ADVERTISEMENT

കുഞ്ഞന്തിമലരിപ്പൂവേ

കുളിർ പെയ്യുന്നോരന്തിയിൽ

ആരെധ്യാനിച്ചു നിൽപ്പുനീ-

യാരാമത്തിന്റെ മൂലയിൽ ?

സ്കൂളിൽ പഠിക്കുമ്പോൾ അന്നത്തെ ബാലരമ എന്ന കുട്ടികളുടെമാസികയിൽ വായിച്ചത് ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. അത് ഒരുഓണപ്പതിപ്പായിരുന്നു എന്നാണ് ഓർമ്മ. കവിതയുടെ ശക്തി, കവിയുടെ അർത്ഥവത്തായ വരികൾ മറവിയിൽപോകാതെ നമ്മോടൊപ്പം! 

 ഈ മനോഹരമായ വരികൾ മഹാകവി ജി ശങ്കരക്കുറുപ്പ് എഴുതിയതാണ്.

ആരെധ്യാനിച്ചു നിൽപ്പുനീ?

കവിക്കു നൽകാൻ എന്റെയുത്തരം , “കുഞ്ഞന്തിമലരിപൂവ് കവിതയെ ധ്യാനിച്ച് ഇരിക്കുകയാണ് “ എന്നും. 

കവി എഴുതിയ പോലെ വെറും കുളിർ അല്ല, ഇവിടെ ന്യൂജഴ്‌സിയിൽ. 

ശരിക്കും മഞ്ഞു വീഴുന്നു. 

ന്യൂജഴ്‌സിയിലെ വീട്ടിന്റെ പുറകിലെ പച്ചപുൽപരപ്പിലാണ് കുഞ്ഞന്തിമലരിപ്പൂവിന്റെ സാമ്രാജ്യം. പുൽപരപ്പ് എത്രയും പെട്ടെന്നത് വെളുത്ത പട്ടു പരവതാനിപോലെയായി.മഞ്ഞിലിരുന്നാൽ തണുത്തുറയുന്ന മനസ്സിൽ കാച്ചിക്കുറുക്കിയവരികൾ മുള പൊട്ടുമോ?മലയാളം കവിത മനോഹരമാകണമെങ്കിൽ കേരളത്തിലിരുന്നെഴുതണം. എങ്കിലും പുറം ലോകത്തു ജീവിക്കുമ്പോൾ. ഒരു ശ്രമം നടത്തുന്നു നമ്മളൊക്കെ.മഹാകവിയെപ്പോലെ ജൻമസിദ്ധമായി കിട്ടാത്ത കഴിവുകൾ ധ്യാനത്തിലൂടെ നേടുന്നതെങ്ങിനെ? 

my-creatives-1

20 ഓഗസ്ത് 2023. ന്യൂയോർക്കിൽ നിന്ന് നാട്ടിലേക്ക് വിമാനംകയറി. ഇത്തവണത്തെ ഓണം നാട്ടിലാവാമെന്ന് കരുതി ഒരു ലോകയാത്ര. പിന്നെ നാട്ടിലെത്തിയാൽ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിക്കണം .പുറപ്പെടുമ്പോൾ അങ്ങിനെയൊരാഗ്രഹത്തെയും കൂടെ കൂട്ടി.ഒരു കെട്ട് കവിത എഴുതിവച്ചത് ബാഗേജിലുണ്ട്.  അമേരിക്കയിലിരുന്ന് ജോലിതിരക്കിനിടയിൽ സമയംകണ്ടെത്തി എഴുതി കൂട്ടിയ നൂറോളം മലയാളം കവിതകൾ.

my-creatives-1
പ്രസന്നകുമാർ അടുത്തില

ഓർത്തപ്പോൾ കുറച്ചു അഭിമാനം വരാതില്ല, മലർപൊടിക്കാരൻ ദിവാസ്വപ്നം നെയ്തു തുടങ്ങി, കുടെ ഇത്തിരി തലക്കനവും മെല്ലെ വരുന്നുണ്ടോ എന്നു സംശയം. പുസ്തകമിറക്കാൻ എല്ലാവർക്കും കഴിയുമോ? എന്റെ ആദ്യത്തെ പുസ്തകം വരാൻ പോകുന്നു. നിറയെ ജീവൻ തുടിക്കുന്ന കവിതകൾ. അതോടുകൂടി നാട്ടിൽ മുഴുവൻ കവി എന്ന് പേര് വരുമായിരിക്കും..പണ്ട് മാഷ് പറഞ്ഞതുപോലെ. അംഗീകാരം കിട്ടണമെങ്കിൽ ഒരു പുസ്തകം ഇറക്കണം, ആളുകൾ വായിക്കണം. 

