‘സമസ്ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം’
Mail This Article
അബുദാബി ∙ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് 'ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ' ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം മാറ്റം വരുന്നില്ലെന്നത് തികഞ്ഞ അനീതിയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത വ്യവസായി സൈനുല്‍ ആബിദീന്‍ പറഞ്ഞു.
അമിത വിമാനനിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിൽ കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം പ്രതിഷേധാര്‍ഹമാണ്. നാടിന്റെ സാമ്പത്തിക മേഖലകളില്‍ മാത്രമല്ല, വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വമേഖലകളിലും പ്രകടമായ പ്രവാസികളുടെ പങ്കിനെ കുറച്ചുകാണരുതെന്നും പറഞ്ഞു.
പ്രവാസികൾക്കായുള്ള കപ്പല്‍ സര്‍വീസ്, എയര്‍കേരള എന്നിവ ഇല്ലാതായിപ്പോയതിന്റെ കാരണം കണ്ടെത്തുക, കാലഹരണപ്പെട്ട ഇന്തോ-യുഎഇ വിമാനയാത്രാ കരാര്‍ പുതുക്കുക, പ്രവാസികൾക്ക് വോട്ടവകാശം നൽകുക, പ്രശ്നപരിഹാരത്തിന് സംയുക്ത നീക്കം നടത്തുക, പ്രവാസി പ്രശ്നങ്ങൾക്കായി ലോക്സഭയിലും രാജ്യസഭയിലും രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ ഒന്നിക്കുക തുടങ്ങിയ കാര്യങ്ങളാണ് സെമിനാറിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരായ എൽവിസ് ചുമ്മാർ, സഹൽ സി മുഹമ്മദ്, എംസിഎ നാസർ എന്നിവർ അഭിപ്രായപ്പെട്ടത്. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, അഷറഫ് പൊന്നാനി, ടി.ഹിദായത്തുല്ല, അഹമ്മദ്, യേശുശീലന്‍, ജോണ്‍ പി വര്‍ഗീസ്, എ.എം. അന്‍സാര്‍ എന്നിവർ പ്രസംഗിച്ചു.
പ്രവാസി വോട്ടവകാശം, സീസൺ സമയത്തെ അനിയന്ത്രിത വിമാന നിരക്ക് എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മിറ്റ് ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ് ഹാളിൽ നടക്കും.