ഡ്രോൺ ഉപയോഗത്തിന് നാളെ മുതൽ ഇളവ്; ആദ്യഘട്ടത്തിൽ ഇളവ് സർക്കാർ വകുപ്പുകൾക്കും കമ്പനികൾക്കും
Mail This Article
അബുദാബി ∙ രാജ്യത്ത് ഡ്രോൺ പ്രവർത്തിപ്പിക്കാനുള്ള വിലക്ക് നാളെ മുതൽ ഭാഗികമായി നീക്കുന്നു. സർക്കാർ വകുപ്പുകൾക്കും വിവിധ കമ്പനികൾക്കുമാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തികൾക്കുള്ള അനുമതി പിന്നീട് പ്രഖ്യാപിക്കും. ദുരുപയോഗത്തെ തുടർന്ന് 2022 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് ഇപ്പോൾ ഇളവ് നൽകുന്നത്.
ഡ്രോൺ ഉപയോഗിക്കുന്ന കമ്പനികളും സർക്കാർ വകുപ്പുകളും ജനറൽ സിവിൽ ഏവിയേഷന്റെ പ്ലാറ്റ്‌ഫോമിൽ റജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും (എൻസിഇഎംഎ), ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോൺ പ്രവർത്തനങ്ങൾക്കുള്ള ഏകീകൃത പ്ലാറ്റ്ഫോം കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും റജിസ്ട്രേഷൻ, പ്രവർത്തന പ്രക്രിയകൾ എന്നിവ ലളിതമാക്കും.
ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേൽക്കാതെയും യുഎഇ വ്യോമാതിർത്തി ലംഘിക്കാത്ത വിധത്തിലുമാകണം സേവനം. ജനറൽ സിവിൽ ഏവിയേഷന്റെ മാർഗനിർദേശം പാലിക്കണം. വാണിജ്യ, കാരുണ്യ, ജീവൻരക്ഷാ പദ്ധതികൾക്കായുള്ള സേവനമാണെങ്കിലും വ്യോമയാന വകുപ്പിൽനിന്ന് അനുമതി നിർബന്ധം. നിയമവും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്ക് 6 മാസം മുതൽ 5 വർഷം വരെ തടവും ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിലെ എയർ സപ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ജമാൽ അൽ ഹൊസാനി പറഞ്ഞു.