“ എന്നാൽ ചിലരെങ്കിലും നിങ്ങൾക്ക് കവി എന്ന് പേരു തരും..

എന്നാലുമത് മഹാകവി എന്നതിന്റെ ഒരു പകുതി മാത്രമെ വരത്തുള്ളു.

കവികൾ നിറയെയുണ്ട്. പക്ഷെ മഹാകവികളോ, വിരലിലെണ്ണാൻ മാത്രം ല്ലേ?”

അപ്പോൾ മഹാകവി എന്നു വിളിക്കണമെങ്കിലോ?

മഹാകവിയാകണം!

മാഷ് ഉപദേശിച്ചു, “ അടുത്ത ജന്മത്തിലങ്ങിനെയാവാൻ പ്രാർത്ഥിക്കുക”

പെട്ടെന്ന് എയർ ഹോസ്റ്റസ് അറിയിച്ചു , നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിക്കുക. നമ്മൾ പറന്നുയരാൻ പോകുന്നു. അതെ, പറന്നുയരാൻ പോകുന്നു. നാട്ടിൽ എത്തിയ ഉടനെ. അപ്പോൾ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് ഈ യാത്രയിൽ?. സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു.  ജീവിതത്തിൽ ആദ്യത്തെ അനുഭവം.എല്ലാവരും വായിക്കുന്നു. വായനക്കാർ പ്രശംസ ചൊരിയുന്നു.

കവിത വായിച്ച്, പതിയെ പതിയെ കേരളത്തിലെ ആസ്വാദകവൃന്ദം മുഴുവൻ ഇളകിമറിയുന്നു. പിന്നെ തുടക്കക്കാരനുള്ള ഒരു അക്കാദമി അവാർഡ് , അല്ലെങ്കിൽ ഒരു സ്പെഷൽ ജൂറി പരാർശം,ഓർക്കുമ്പോൾ തന്നെ കുളിരു വരുന്നുണ്ട്.(കാര്യസാദ്ധ്യത്തിന് ആരെയെങ്കിലും പിടിക്കണമെങ്കിൽ നാട്ടിലെത്തിയിട്ട് അതുമാവാം)

പിന്നെ,പത്രങ്ങളിലൊക്കെ പുഞ്ചിരിക്കുന്ന ഒരു ചിത്രം!  കനം കൊണ്ടാണോ, തലയിപ്പോൾ അനക്കാൻ പറ്റുന്നില്ല.സഹയാത്രികൻ നല്ല ഉറക്കത്തിലാണ്, ഒരു കൈ എന്റെ തലയ്ക്ക്മുകളിലും. ഞാൻ സ്വപ്നലോകത്ത് ഓരോന്ന് ആലോചിച്ച് കൂട്ടി ഉറക്കമില്ലാതെയും. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ കവിതയെഴുതുന്നതും അധ്യാപകരെ കാണിക്കുന്നതും , ചിലത് പ്രസിദ്ധീകരിച്ചുകാണുന്നതുമൊക്കെ സന്തോഷകരമായ അനുഭവങ്ങളായിരുന്നു.

മാടായി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ യുവജനോൽസവത്തിൽ കവിതയ്ക്ക് സമ്മാനംകിട്ടിയത് വലിയ അംഗീകാരമായി അന്ന് തോന്നിയിരുന്നു അധ്യാപകരുടെ മുന്നിൽ. ആ കവിത കവയത്രി സുഗതകുമാരിക്ക് അയച്ചുകൊടുത്തു. അവരത് തളിര് മാസികയിൽ പ്രസിദ്ധീകരിച്ചു. ആദ്യമായി അങ്ങിനെയൊന്ന് അച്ചടിച്ചു വന്നത് സ്കൂളിലെ വായനശാലയിലാണ് കണ്ടത്. 

