ഗൾഫ് പ്രവാസത്തിലെ ദുരിതമുഖം കാട്ടിത്തന്നത് 'ആടുജീവിത'വും 'കുഞ്ഞാച്ച'യും
Mail This Article
ഷാർജ ∙ ഗൾഫ് പ്രവാസത്തിലെ ദുരിത ജീവിതം തമിഴ്ലോകത്തിന് കാട്ടിത്തന്നത് 'ആടുജീവിതം', 'കുഞ്ഞാച്ച' എന്നീ നോവലുകളാണെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ.മുത്തുകൃഷ്ണൻ പറഞ്ഞു. ഗൾഫിന്‍റെ ആഡംബരങ്ങളും തിളക്കങ്ങളും മാത്രമേ ഈ രണ്ടു നോവലുകൾക്കും മുന്‍പ് തമിഴ് ജനത കണ്ടിരുന്നുള്ളൂ. അവിടെ നിന്നു ഗൾഫിലെത്തുന്നവർ കെട്ടിട നിർമാണത്തിലടക്കം പ്രയാസമേറിയ ജോലിയിൽ വ്യാപൃതരാകുന്നതൊന്നും ആരും മനസിലാക്കിയിരുന്നില്ല.
ആദ്യം ബെന്യാമിന്‍റെ ആടുജീവിതമാണ് തമിഴിലെത്തിയത്. അതു പിന്നീട് സിനിമയായും കണ്ടു. കഴിഞ്ഞ ചെന്നൈ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത സാദിഖ് കാവിലിന്‍റെ കുഞ്ഞാച്ച എന്ന നോവൽ ഇപ്പോൾ തമിഴ് ജനത ഏറ്റെടുത്തു കഴിഞ്ഞു. ഇതാണ് സാഹിത്യകൃതി സമൂഹത്തിലുണ്ടാക്കുന്ന പരിവർത്തനമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിലിന്‍റെ ''ഔട്ട് പാസ്'' എന്ന മലയാളം നോവലിന്‍റെ തമിഴ് പതിപ്പായ 'കുഞ്ഞാച്ച'യെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര നടൻ രവീന്ദ്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ജോസഫ്, കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, തമിഴ് എഴുത്തുകാരൻ കാർത്തിക്, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സാദിഖ് കാവിൽ മറുപടി പറഞ്ഞു. ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ് എന്നിവർ പങ്കെടുത്തു. കുഞ്ഞാച്ച പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിലെ സിക്സ്ത് സെൻസ് പബ്ലിക്കേഷൻ സ്റ്റാളിൽ ലഭ്യമാണ്. ഞായറാഴ്ചയാണ് 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള സമാപിക്കുക.