സ്ത്രീതന്നെ ധനം; വാക്കുകൾ വായിച്ചു ക്ഷീണിക്കുമ്പോൾ
Mail This Article
സ്ത്രീധനത്തെക്കുറിച്ചും സ്ത്രീ പീഡനത്തെക്കുറിച്ചുമൊക്കെ ഒരു പാട് പേർ എഴുതിയും നമ്മൾ വായിച്ചും ക്ഷീണിച്ചു. എനിക്ക് പറയാനുള്ളത് അതിന്‍റെ മറ്റൊരു ഭാഗമാണ്. നിങ്ങളിന്നു കാണുന്ന, വായിക്കുന്ന, അറിയുന്ന മുഹ്സിന യെക്കുറിച്ച്, അതായത് എന്നെക്കുറിച്ച് തന്നെ, അതിലുപരി ഞാൻ ദുആ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്ന എന്‍റെ കുടുംബത്തെക്കുറിച്ച്....
ഇത് ഞാനിവിടെ പറയാൻ കാരണം, പ്രതിസന്ധികൾ കാരണം മരിച്ചവരല്ലാതെ, ജീവിത പ്രതിസന്ധി തരണം ചെയ്ത ഒരുപാട് പെൺകുട്ടികളും കുടുംബങ്ങളും വളരെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തണമെന്ന് തോന്നി... എന്‍റെ രക്ഷിതാക്കൾ എന്നെ 18 വയസ്സിൽ കല്ല്യാണം കഴിപ്പിച്ചു. നല്ല രീതിയിൽ സ്വർണ്ണമൊക്കെ അണിയിച്ചിട്ടു തന്നെയായിരുന്നു കല്യാണം.
നിക്കാഹ് കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർതൃവീട്ടിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ ഞാൻ ആറു മാസവും ഇരുപതു ദിവസവും താമസിച്ചു. മൊത്തം ഒരു വർഷമേ ആ വിവാഹത്തിന് ആയുസ്സുണ്ടായതുള്ളൂ. ഡിഗ്രി ആദ്യ വർഷം പരീക്ഷ തുടങ്ങാറായപ്പൊ ഒരു ദിവസം ഞാൻ ഉപ്പാന്‍റെ കൂടെ എന്‍റെ വീട്ടിലേക്ക് വന്നതാണ്. പിന്നീട് അവരെന്നെ കൊണ്ടു പോയില്ല.
ഇങ്ങിനെയൊരു വാർത്ത എന്നിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ആ സമയം എനിക്ക് ആദ്യം തോന്നിയത് ആത്മഹത്യ ചെയ്യാൻ തന്നെയാണ്. എനിക്കിനി ജീവിക്കണ്ട എന്നും പറഞ്ഞ് ഞാൻ കരഞ്ഞപ്പൊ "ന്നാ ജെജാന്ന് ആദ്യം പോയി മരിച്ചുവാന്ന്’’ പറഞ്ഞ് എന്‍റെ കുടുംബം സകല പ്രോത്സാഹനവും തന്ന് പൊട്ടിക്കരഞ്ഞിരുന്ന എന്നെ ചിരിപ്പിച്ചു.
അവിടുന്നിങ്ങോട്ട് കുടുംബത്തിലെ ഓരോരുത്തരും എന്നെ ചേർത്തു പിടിച്ചു. തള്ളക്കോഴിയുടെ ചിറകിലൊളിക്കുന്ന കോഴിക്കുഞ്ഞിനെപ്പോലെ ഞാൻ കുടുംബത്തിന്‍റെ തണലിൽ പതുങ്ങി. പരീക്ഷയും പഠനവും എല്ലാം ഉപേക്ഷിക്കാൻ നിന്ന എന്നെ വടിയെടുത്ത് ഉപ്പ കോളേജിലേക്ക് ഓടിച്ച് വിട്ടു. കോളേജിൽ ചെന്നാൽ ഒറ്റക്കിരിക്കാൻ പോലും സമ്മതിക്കാത്ത കൂട്ടുകാർ, അവർക്കിടയിൽ അവരിലൊരാളായി എന്നെയുമിരുത്തും. ഉള്ളിൽക്കരഞ്ഞും പുറത്ത് പൊട്ടിച്ചിരിയുമായി ഞാനും കൂടും. പതിയെപ്പതിയെ സങ്കടമെല്ലാം ഉള്ളിലൊതുക്കാനും എന്നെ സ്നേഹിക്കുന്നവരെ മനസ്സിലാക്കുവാനും ഞാനും പഠിച്ചു.
