വഴി മാറിത്തരാൻ വിരട്ടൽ; നടപടി കടുപ്പിച്ച് അബുദാബി: ഹെഡ്ലൈറ്റടിച്ചും ഹോൺ മുഴക്കിയും ഭീഷണി വേണ്ട
Mail This Article
അബുദാബി ∙ വഴി മാറിത്തരാൻ മുന്നിലുള്ള വാഹനത്തിലേക്ക് ഹോണടിച്ചും ഹെഡ്‌ലൈറ്റ് അടിച്ചും വിരട്ടുന്നത് വിലക്കി അബുദാബി പൊലീസ്. വാഹനങ്ങൾ തമ്മിലുള്ള സുരക്ഷിത അകലം പോലും ഗൗനിക്കാതെയാണ് പലരും മുന്നിലെ വാഹനത്തെ വഴി മാറ്റാൻ ശ്രമിക്കുന്നത്.
വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാത്തതിന്റെ പേരിൽ മാത്രം കഴിഞ്ഞ വർഷം 669 അപകടങ്ങളുണ്ടായി. 2022ൽ ഇത് 505 ആയിരുന്നു. അതിവേഗ പാതകളിൽ, നിശ്ചയിച്ച വേഗപരിധി പാലിച്ചോടിക്കുന്ന ഡ്രൈവർമാരെ ചിലർ ഹോണടിച്ചും ലൈറ്റടിച്ചും ലെയ്ൻ മാറാൻ നിർബന്ധിക്കുന്നത് പതിവാണ്.
ഇത്തരം ട്രാഫിക് കയ്യേറ്റക്കാരുടെ ഭീഷണിക്കു വഴങ്ങി പെട്ടെന്നു ലെയ്ൻ മാറ്റുന്ന വാഹനങ്ങൾ മറ്റുവാഹനങ്ങളെ കൂടി അപകടത്തിലാക്കുന്നു. മുന്നിലോടുന്ന വാഹനങ്ങളെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായി മുട്ടിക്കാൻ ശ്രമിക്കുന്നതും തൊട്ടു തൊട്ടില്ലെന്ന നിലയിൽ വാഹനം ഓടിക്കുന്ന രീതിയും വർധിക്കുന്നതായി പൊലീസ് പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ നിരീക്ഷിച്ച് ഉത്തരവാദികളായ ഡ്രൈവർമാർക്ക് തടവും പിഴയും നൽകുന്നതിനു പുറമെ ഡ്രൈവിങ് ലൈസൻസ് പിടിച്ചുവയ്ക്കുന്നതടക്കമുള്ള നടപടികളേക്ക് പൊലീസ് കടക്കും.
ലൈറ്റും ഹോണും ദുരുപയോഗം ചെയ്യുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്നും വിട്ടുകിട്ടാൻ 5000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം വരെ വാഹനം പിടിച്ചിടാൻ നിയമം അനുമതി നൽകുന്നുണ്ട്. ഈ സമയപരിധി കഴിഞ്ഞാൽ വാഹനം പരസ്യലേലത്തിൽ വിൽക്കുകയാണ് ചെയ്യുക. ഓടിക്കുന്ന വാഹനം മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് ശിക്ഷ. ഇവരുടെ ലൈസൻസിൽ 4 ബ്ലാക് മാർക്കും പതിക്കും.
ഇതിനിടെ രാജ്യത്തെ ട്രാഫിക് നിയമത്തിൽ ചില ഭേദഗതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. വാഹനാപകടങ്ങളിൽ ആരെങ്കിലും മരിച്ചാൽ അര ലക്ഷം ദിർഹം ട്രാഫിക് പിഴയും തടവും ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമ പരിഷ്കരണം. മഴ സമയങ്ങളിൽ താഴ്‌വരകളിലൂടെ വാഹനമോടിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയോ തടവോ ലഭിക്കും.