വാഹന പ്രേമികള്‍ക്ക് സന്തോഷവാർത്ത: ഖത്തറിൽ ക്ലാസിക് കാറുകളുടെ പ്രദര്‍ശനം 27 മുതല്‍
Mail This Article
ദോഹ ∙ ഖത്തറിലെ വാഹനപ്രേമികളില്‍ ആവേശമുണര്‍ത്തി ക്ലാസിക് കാര്‍ പ്രദര്‍ശനത്തിന് ഈ മാസം 27ന് തുടക്കമാകും. പേള്‍ ഖത്തറിലെ മദീന സെന്‍ട്രലില്‍ ആണ് ഖത്തരി ഗള്‍ഫ് ക്ലാസിക് കാര്‍സ് അസോസിയേഷന് സംഘടിപ്പിക്കുന്ന അഞ്ചാമത് ക്ലാസിക് കാര്‍ പ്രദര്‍ശന-മത്സരം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. ഖത്തര്‍ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുക.
6 ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ കാറുകളുടെയും പ്രദര്‍ശകരുടെയും എണ്ണത്തില്‍ ഇത്തവണ മികച്ച പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ വര്‍ഷം 40 കാറുകളായിരുന്നുവെങ്കില്‍ ഇത്തവണ 70 കാറുകളാണ് പ്രദര്‍ശനത്തിലുണ്ടാകുക. വിന്റേജ് കാറുകള്‍ക്ക് പുറമെ അപൂര്‍വ മോഡലുകളും കാണാം. കൂടാതെ 5 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫി മാത്രമല്ല സമ്മാനത്തുകയും ലഭിക്കും. ഏറ്റവും നന്നായി പരിപാലിക്കുന്ന കാറിനും പ്രദര്‍ശനത്തില്‍ ഏറ്റവും മികച്ച കാറിനും സമ്മാനങ്ങളുണ്ടാകും.
ക്ലാസിക് കാറുകളുടെ കൂട്ടത്തില്‍ 10 ലക്ഷം ഡോളര്‍ വരെ വിലമതിക്കുന്നവയുമുണ്ട്. ഖത്തറിന് പുറമെ സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ട്. സ്വദേശികള്‍ മാത്രമല്ല പ്രവാസികള്‍ക്കിടയിലെ വാഹന പ്രേമികളും കൗതുകത്തോടെ സന്ദര്‍ശിക്കുന്ന പ്രദര്‍ശനങ്ങളിലൊന്നാണിത്. ഡിസംബര്‍ 2നാണ് പ്രദര്‍ശനം സമാപിക്കുന്നത്.