വോട്ടിന്റെ വില മാത്രമല്ല വാക്കിന്റെ വിലയും പ്രധാനം; ‘പെട്ടി വിവാദത്തിൽ’ പ്രതികരണവുമായി സരിൻ
Mail This Article
ഷാർജ ∙ ജനാധിപത്യ അവകാശത്തെ പണം കൊടുത്ത് ഹൈജാക്ക് ചെയ്യാൻ കോൺഗ്രസ് തുനിഞ്ഞിരിക്കുകയാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അവർ പണമൊഴുക്കിയിട്ടുണ്ടെന്നും ഇടതുസ്ഥാനാർഥി ഡോ. സരിൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്‌തക മേളയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പണമൊഴുക്കിയ കാര്യം പുറംലോകമറിഞ്ഞതാണ് അവരെ വിറളിപിടിപ്പിച്ചത്. തിരഞ്ഞെടുപ്പു ബൂത്തുകളെ ചലിപ്പിക്കാൻ പണം ആവശ്യമായതിനാലാണ് പാലക്കാട്ടേക്ക് പണം വന്നത്. പക്ഷേ പെട്ടിയുടെ കാര്യം മാത്രം പറഞ്ഞാൽ പ്രചാരണമാകില്ല. മറ്റു വിഷയങ്ങളും ജനങ്ങളോട് പറയണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെല്ലാം തുറന്നുപറയേണ്ടതുണ്ട്. പ്രവാസി വോട്ടർമാരെക്കൂടി നേരിൽ കാണാനാണ് ഒരുദിവസത്തേക്ക് മാത്രമായി യുഎഇയിലെത്തിയതെന്നും സരിൻ വ്യക്തമാക്കി.
വോട്ടിന്റെ വില മാത്രമല്ല വാക്കിന്റെ വിലകൂടി പ്രധാനമാണെന്നതും ഈ യാത്രയുടെ ഉദ്ദേശമാണ്. ആയിരക്കണക്കിന് പാലക്കാട്ടുകാർ ജോലിചെയ്യുന്ന രാജ്യമാണ് യുഎഇ. അവരെയെല്ലാം നേരിൽ കാണാൻ സാധിക്കില്ലെങ്കിലും തന്റെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കും. സരിന്റെ ഭാര്യ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. സൗമ്യ സരിന്റെ പുസ്‌തക പ്രകാശനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അജ്‌മാനിൽ സിപിഎം സംഘടനയായ 'മാസ്' ഏർപ്പെടുത്തിയ സ്വീകരണത്തിലും പങ്കെടുത്തശേഷമാണ് സരിൻ പാലക്കാട്ടേക്ക് മടങ്ങിയത്.