ADVERTISEMENT

ദുബായ് ∙ യുഎഇ സ്വദേശിയായി വേഷമിട്ട് വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതിന് ലെബനീസുകാരനെ സാൻ അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. സ്വദേശി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള, യുഎഇയിൽ നിന്നുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അലക്സ് ടാന്നസ് (39)  ലോകത്തെങ്ങുമുള്ള ഇരകളെ ഒാൺലൈൻ വഴി കബളിപ്പിച്ച് ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തത്.

വിവിധ പദ്ധതികളിലേയ്ക്ക് നിക്ഷേപം ക്ഷണിച്ച് വൻ വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനങ്ങൾ പ്രതി ഇരകൾക്ക് നൽകുകയായിരുന്നു. ലഭിച്ച വൻ തുകകള്‍ പ്രതി സ്വന്തം ആഡംബര ജീവിതത്തിനും കുടുംബത്തിനും വേണ്ടി ചെലവഴിച്ചതായും കണ്ടെത്തി. പ്രതിയെ വൈകാതെ പിടികൂടുകയും ചെയ്തു. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപം നടത്താൻ പ്രതി തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഇരകളിലൊരാളായ ബെൽജിയത്തിൽ നിന്നുള്ള മാർക്ക് ഡി സ്പീഗലേരി പറഞ്ഞു.

ഇതനുസരിച്ച് 2012 ൽ ദുബായ് ബാങ്കിലേയ്ക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു. അദ്ദേഹത്തിന്റെ പാം ജുമൈറയിലെ വീട്ടിൽ അലക്സ് ഇരകളിൽ പലർക്കും വിരുന്നുനൽകുകയും രാജകുടുംബവുമായി താൻ ചങ്ങാതിമാരാണെന്ന് അവകാശപ്പെടുകയും ചെയ്തുവെന്നും ഡി സ്പീഗലേരി പറഞ്ഞു. അതുപോലെ, ലിബിയയിൽ നിന്നുള്ള ഒമർ വൈ. അബൗഹലാല തന്റെ കൈയിൽ നിന്ന് പ്രതി 1.15 ദശലക്ഷം ദിർഹം നഷ്‌ടപ്പെട്ടതായി പരാതിപ്പട്ടു. ഇദ്ദേഹം ദുബായ് കോടതിയിൽ നിയമസഹായം തേടുകയും ചെയ്തു. പ്രതിയുടെ സ്ഥാപനങ്ങളിലൊന്നായ ഇക്വിക്കോ എൻ്റർപ്രൈസസ് ഇൻക് ആയിരുന്നു പദ്ധതികളുടെ ആസ്ഥാനം.

എമിറാത്തി വികസന ഫണ്ടിൽ നിന്ന് ദശലക്ഷക്കണക്കിന് പണം ലഭ്യമാണെന്ന് അവകാശപ്പെട്ട് പ്രതി ഒരു സോഫ്‌റ്റ്‌വെയർ കമ്പനി ഉടമയുമായി ചേർന്ന് ഗോസ്റ്റ് കിച്ചണുകൾ സ്ഥാപിക്കാൻ സംയുക്ത സംരംഭം പോലും നടത്തി. 2021 ജൂണിനും ഓഗസ്റ്റിനുമിടയിൽ നാല് പേയ്‌മെൻ്റുകളിലായി 70,000 ഡോളർ ഇതുവഴി സ്വന്തമാക്കി. എന്നാൽ പദ്ധതികൾ യാഥാർഥ്മായയില്ല. 'യുഎഇയുടെ ലോക സമാധാന അംബാസഡർ' എന്ന നിലയിലും ദുബായ് ആസ്ഥാനമായുള്ള ഒരു കൂട്ടായ്മയുടെ ചെയർമാനായും സ്വയം ചമഞ്ഞും ഇരകളെ വിശ്വസിപ്പിച്ചു.

2021 ന്റെ തുടക്കത്തിൽ തന്റെ നിക്ഷേപകർക്ക് തിരിച്ചടവ് നൽകാതിരിക്കാൻ അദ്ദേഹം പാപ്പരത്തത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരി 9 ന് അറസ്റ്റിലായ പ്രതി ആറ് വഞ്ചനക്കേസുകളിലാണ് ഉൾപ്പെട്ടത്.  ജൂലൈയിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജയിൽ ശിക്ഷയ്‌ക്കൊപ്പം ഇരകൾക്ക് 22 ലക്ഷം ഡോളർ തിരികെ നൽകാനും ഉത്തരവിട്ടതായി യുഎസ് അറ്റോർണി ഓഫീസ് പറഞ്ഞു. സാൻ അന്റോണിയോയിലും മറ്റിടങ്ങളിലും  അമേരിക്കക്കാരെ ഒറ്റിക്കൊടുത്ത ഒരു സീരിയൽ കൺ-ആർട്ടിസ്റ്റായിരുന്നു പ്രതി. വർഷങ്ങളായി അവരുമായി വളർത്തിയെടുത്ത വിശ്വാസം മുതലാക്കുകയായിരുന്നുവെന്ന് ടെക്സാസിലെ വെസ്റ്റേൺ ഡിസ്ട്രിക്ട് യുഎസ് അറ്റോർണി ജെയിം എസ്പാർസ പറഞ്ഞു. ഇരകളിൽ പലരും അമേരിക്കൻ സ്വപ്നം കണ്ടിരുന്ന ചെറുകിട ബിസിനസ് ഉടമകളായിരുന്നു.

English Summary:

Lebanese Fraudster Posed as Dubai Prince, Sentenced to 20 Years in Federal Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com