പിന്നെ ഇനിയും ക്ലാസ് ഉണ്ടെന്നു പോലും ചിന്തിക്കാതെ ബാഗും ചോറ്റു പാത്രവുമൊക്കെ ക്ലാസിലുള്ളത് മറന്ന്, അതിന്റെ കോപ്പിയെടുത്ത് അമ്മയെ കാണിക്കാൻ എരിപുരത്തു നിന്ന് അടുത്തില വരെ അര മണിക്കൂർ ദൂരം റോഡരികിലൂടെ ഓടിയ ഒരോട്ടം ഇന്നും മറന്നിട്ടില്ല.  എന്റെ സന്തോഷം കണ്ട് അമ്മ അന്ന് കരഞ്ഞു.പിന്നെ ഞാനും. ഒരാഴ്ച കഴിഞ്ഞുകാണും, തളിരിന്റെ കോപ്പി തപാലിൽ വന്നു. സുഗതകുമാരിയുടെ കുറിപ്പും പിന്നെ 15 രൂപയുടെ ചെക്കും അതിനകത്ത്. ആദ്യമായി കിട്ടിയ പ്രതിഫലം.

 ജീവനുള്‌ളായോധനത്തിൽ നീയേത്

ആയുധമേന്തണമെന്നകാര്യം

ഹന്ത സങ്കൽപ്പിപ്പതില്ല ഞാനെൻ

ക്രാന്തദർശിത്വക്കുറവുമൂലം

 എന്നുപദേശിച്ച , അല്ല ഉപദേശിക്കാൻ കരുത്തില്ല എന്ന് സ്വയംവിധിയെഴുതിയ ഗുരുക്കൻമാരെ വണങ്ങി ആയുധങ്ങൾ തേടി നാടുവിട്ടു. കവിത ആയുധങ്ങളുടെ കാഠിന്യത്തിൽ അകന്നകന്നു പോയോ? ഒരു നീണ്ട ഇടവേളയ്ക്കുശേഷമെഴുതിയ  ചില വരികൾ(കവിതയെന്നു  വിളിക്കാനുള്ള മടി)  ഈയിടെ ഇമെയിൽ മുഖേന  പഴയ ഗുരുനാഥന് അയച്ചു കൊടുത്തിരുന്നു. മറുപടിയൊന്നും കണ്ടില്ല. 

 ചില ആഴ്ചപ്പതിപ്പുകൾക്കയച്ചതിനും മറുപടി വന്നില്ല. എന്റെ ചിലഅനുഭവക്കുറിപ്പുകൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കാണുകയുണ്ടായെങ്കിലും.പക്ഷെ എന്റെ ലക്ഷ്യം ഒരു കവിയായി അറിയപ്പെടുകയാണ്! പതിവിൽ കവിഞ്ഞ താൽപ്പര്യവും ജിജ്ഞാസയുമൊക്കെചേർന്ന്നാട്ടിലെത്തി. യാത്രാക്ഷീണം തീരും മുമ്പ് തന്നെ പഴയ ഗുരുനാഥനെ ചെന്നു കണ്ടു, കവിതകൾ ഒരു പുസ്തകമാക്കിയാലോ എന്നാലോചനയുണ്ടെന്നു ആഗ്രഹം പറഞ്ഞു. കവിത “തുളുമ്പുന്ന” ഒരകടലാസു കെട്ട് ഞാൻ ബാഗിൽ നിന്ന് മെല്ലെ പുറത്തെടുത്തു.

