയ്ക്ക് കുടവയറോ തടിച്ച ശരീരമോ ഇല്ലായിരുന്നു. പണി അന്വേഷിച്ച് ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിയതോടെ മലയാളി കുഴിമടിയനായി. ശരീരമാസകലം കൊഴുപ്പ് നിറഞ്ഞു. കണ്ണാടിയിൽ നോക്കുമ്പോൾ ലജ്ജ തോന്നുന്ന രൂപം. ഇങ്ങനെ പോയാൽ ശരിയാകില്ലെന്നു തോന്നി തുടങ്ങിയപ്പോൾ കുറെപ്പേർ പതുക്കെ ശരീരം ശ്രദ്ധിക്കാൻ തുടങ്ങി. സൈക്കിൾ ഉപേക്ഷിച്ചു കാറു വാങ്ങിയവർ വീണ്ടും സൈക്കിൾ വാങ്ങി. പുലർച്ചെ എഴുന്നേറ്റ് ജിമ്മിലേക്കു പോയിത്തുടങ്ങി. പറമ്പിലിറങ്ങി പണിയാൻ ഇനി പറ്റില്ല, അടിഞ്ഞു കുടിയ കൊഴുപ്പ് കത്തിച്ചു കളയാൻ ജിമ്മിൽ കസർത്തുകൾക്കു പിന്നാലെയാണ് ഇന്ന് മലയാളി.
ശരീരത്തിന്റെ അതേ അവസ്ഥയാണ് ഇന്ന് തലച്ചോറിനും. വായിച്ചും എഴുതിയും ചിന്തിച്ചും തലച്ചോറിനെ കൊണ്ടു പണിയെടുപ്പിച്ചിരുന്നവർ ഇന്ന് മൊബൈലിലെ ചിത്രങ്ങളും വിഡിയോകളും കണ്ട് മന്ദീഭവിച്ചങ്ങനെ കഴിയുന്നു. ആരെങ്കിലുമൊക്കെ ചിന്തിച്ച് ആരെങ്കിലുമൊക്കെ നിർമിച്ചു വിടുന്നതിനെ വെറുതെ കണ്ടിരിക്കുന്നതായി തലച്ചോറിന്റെ ജോലി. മനുഷ്യനേക്കാൾ മടിയനായ തലച്ചോർ തിരിച്ചു മനുഷ്യനു സമ്മാനിക്കുന്നതാണ് ഓർമക്കുറവും ഏകാഗ്രതയില്ലായ്മയും ഉറക്കക്കുറവുമൊക്കെ.
ഇന്നത്തെ തലമുറ ഇങ്ങനെ ആണെങ്കിൽ നാളത്തെ തലമുറയുടെ സ്ഥിതി എന്താകും. ഒന്നും പഠിക്കാത്ത, ഒന്നും ഓർക്കാത്ത, ഒന്നും ചിന്തിക്കാത്തവരുടെ തലമുറയാകുമോ? ‘ഒരു പുസ്തകത്തിൽ നിന്നു തുടങ്ങാം’ എന്ന് ആഹ്വാനം ചെയ്തു ഷാർജയിൽ നടക്കുന്ന രാജ്യാന്തര പുസ്തകോത്സവമാണ് ഇതൊക്കെ പറയാൻ പ്രേരിപ്പിച്ചത്. പുസ്തകോത്സവത്തിലേക്ക് ഒഴുകുന്ന ജനങ്ങൾ ഒരു മാതൃകയാണ്. വായന തുടരാൻ ഇഷ്ടപ്പെടുന്നവരുടെ സംഗമമാണിവിടെ. വായന എന്നത്, തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന വ്യായാമം കൂടിയാണെന്ന് ഓർക്കുക. എഴുത്തുകാരൻ ഒരു പുഴയെക്കുറിച്ചു പറയുമ്പോൾ, വായനക്കാരൻ ഒരു പുഴ മനസിൽ കാണുന്നു, അതിന്റെ ആഴവും വീതിയും സ്വയം നിശ്ചയിക്കുന്നു. അങ്ങനെ, സ്വയം നിർമിക്കുന്ന കാഴ്ചകളിലേക്ക് നമ്മളുടെ കണ്ണുകൾ പായുന്നു. തലച്ചോറിന്റെ പൊണ്ണത്തടിയെ ഇങ്ങനെയൊക്കെയേ മാറ്റിയെടുക്കാൻ കഴിയു. സാങ്കൽപ്പിക ലോകത്തെ മായക്കാഴ്ചകളിൽ നിന്നു പുറത്തിറങ്ങി വായനകളും ചിന്തകളും വിചാരങ്ങളുമായി കഴിയേണ്ടത് ഇന്ന് ശാരീരിക ആവശ്യം കൂടിയായി മാറി.. അതുകൊണ്ടു തന്നെയാണ് വായനയിൽ നിന്നു തുടങ്ങാമെന്ന് ഷാർജ പുസ്തകോൽസവം ആഹ്വാനം ചെയ്യുന്നത്. അറിവ് മാത്രമല്ല, വായന, ആരോഗ്യം കൂടിയാണ്.