പൂരപ്പറമ്പാകാൻ ഇത്തിസലാത്ത് അക്കാദമി; മ്മടെ തൃശൂർ പൂരം 2ന് കൊടിയേറും
Mail This Article
ദുബായ് ∙ മ്മടെ തൃശൂർ പൂരം സീസൺ 5 വരുന്നതോടെ ഇത്തിസലാത്ത് അക്കാദമി വീണ്ടും പൂരപ്പറമ്പാകാൻ ഒരുക്കം തുടങ്ങി. ഡിസബർ രണ്ടിന് പൂരം കൊടിയേറും. ‘മ്മടെ തൃശൂർ’ യുഎഇ കമ്മിറ്റി ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങുമായി ചേർന്നാണ് പരിപാടിയൊരുക്കുന്നത്.
2ന് രാവിലെ 8 മുതൽ രാത്രി 11 വരെ നീളുന്ന പൂരത്തിൽ മച്ചാട് മാമാങ്കത്തിനു പുറമെ തെച്ചിക്കോട്ട് രാമചന്ദ്രൻ, പാമ്പാടി രാജൻ തുടങ്ങിയ 5 ഗജവീരന്മാരുടെ റോബട്ടിക് മാതൃകകൾ അണിനിരക്കും.
കൂടാതെ ഇലഞ്ഞിത്തറമേളം, പഞ്ചാരി മേളം, പഞ്ചവാദ്യം, നാദസ്വര മേളം, ശിങ്കാരി മേളം എന്നീ അഞ്ച് മേളങ്ങളുടെ പെരുക്കവും പൂരത്തിലുണ്ടാകും. ഒപ്പം ആനച്ചമയ പ്രദർശനവും പ്രവാസ ലോകത്തെ പൂരത്തിന് കൊഴുപ്പേകാനുണ്ടാകും. മ്മടെ തൃശൂർ പൂരത്തിന്റെ ടിക്കറ്റുകൾ നേരത്തേ സ്വന്തമാക്കാൻ platinumlist.net സന്ദർശിക്കാം. നേരത്തേ ടിക്കറ്റുകൾ സ്വന്തമാക്കിയാൽ നിരക്കിൽ ലാഭം നേടാം.
ഫേസ് വണിൽ 60 ദിർഹവും, ഫേസ് 2ൽ 75 ദിർഹവും ഫേസ് 3ൽ 100 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ഗ്രൂപ്പ് ടിക്കറ്റ് ഓഫർ നിരക്കുകളും വൈകാതെ പ്രഖ്യാപിക്കും. വിധു പ്രതാപ്, അപർണ ബാലമുരളി, ശ്രീരാഗ് ഭരതൻ എന്നിവരുടെ ലൈവ് മ്യൂസിക്കൽ നൈറ്റും പൂരപ്പറമ്പിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രുചി വൈവിധ്യങ്ങൾ സമ്മേളിക്കുന്ന ഭക്ഷ്യമേളയും ഇത്തവണ ഒരുക്കിയിട്ടുണ്ട്. നിക്കായ് ആണ് മ്മടെ തൃശൂർ പൂരത്തിന്റെ പ്രധാന സ്പോൺസർമാർ. മലയാള മനോരമയാണ് മാധ്യമ പങ്കാളി.