 മറുപടി,“എന്തിനാണ് താൻ പൈസ കളയുന്നത്, അക്ഷരമറിയുന്നവരും അറിയാത്തവരുമൊക്കെ കവിതയെഴുതുന്നകാലമാണ്”

 “എല്ലാവർക്കും സർഗവാസന വന്നോ എന്നു ഒരു സംശയം”,  എന്റെ വാടിപ്പോയ മുഖത്തു നോക്കി സാറ് ചിരിച്ചു. എഴുതിയതൊക്കെ അവനവനല്ലാതെ മറ്റാരും വായിക്കുന്നുമില്ല. ഗുണമുള്ളതൊന്നും ആരും എഴുതിക്കാണുന്നില്ല ഇപ്പോൾ.  പിന്നെ എഴുതിവന്നാലും വായിക്കാൻ പരദൂഷണം കഴിഞ്ഞ് ആൾക്കാർക്ക് സമയം വേണ്ടേ.അതും ഒരു പ്രശ്നമാണ്. പുസ്തകവായന അത്യാവശ്യം ചില പഴമക്കാരുടെ പണിയായി മാറി.

അപ്പോ എന്തിനാ പുസ്തകമാക്കി പൈസ കളയുന്നത്? കടലാസുകെട്ട് തിരിച്ചു ബാഗിലിട്ടു. 

 എന്നിട്ടും ആഗ്രഹം പിന്നെയും. കണ്ണൂരിലെ പരിചയമുള്ള പുസ്തക പ്രസാധകനെ കണ്ടു. ആഗ്രഹം പറഞ്ഞു. കുറേ കവിതകൾ മുന്നേ അയച്ചു കൊടുത്തിരുന്നു. മറുപടിയുണ്ടായില്ല ഒന്നിനും.  “കവിത ആർക്കും വേണ്ട!”അയാൾ പറഞ്ഞു, ‘ഭാവികവി’യുടെ മുഖത്ത് നോക്കി തന്നെ.  എന്നാൽ എല്ലാവരും എഴുതുന്നുമുണ്ട്! ആഴചപ്പതിപ്പുകളൊക്കെ നോക്കിയാൽ നിറയെ കവിതയാണല്ലോ. എന്റെതും ചിലത് ഈയിടെ വന്നതാണല്ലോ.

 “പ്രിന്റു ചെയ്യാം. ആയിരം കോപ്പിയും സാറ് തന്നെ വാങ്ങണം” എനിക്ക് മനസ്സിലായില്ല. “എന്നിട്ട് നമുക്ക് രണ്ടാമത്തെ എഡിഷനിറക്കാം. എന്നിട്ട്, ഒരുമാസത്തിനുള്ളിൽ ഒന്നാമത്തെ എഡിഷൻ വിറ്റു തീർന്നു” എന്ന് പത്രങ്ങളിൽ ഒരു പരസ്യം കൊടുക്കുക. ചിലപ്പോൾ ക്ലിക്കാവും! സാറിന് വേണമെങ്കിൽ ഒരഞ്ചാറ് എഡിഷനിറക്കാമല്ലോ. ഒന്നിനു പുറകെ ഒന്നായി.  അത് വ്യവസായിക ബുദ്ധി. സാറിന് ചെലവ് - പ്രശ്നം - അല്ലല്ലോ. എങ്ങിനെ? അല്ല സാറിന് പൈസപ്രശ്നമല്ലല്ലോ, അല്ലേ? അതുകൊണ്ട് പറഞ്ഞത്. പൈസ, പിടിപാട്. ഇതുരണ്ടുമുള്ള ചിലരൊക്കെ കഴിവില്ലെങ്കിലും രക്ഷപ്പെടുന്നുണ്ട്.

പ്രസാധകനിലെ ബിസിനസുകാരൻ തുടർന്നു. അപ്പോൾ എനിക്ക് കഴിവ് ഇല്ല, അല്ലേ? അയച്ചുതന്നത് എല്ലാം വായിച്ചു എന്ന് തോന്നുന്നു. പണ്ട് കവിത എന്നാൽ സാഹിത്യത്തിലെ അമൃത് പോലെ.അധികമായാൽ അമൃതും വിഷം, എന്നത് ശരി.

 “പണ്ട് തളിരിൽ കവിത വന്നപ്പോൾ അത് വലിയ സംഭവമായി തോന്നി, സ്കുളിലെനിക്ക് ഇത്തിരി തലക്കനം വന്നു”, അന്നത്തെ കുശലഭാഷണത്തിനിടയിൽ ഞാൻ മാഷോട് സമ്മതിച്ചു.

