ADVERTISEMENT

ദുബായ്∙  ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് വേദിയിൽ ഒരു യുഎഇ പ്രതിനിധി. ഒക്ടോബറിൽ സ്വകാര്യ ക്ലോസ്ഡ് ഡോർ ഓഡിഷനിൽ മിസ് യൂണിവേഴ്സ് യുഎഇ കിരീടം നേടിയ മോഡൽകൂടിയായ എമിലിയ ഡോബ്രെവയാണ് മെക്സിക്കോ സിറ്റിയിൽ നടന്ന ആഗോള ഇവന്‍റിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.  

ദശാബ്ദത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന 27 വയസ്സുകാരിയായ എമിലിയയുടെ ഭർത്താവ് സ്വദേശിയാണ്. അറബിക് സംസാരിക്കുന്ന ഈ യുവതി  മിസ് യൂണിവേഴ്സിന്‍റെ ഗ്രാൻഡ് ഫിനാലെയിൽ ലോകത്തെ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്കൊപ്പമാണ് യുഎഇക്ക് വേണ്ടി മാറ്റുരച്ചത്. ഡെന്മാർക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം ചൂടിയതെങ്കിലും എമിലിയ ചരിത്രത്തിന്‍റെ ഭാഗമായി. ദേശീയ വേഷവിധാന റൗണ്ടിൽ എമിലിയ  അബായ (പർദ്ദ) ധരിച്ചും ശ്രദ്ധേയയായി.

ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും രണ്ട് വയസുള്ള മകനെയും വിഷമത്തോടെ യുഎഇയിലെ വീട്ടിലാക്കിയാണ് എമിലിയ മൂന്നാഴ്ചത്തേക്ക് മെക്സിക്കോയിലേക്ക് പറന്നത്. പക്ഷേ അത് അവരുടെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു - 20 വർഷത്തിലേറെയായി  കാത്തിരുന്ന നിമിഷങ്ങൾ. 2003-ൽ ആറാം വയസ്സിലാണ് എമിലിയ ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുത്തത്– ലിറ്റിൽ മിസ് യൂണിവേഴ്സ്.  എന്‍റെയുള്ളിൽ യഥാർഥ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള സ്വപ്നം എപ്പോഴും ഉണ്ടായിരുന്നു. മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിക്കാൻ താൻ ആഗ്രഹിച്ചുവെങ്കിലും ആ സമയത്ത് അതിന്  വിദൂര സാധ്യത പോലുമില്ലായിരുന്നുവെന്ന് എമിലിയ പറയുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യഥാർഥത്തിൽ കൊസോവോയിൽ നിന്നുള്ള കുടുംബാംഗമാണ്  എമിലിയ. ഇവരുടെ കുടുംബത്തിലെ മൂന്ന് തലമുറകൾ  ഷാർജയുടെ പ്രാന്തപ്രദേശങ്ങളിലായി താമസിക്കുന്നു. സ്വദേശി കൂട്ടുകാരികൾക്കൊപ്പമാണ് എമിലിയ വളർന്നത്. ഞാൻ ഏക മകളായിരുന്നു.  അയൽക്കാരായ സ്വദേശി പെൺകുട്ടികളായിരുന്നു കൂട്ടുകാർ. അവരുടെ കളികളിൽ എന്നെയും അവർ ഉൾപ്പെടുത്തി. അതുകൊണ്ട് തന്നെ അറബിക് ഭാഷ വളരെ പെട്ടെന്ന് സ്വായത്തമാക്കി – എമിലിയ പറഞ്ഞു

ഒടുവിൽ ആ സന്തോഷ വാർത്തയെത്തി, പക്ഷേ..
2021-ൽ എമിലിയ 18 വർഷമായി കാത്തിരിക്കുന്ന വാർത്തയെത്തി: മിസ് യൂണിവേഴ്സ് മത്സരത്തിൽ യുഎഇക്ക് ഒരു പ്രതിനിധി ഉണ്ടാകും.  അക്കാലത്ത് നിയമങ്ങൾ വ്യത്യസ്തമായിരുന്നു. മത്സരത്തിൽ അവിവാഹിതർക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. അതിനാൽ, ഞാൻ വിവാഹം തത്കാലം വേണ്ടെന്ന് വച്ച് ലക്ഷ്യത്തിലേയ്ക്ക് കഠിനാധ്വാനം ചെയ്തു. മത്സരത്തിൽ ഞാൻ ആദ്യ മൂന്നിൽ ഇടംപിടിച്ചു. പക്ഷേ,  സാങ്കേതിക കാരണങ്ങളാൽ ആ വർഷം യുഎഇ പ്രാതിനിധ്യം റദ്ദാക്കിയതിനാൽ  ഞാൻ തകർന്നുപോയി. എന്‍റെ സ്വപ്നം ഉപേക്ഷിക്കാനും കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണിതെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. അങ്ങനെ  മാസങ്ങൾക്കുള്ളിൽ ഞാൻ വിവാഹിതയായി,  പരമ്പരാഗത ഭാര്യയാകാൻ തീരുമാനിച്ചു.  കുട്ടികളെ പഠിപ്പിക്കുന്ന  ബാലെ സ്കൂളും ഞാൻ ആരംഭിച്ചു. 

എന്നാൽ 2024-ൽ എമിലിയക്ക് മിസ് യൂണിവേഴ്സ് യുഎഇ മത്സരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. അപ്പോഴേക്കും കാര്യങ്ങൾ ഒരുപാട് മാറിയിരുന്നു. 18 നും 28 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ മോഡലുകളെ മാത്രം പങ്കെടുക്കാൻ അനുവദിച്ചിരുന്ന മത്സരം, പ്രായം, ഉയരം, ഭാരം, വൈവാഹിക നില എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും 2023 ൽ നീക്കം ചെയ്തു.   

ഒടുവിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ എമിലിയയുടെ 21 വർഷത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ആ നിമിഷമായിരുന്നു എല്ലാമെന്ന് അവർ പറയുന്നു. എല്ലാം ശരിയാണോ എന്നറിയാൻ ഞാൻ ചിലപ്പോൾ സ്വയം നുള്ളും. ഞാൻ ഇപ്പോൾ ശരിക്കും എന്‍റെ സ്വപ്നത്തിൽ ജീവിക്കുന്നു. എല്ലാ സ്ത്രീകളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. അതിന് ഞാൻ തെളിവാണ്. നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ, അതിന്‍റെ ജ്വാല സജീവമായി നിലനിർത്തുക. നിങ്ങൾ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.

English Summary:

Miss Universe UAE 2024, Making History as the First ever UAE Representative at the Miss Universe Pageant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com