'വരകുറിക്കാരി' സിയാനയുടെ പുസ്തകപ്രകാശനം ഇന്ന്
Mail This Article
ഷാർജ ∙ വരയും എഴുത്തുമായി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ സീ4 സ്റ്റാളിൽ നിറഞ്ഞുനിൽക്കുന്ന കൊച്ചുകൂട്ടുകാരി സിയാന ഷക്കിമിന്റെ ഡയറി ഓഫ് എ ബ്രെയിൻസിക്ക് എന്ന പുസ്തകം ഇന്ന് (ചൊവ്വ) പ്രകാശനം ചെയ്യുന്നു. ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് പരിപാടി. സൈക്കോളജിസ്റ്റ് ഡോ.ബി.ജയപ്രകാശ് എഴുത്തുകാരൻ പോൾ സെബാസ്റ്റ്യന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും.
മലപ്പുറം സെന്റ് ജമ്മാസ് ഗേൾസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സിയാന നഴ്സറിയിൽ പഠിക്കുമ്പോഴേ എഴുത്തും വരയും തുടങ്ങി. നിമിഷ നേരം കൊണ്ട് കണ്ടതും കേട്ടതുമെല്ലാം കവിതയായി കുറിക്കുന്നതിനാൽ നിമിഷ കവിയെന്നാണ് സഹോദരിയും കൂട്ടുകാരികളുമെല്ലാം വിളിക്കുക. അങ്ങനെ കുറിച്ച് ഇംഗ്ലീഷ് കുറുങ്കവിതകളാണ് സീ4 പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ളത്.
പുസ്തമേളയിലെ സ്റ്റാളിലെ ഓരോ നിമിഷവും ഈ കുഞ്ഞുപ്രതിഭ ചിത്രം വരയിലും കവിതയെഴുത്തിലുമാണ്. തന്റെ പുസ്തകത്തിന്റെ മുഖചിത്രത്തിന്റെ ഐഡിയ പോലും സിയാനയുടേത് തന്നെ. മകൾക്ക് പിന്തുണയുമായി മാതാപിതാക്കളായ ഷക്കിം ചേക്കുപ്പയും ഫാത്തിമ സുഹ്റയും സഹോദരങ്ങളായ സെൻഹ ഷക്കിം, സിദാൻ ഷക്കിം എന്നിവർ ഒപ്പമുണ്ട്.