“സാരമില്ലെടോ, നീ അന്ന് കുട്ടിത്തലയായിരുന്നില്ലേ, എനിക്ക് നിന്നെ അന്നേ അറിയുന്നതല്ലേ. ഞാനത് ക്ഷമിച്ചു. ഇവിടെയിപ്പം വലിയവർക്ക് മുഴുവനും അതേയുള്ളൂന്ന് പറയാം”

 എന്നിട്ട് മാഷ് സ്വകാര്യം പറയുന്നതു പോലെ അടുത്ത് വിളിച്ചു, എന്നിട്ട് ഇങ്ങിനെ എന്നെ ഉപദേശിച്ചു. താൻ പണ്ട് എഴുതിയിരുന്നത് ഒകെ. അവ എനിക്ക് ഇഷ്ടമായിരുന്നു. വൃത്തം, ഭാവന ഒക്കെ കണ്ടിരുന്നു. താനതൊക്കെ മറന്നൂ, ല്ലേ? പൊറത്തു പോയി വായനകുറഞ്ഞു. പിന്നെ, സമകാലികം എന്നൊന്നുണ്ട് എഴുത്തിൽ. താനെഴുതുന്നത് പണ്ടത്തേതിലും പെടില്ല സമകാലികത്തിലും പെടില്ല। മാഷ് തുടർന്നു,ഈയിടെ എനിക്കയച്ചുതന്നത് വായിച്ചു.മറുപടി എഴുതാൻ തോന്നീല്ല. 

 എന്തിനാടോ സമയം ഇങ്ങിനെ പാഴാക്കുന്നത് താനെഴുതിയപോലുള്ള എഴുത്താണ് ഇന്ന് കവിതയുടെ അന്തകൻ. താത്പര്യമുണ്ടെങ്കിൽ  നല്ല കുറച്ച് കവികളിപ്പോഴുമുണ്ടല്ലോ അവരുടെ കവിതകൾ വായിക്കുക. നന്നായി വരും. മാഷ് അങ്ങിനെയാണ്, മനസ്സിലുള്ളത് തുറന്നു പറയും. “കവിത അമൃത് പോലെതന്നെ ഉപയോഗിക്കണം. കുറച്ചു വാക്കുകളിൽഒരു ജീവിതം രൂപീകരിക്കാനുള്ള  കഴിവ്  കവിതയ്ക്കു മാത്രം ഉള്ളത്. അല്ലേ?”

 ഗുരുവിന്റെ കാൽ തൊട്ടു വണങ്ങി ഞാൻ കാറിലേക്കു കയറി. എന്റെ തലയ്ക്ക് ഇപ്പോൾ കനം ഒട്ടുമില്ല!

 സെപ്തംബർ 16 ന് തിരിച്ച് അമേരിക്കയിലെത്തി. ന്യൂജഴ്‌സിയിലെ വീട്ടിൽ എത്തിയതും പെട്ടികളൊന്നൊന്നായി തുറന്നു നോക്കി. ഭാര്യ ചോദിച്ചു, അല്ല നിങ്ങൾ. എന്താ ഇത്ര കാര്യമായി പരുതുന്നത്?. നാട്ടിലേക്ക് കൊണ്ടു പോയ ആ ഒരു കെട്ടു കടലാസ് അബദ്ധത്തിലെങ്ങാനും തിരിച്ചെത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഞാൻ.

ഇന്നലെ രാത്രിയിലെന്റെ വാച്ചു നിലച്ചു പോയ്

ക്ലാവു പിടിച്ചൊരു ഹൃദയം ഇനിയെന്റെ 

കൈത്തണ്ടയിൽ സ്പന്ദിക്കില്ല.

നിലച്ച വാച്ച്. 

ബാലചന്ദ്രൻ ചുള്ളിക്കാടിന്റ വരികൾ വീണ്ടും മനസ്സിലോടിയെത്തി.  പണ്ടെപ്പൊഴോ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചത്. നിലച്ചു പലതും.നിലച്ച ഒരു കവിഹൃദയവും.അതിൽ കവിതയെക്കാളേറെ ജീവിതം സ്പന്ദിക്കുന്ന പോലെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com