ഭക്ഷ്യവിഷബാധ; വിദേശ തൊഴിലാളികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ എസ്എഫ്ഡിഎ
Mail This Article
ജിദ്ദ ∙ ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഭക്ഷണശാലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) സമീപഭാവിയിൽ നടപ്പാക്കാൻ ഉദേശിക്കുന്ന നിർദ്ദിഷ്ട നിയമങ്ങളിലെ വ്യവസ്ഥകളിലൊന്നാണിത്.
ഭക്ഷ്യവിഷബാധയോ ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ കർശനമായ നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാൻ മുനിസിപ്പാലിറ്റി ഭവന മന്ത്രാലയവുമായി ധാരണയിലെത്താൻ അതോറിറ്റി പദ്ധതിയിടുകയാണ്. വിഷബാധയുണ്ടെന്ന് കണ്ടെത്തിയാൽ ഏതെങ്കിലും ഉപകരണങ്ങളോ സാമഗ്രികളോ സ്ഥാപനത്തിൽ നിന്ന് വൃത്തിയാക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക. ലംഘനത്തിനെതിരെ ക്രിമിനൽ ശിക്ഷാ നടപടികൾ സ്വീകരിക്കുക എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.
ഭക്ഷ്യവിഷബാധയോ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കരുതെന്നും സ്ഥാപനത്തിലെ തൊഴിലാളികളുടെ പട്ടിക ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ അന്വേഷണം പൂർത്തിയാക്കുന്നത് വരെ യാത്രാ നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് അഭ്യർഥന സമർപ്പിക്കുകയും ചെയ്യും.