നവീകരണം പൂർത്തിയാക്കി അൽ ജമായേൽ സ്ട്രീറ്റ്; 7 കിലോമീറ്റർ, നാല് പാലങ്ങൾ; കുരുക്കില്ലാതെ സുഗമയാത്ര
Mail This Article
ദുബായ് ∙ അൽ ജമായേൽ സ്ട്രീറ്റുമായി (പഴയ ഗാൺ അൽ സബ്ക) ബന്ധപ്പെട്ട മുഴുവൻ പൊതുമരാമത്ത് ജോലികളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. 7 കിലോമീറ്ററിലെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ 2.8 കിലോമീറ്റർ നീളം വരുന്ന 4 പാലങ്ങൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി. മണിക്കൂറിൽ 17,600 വാഹനങ്ങൾക്കു കടന്നു പോകാനുള്ള ശേഷി പാലങ്ങൾക്കുണ്ട്.
ഇതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഏറ്റവും പ്രധാന ഇടനാഴിയായി സ്ട്രീറ്റ് മാറി. അൽഖെയിൽ, അൽ അസായൽ റോഡുവഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും വികസനം ഗുണകരമായി. നവീകരണം പൂർത്തിയാക്കി 7 കി.മീ. റോഡിൽ ഇരുവശത്തേക്കും 4 വരികളുണ്ടാകും. 16000 വാഹനങ്ങൾ മണിക്കൂറിൽ കടന്നു പോകും.
ജുമൈറ ലേക്സ് ടവേഴ്സ്, ദ് ഗാർഡൻസ്, അൽ ഫർജാൻ, ഡിസ്ക്കവറി ഗാർഡൻസ്, ജുമൈറ ഐലൻഡ്, ജുമൈറ പാർക്ക്, ദ് സ്പ്രിങ്, ഇമറാത്തി ഹിൽസ്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ താമസക്കാർക്കാണ് പദ്ധതി ഏറ്റവും പ്രയോജനപ്പെടുക. മലയാളികൾ അടക്കം ഏകദേശം രണ്ടര ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്.
ഖിസൈസ്, ദെയ്റ ഭാഗങ്ങളിലേക്കു പോകുന്നവർക്ക് യാത്രാ സമയത്തിൽ 40% കുറവാണ് ഇനിയുണ്ടാകാൻ പോകുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. തിരക്കേറിയ സമയത്തെ ട്രാഫിക് 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും. ഇതിനു പുറമെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ യലായിസ് സ്ട്രീറ്റ് വഴി ജബൽ അലി പോർട്ടിലേക്കുള്ള യാത്രയിൽ 70% കുറവുണ്ടാകും. 21 മിനിറ്റ് വേണ്ടിയിരുന്ന യാത്രയ്ക്ക് ഇനി 7 മിനിറ്റ് മതിയാകും.
പാലങ്ങൾ
പദ്ധതിയുടെ ഭാഗമായി പാലങ്ങൾ വിവിധ ഘട്ടങ്ങളായാണ് തുറന്നത്. ആദ്യ പാലത്തിന് രണ്ടു വരിയും 666 മീറ്റർ നീളവുമുണ്ട്. മണിക്കൂറിൽ 3200 വാഹനങ്ങൾ കടന്നു പോകാം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സം ഈ പാലം ഇല്ലാതാക്കും.
∙ രണ്ടാമത്തെ പാലത്തിന് 601 മീറ്ററാണ് നീളം. അൽ ജമായൽ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഗതാഗതം ഈ പാലം സുഗമമാക്കും. ഖിസൈസ്, ദെയ്റ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഇത് ഗുണം ചെയ്യുക.
∙ മൂന്നാമത്തെ പാലത്തിന് 664 മീറ്ററാണ് നീളം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു അൽ യലായിസ് സ്ട്രീറ്റ് വഴി ജബൽ അലി പോർട്ടിലേക്കുള്ള യാത്രയ്ക്ക് ഈ പാലം ഗുണം ചെയ്യും.
∙ നാലാമത്തെ പാലം 943 മീറ്റർ നീളമുണ്ട്. 8000 വാഹനങ്ങൾ കടന്നു പോകാം. അൽ ജമായേൽ സ്ട്രീറ്റിൽ നിന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഷെയ്ഖ് സായിദ് റോഡിലെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാകും.