ഗൾഫിലും കേരളത്തിലെ വിജയാരവങ്ങൾ
Mail This Article
അബുദാബി ∙ കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദം പതിവുപോലെ കടൽ കടന്ന് ജിസിസി രാജ്യങ്ങളിലുമെത്തി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും നേടിയ ആധികാരിക വിജയം യുഡിഎഫ് അണികളെ ആഹ്ലാദത്തേരിലേറ്റി. ചേലക്കരയിലെ യു.ആർ. പ്രദീപിന്റെ ജയത്തിലാണ് എൽഡിഎഫ് അണികൾ പിടിച്ചുനിന്നത്.
എൻഡിഎ അനുഭാവികൾ മഹാരാഷ്ട്രയിലെ ആധികാരിക വിജയത്തെക്കുറിച്ച് വാചാലരായി. കണക്കുകൾ തലനാരിഴയ്ക്ക് കീറിമുറിച്ച് പരിശോധിച്ചും അക്കമിട്ട് നിരത്തിയും വിശകലനം ചെയ്തു പലരും. പാലക്കാട്, വയനാട് വിജയങ്ങളും ചേലക്കരയിലെ വോട്ട് വിഹിതവും കേരളം ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമാണ് തെളിഞ്ഞതെന്നും ചേലക്കരയിൽ ബിജെപിക്ക് വോട്ടു കൂടിയത് ആശങ്കപ്പെടുത്തുന്നുവെന്നും ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ അഭിപ്രായപ്പെട്ടു. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, ബിജെപി തുടങ്ങിയവരുടെ വോട്ട് യുഡിഎഫിന് ലഭിച്ചതാണ് പാലക്കാട് സംഭവിച്ചതെന്നാണ് അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടിയുടെ നിലപാട്. കുപ്രചരണങ്ങൾക്കും തമ്മിലടിപ്പിക്കുന്ന പരസ്യങ്ങൾക്കും ജനമനസ്സിൽ ഇടം കിട്ടില്ലെന്നതിനു തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ പറഞ്ഞു.