ADVERTISEMENT

അബുദാബി ∙ മലയാളി ചതിയിൽ വീഴ്ത്തിയ കണ്ണൂർ തലശ്ശേരി സ്വദേശി ശരത്കുമാർ അബുദാബിയിൽ ഒന്നര വർഷമായി ദുരിതത്തിൽ. മേസണായി (പടവുകാരൻ) ജോലിക്കെത്തിയ ശരത്കുമാറിന്റെ അജ്ഞത ചൂഷണം ചെയ്ത് അയാളുടെ പേരിൽ ഒരു ഫ്ലാറ്റ്, ജലവൈദ്യുതി കണക്‌ഷൻ, 2 ക്രെഡിറ്റ് കാർഡുകൾ, 2 സിം കാർഡുകൾ എന്നിവ എടുത്ത് ഭീമമായ കുടിശിക വരുത്തിയ ശേഷമാണ് വീസ റദ്ദാക്കി പെരുവഴിയിലാക്കിയത്.

താമസ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചതോടെ കെട്ടിടത്തിന്റെ ഗോവണിക്കു താഴെയാണ് അന്തിയുറങ്ങുന്നത്. പരിചയക്കാർ ആരെങ്കിലും വല്ലപ്പോഴും നൽകുന്ന ഭക്ഷണം കഴിച്ചാണ് ശരത്കുമാർ ജീവൻ നിലനിർത്തുന്നത്. താനൂർ സ്വദേശിയായ അജ്മലാണ് വഞ്ചിച്ചതെന്ന് ശരത് പറയുന്നു.  

കഴിഞ്ഞവർഷം ജൂൺ 2ന് 3000 ദിർഹം ശമ്പളത്തിന് സ്വകാര്യ മെയ്ന്റനൻസ് കമ്പനിയിൽ ജോലിക്കു കയറിയ ശരത്കുമാറിന് ശമ്പളമായി മാസം തോറും നൽകിയത് അഞ്ഞൂറോ അറുനൂറോ ദിർഹം മാത്രം. വാടകയുടെ പേരിൽ ഇതിൽനിന്ന് എല്ലാ മാസവും 300 ദിർഹം തിരിച്ചുവാങ്ങും. ശമ്പളത്തിലെ ബാക്കി തുക ചോദിച്ചപ്പോൾ ഡിസംബർ വരെ വീസ ചെലവിലേക്ക് പിടിച്ചെന്നായിരുന്നു അജ്മലിന്റെ വിശദീകരണം.

വീസ നടപടികൾക്കാണെന്ന് പറഞ്ഞ് 3 വെള്ള പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയതായും ശരത് പറയുന്നു. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രേഖകൾ ശരിയാക്കാനാണെന്നാണ് പറഞ്ഞത്. പിന്നീട് ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന് പറഞ്ഞ് ഫോണിൽ ഫോട്ടോ എടുക്കുകയും വിരലടയാളം പതിപ്പിക്കുകയും ചെയ്തു. ഇതു യുഎഇ പാസിനാണെന്ന് അറിഞ്ഞില്ലെന്ന് ശരത്കുമാർ പറയുന്നു. 

വീസയിൽ മേസൺ എന്നാണ് ജോലി രേഖപ്പെടുത്തിയത്. പിന്നീടത് 8000 ദിർഹം ശമ്പളമുള്ള അക്കൗണ്ടന്റ് എന്നാക്കിയത് ശരത്കുമാർ അറഞ്ഞില്ല. ആൾമാറാട്ടം നടത്തിയും വ്യാജ രേഖ ചമച്ചും യുഎഇ പാസ് എടുത്തും ബാങ്ക് അക്കൗണ്ട് തുറന്നും ക്രെഡിറ്റ് കാർഡുകൾ എടുത്തതും ശരത്കുമാറിന്റെ അറിവോടെയല്ല. കേസിന്റെ നടപടികൾക്കായി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ട് എടുത്തപ്പോഴാണ് ഇത്രയും ബാധ്യതയുള്ള വിവരം ശരത്കുമാർ അറിയുന്നത്. ശരത്തിന്റെ പേരിൽ എടുത്ത 2 സിം കാർഡുകൾ ഉപയോഗിക്കുന്നതും അജ്മലാണ്. 

