'മ്യൂസിക് എഐ' ആരംഭിച്ച് സൗദി മ്യൂസിക് കമ്മിഷൻ
Mail This Article
ജിദ്ദ ∙ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി സൗദി മ്യൂസിക് കമ്മിഷൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'മ്യൂസിക് എഐ' പ്ലാറ്റ്ഫോം ആരംഭിച്ചു. അറബിക്, പാശ്ചാത്യ സംഗീതോപകരണങ്ങൾ പഠിപ്പിക്കുന്നതിനുള്ള സംവേദനാത്മക സംഗീത പരിപാടികൾ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ നൂതനമായ രാജ്യാന്തര ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്.
സൗദി അറേബ്യയിൽ നിന്നും ലോകമെമ്പാടുമുള്ള വിദ്യാർഥികളെയും സംഗീത വ്യവസായത്തിൽ വിദഗ്ധരായ സംഗീതജ്ഞരെയും പ്രഫഷനലുകളെയുമാണ് ഇത് ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാവർക്കും സംഗീതം പഠിക്കാനുള്ള അവസരവും നൽകുകയാണ് ലക്ഷ്യം.
വിദ്യാർഥികൾക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയും. കോഴ്‌സുകളിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും ഏത് കോഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ നേടാനും കഴിയുമെന്നാണ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. എപ്പോൾ വേണമെങ്കിലും എവിടെയും, വിഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും അംഗീകൃത സർട്ടിഫിക്കറ്റുകൾ നേടാനും കഴിയും. മ്യൂസിക് കമ്മിഷൻ പ്ലാറ്റ്‌ഫോം സമാരംഭിക്കുന്നതിലൂടെ സംഗീതം പഠിക്കുന്നതിന് നൂതനവും അതുല്യവുമായ മാർഗമാണ് നൽകുന്നത്.
രാജ്യത്തിലെ സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും, സംഗീത സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും, രാജ്യത്തിന്റെ സംഗീത സാംസ്‌കാരികത വികസിപ്പിക്കുന്നതിനും, പ്രാദേശികമായും ആഗോളതലത്തിലും പ്രചരിപ്പിക്കുന്നതിനുമുള്ള കമ്മിഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.