നല്ലവരായ എന്‍റെ സഹപാഠികളും അധ്യാപകരും എനിക്ക് പ്രചോദകരായി. എനിക്കിനി പഠിക്കേണ്ടെന്ന് പറഞ്ഞ് കരഞ്ഞ ഞാൻ ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ എന്‍റെ കൂട്ടുകാരെ കാണാതെ ഇരിക്കാൻ വയ്യെന്ന അവസ്ഥയിലെത്തി. എന്‍റെ സങ്കടങ്ങളും വിഷമങ്ങളും എന്‍റെ അധ്യാപകരോടു പോലും തുറന്നു പറയാൻ എനിക്കീ കാലയളവിൽ കഴിഞ്ഞു.
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഇതാണെന്ന് വിശ്വസിച്ച് കരഞ്ഞ് ദിവസങ്ങൾ തള്ളി നീക്കിയിരുന്ന എന്നോട് ഇതൊക്കെ ജീവിതത്തിൽ അത്ര പ്രാധാന്യം കൊടുക്കേണ്ടാത്ത ഒരു വിഷയമാണെന്നാണ് എന്നോട് ആ സമയത്ത് ഉമ്മയുടെ ഗുരുവും ഉപ്പയുടെ സുഹൃത്തുമായൊരാൾ പറഞ്ഞത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം അനുഭവത്തിലൂടെ പറഞ്ഞ ആ വാക്കുകൾ വളരെ ശരിയാണെന്നെനിക്കും ബോധ്യമായി. നീ പഠിക്ക്... പഠിച്ചൊരു ജോലി നേട് എന്നെല്ലാവരും പറഞ്ഞു തന്നു. ഒന്നു രണ്ടു പേർ സംസാരമല്ലാതെ എന്‍റെ നാട്ടുകാരുടെ സ്നേഹത്തിനു മുൻപിലും ഞാൻ തോറ്റു പോയി.
അങ്ങിനെ പഠിച്ചു ഡിഗ്രി കഴിഞ്ഞു. ബാങ്കിൽ ജോലിയും കിട്ടി. എന്നെ അന്വേഷിച്ചു വരുന്ന കല്യാണ ആലോചനകളിലെല്ലാം ജോലി കളഞ്ഞിട്ട് വിവാഹമില്ലെന്ന് ഉപ്പ തീർത്തു പറഞ്ഞു. അങ്ങിനെ ഉപ്പാന്‍റെ ഉറച്ച തീരുമാനത്തിന്‍റെ ബലത്തിൽ മറ്റൊരു വിവാഹം കഴിച്ച് ഭർത്താവും മക്കളുമൊന്നിച്ച് ഞാനിന്നും സന്തോഷത്തോടെ ജീവിക്കുന്നു..
സർവ്വശക്തന് സ്തുതി...
നമ്മുടെ സ്നേഹ വലയത്തിനുള്ളിലുള്ളവരോട് നമ്മുടെ കാര്യങ്ങൾ തുറന്നു പറയാൻ ഓരോ പെൺകുട്ടിയും തയ്യാറാവണം. നമ്മൾ എന്തു വലിയ തെറ്റാണ് ചെയ്യുന്നതെന്നും ആ സമയത്ത് അവർ ഓർക്കില്ല. അപ്പോൾ ആ നിമിഷത്തെ വേദന മാത്രമേ ഓർക്കൂ. രക്ഷിതാക്കളിൽ മക്കൾക്ക് വിശ്വാസം വരിക തന്നെ വേണം. നീയവിടെ സഹിച്ച് നിൽക്ക് എന്നതിന്നു പകരം നിനക്ക് പറ്റില്ലങ്കിൽ ഇങ്ങോട്ട് പോരൂ എന്നും ഞാനെന്‍റെ മകളെ കൊണ്ടുപോവുകയാണെന്നും പറയാനുള്ള ആർജ്ജവം രക്ഷിതാക്കൾ കാണിക്കാത്തിടത്തോളം കാലം പെൺമക്കൾ ആത്മഹത്യ ചെയ്തേക്കും