ഉപതിരഞ്ഞെടുപ്പ് ഫലം ആഘോഷിച്ച് പ്രവാസി സംഘടനകൾ
Mail This Article
ദോഹ ∙ ഉപതിരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഖത്തറിലെ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വയനാട്, പാലക്കാട് ലോകസഭാ നിയമസഭാ സീറ്റുകളിൽ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിലിന് അഭിവാദ്യം നേർന്നും വിജയത്തിൽ ആഹ്ലാദം പങ്കിട്ടും കേക്ക് മുറിച്ച് വിജയാഘോഷം നടത്തി.
കെഎംസിസി ഖത്തർ പാലക്കാട് ജില്ല ഒരുക്കിയ വിജയാഘോഷത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദു സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത് എന്നിവർ സംസാരിച്ചു. വയനാട്ടിൽ പ്രിയങ്കാഗാന്ധിക്ക് ലഭിച്ച അത്യുജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎംസിസിയും ഇൻകാസും സംയുക്തമായി വിജയാഘോഷം സംഘടിപ്പിച്ചു. അൽതുമാമയിലെ കെഎംസിസി ആസ്ഥാനത്ത് ഇൻകാസ് ഗ്ലോബൽ ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, യുഡിഎഫ് ഖത്തർ തിരുവമ്പാടി മണ്ഡലം ചെയർമാൻ ഇ.എ. നാസർ, കൺവീനർ കെ.പി.സഫുവാൻ, ട്രഷറർ ടി.പി. അബ്ബാസ്, ഇൻകാസ് മണ്ഡലം പ്രസിഡന്റ് സൗബിൻ ഇലഞ്ഞിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികൾക്ക് ആവേശം പകരുന്നതാണ് എന്നും, സംസ്ഥാന പ്രസിഡന്റ് നിയമസഭയിൽ എത്തുന്നത് പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്നും ഐഐസിസി ഇൻകാസ് യൂത്ത് വിങ് അധ്യക്ഷൻ നദീം മനാറും, ജനറൽ സെക്രട്ടറി ജന്മാസ് യൂസുഫും പറഞ്ഞു.