അതിനാൽ ബാങ്ക് ഉൾപ്പെടെ എല്ലാ ഇടപാടുകൾക്കും മറുപടി നൽകുന്നതും അജ്മൽ തന്നെ. ഈ നമ്പർ ഉപയോഗിച്ച ഫോണിലാണ് ശരത്തിന്റെ യുഎഇ പാസ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. അതിനാൽ ബാങ്ക് അക്കൗണ്ട്, കെട്ടിട വാടക കരാർ തുടങ്ങി ഔദ്യോഗിക ഇടപാടുകളുടെ പൂർണ നിയന്ത്രണം അജ്മലിനായി. ഇതിൽ ഒരു കാർഡിൽ 18140 ദിർഹവും മറ്റൊന്നിൽ 10020 ദിർഹവും കുടിശികയുണ്ട്. ശരത്കുമാറിന്റെ പേരിൽ 40,000 ദിർഹം വാടകയ്ക്ക് ഫ്ലാറ്റ് എടുത്ത് മറിച്ചു വാടകയ്ക്ക് കൊടുത്തും പണം കൈക്കലാക്കിയെന്നും പറയുന്നു. ഈ ഫ്ലാറ്റിന്റെ ജലവൈദ്യുതി കുടിശികയിനത്തിൽ 17,612 ദിർഹം അടയ്ക്കാനുണ്ട്. കൂടാതെ 2 ഇത്തിസലാത്ത് സിം കാർഡിൽ 100 ദിർഹവും അടയ്ക്കാനുണ്ട്.

ഒന്നര വർഷമായി  പണം അയയ്ക്കാനില്ലാത്തതിനാൽ ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബവും ദുരിതത്തിലാണെന്ന് ശരത്കുമാർ പറയുന്നു.  മുഴുവൻ ശമ്പളവും വേണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ശമ്പളം കയ്യിൽ നൽകാനാവില്ലെന്നും ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഇംഗ്ലിഷ് അറിയാത്തതിനാൽ ചതി മനസ്സിലായില്ല. മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനാൽ കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ വ്യാജ ഒപ്പിട്ട് വീസ റദ്ദാക്കുകയായിരുന്നു. ജലവൈദ്യുതി കുടിശിക കമ്പനി അടയ്ക്കാമെന്ന് പറഞ്ഞ് ലെറ്റർഹെഡിൽ എഴുതി നൽകിയതു മാത്രമാണ് ശരത്തിന്റെ പക്കലുള്ള രേഖ. കമ്പനി പിടിച്ചുവച്ച പാസ്പോർട്ടിന്റെ കാലാവധിയും തീർന്നു. നിയമപ്രശ്നങ്ങൾ തീർക്കാനും രേഖകൾ ശരിയാക്കാനും മറ്റൊരു ജോലി കണ്ടെത്താനും ഇന്ത്യൻ എംബസിയുടെയും നിയമവിദഗ്ധരുടെയും മറ്റും സഹായത്തിനായി കാത്തിരിക്കുകയാണ് ശരത്കുമാർ. അതുവരെ കിടക്കാനൊരിടവും ജീവൻ നിലനിർത്താൻ ആഹാരവും വേണം. 

 ∙ കമ്പനി പ്രതിനിധി അജ്മൽ പറയുന്നു ‘ശമ്പളം നൽകിയതിന് തെളിവുണ്ട്, വീസ  റദ്ദാക്കിയത്  കൃത്യമായി ജോലിക്ക് വരാത്തതിനാൽ’
വീസയ്ക്ക് പണം വാങ്ങിയിട്ടില്ലെന്ന് കമ്പനി പ്രതിനിധി അജ്മൽ. ഫ്ലാറ്റും ക്രെഡിറ്റ് കാർഡും സിം കാർഡും എടുത്തതും യുഎഇ പാസ് ഡൗൺലോഡ് ചെയ്തതും ശരത് തന്നെയാണെന്നാണ് അജ്മലിന്റെ വിശദീകരണം. ശമ്പളം കമ്പനി ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയത്. അതിന് തെളിവുണ്ട്. കൃത്യമായി ജോലിക്ക് വരാത്തതും റൂമിൽ കിടന്നുറങ്ങുന്നതും കാരണമാണ് വീസ റദ്ദാക്കിയത്. ഔട്പാസ് എടുത്തു വന്നാൽ ടിക്കറ്റ് കമ്പനി കൊടുക്കും. ജലവൈദ്യുതി കുടിശിക കമ്പനി തീർക്കാമെന്ന് എഴുതി നൽകിയിട്ടുണ്ടെന്നും പറയുന്നു. ഇതേസമയം 9ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാൾക്ക് അക്കൗണ്ടന്റ് തസ്തികയിൽ വീസ എടുത്തത് എങ്ങനെയെന്ന് ചോദ്യത്തിന് അത് അറിയില്ലെന്നായിരുന്നു മറുപടി.

English Summary:

Sarathkumar, a Native of Kannur Thalassery, who was Cheated by the Malayali, Leading Miserable Life in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com