നോമ്പാചാരണത്തിനു ശേഷം ഉയര്‍പ്പ് ആഘോഷിക്കുവാന്‍ ഒരുങ്ങുന്നവര്‍
Mail This Article
ആഗോള ക്രൈസ്തവ ജനത 50 ദിവസത്തെ വലിയ നോമ്പാചരണം ആഘോഷമായി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. ഭയഭക്തിയോടും, വൃതാനുഷ്ഠാനങ്ങളോടും ആരംഭിച്ച നോമ്പ് കാലയളവില്‍ ജീവിതത്തിലെ പലദുശ്ശീലങ്ങളോടും വിട പറഞ്ഞവര്‍ നിരവധിയാണ്. ഈ ദിവസങ്ങളില്‍ മനസ്സിനെ പാകപ്പെടുത്തി എടുത്തവര്‍ വീണ്ടം പൂര്‍വ്വസ്ഥിതിയിലേക്ക് മനസ്സിനെ തിരിച്ചു വിടുന്നു.
സംഭാഷണത്തിനിടയില്‍ ഒരു സുഹൃത്തിനോടും ചോദിച്ചു നൊയമ്പില്‍ താങ്കള്‍ മദ്യം കൈകൊണ്ടുപോലും തൊട്ടിട്ടില്ലലലോ, ജീവിതക്കാലം മുഴുവന്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ സാധിക്കുമോ? മറുപടി ഇപ്രകാരമായിരുന്നു. ഞാന്‍ വെള്ളിയാഴ്ച രാത്രി കഴിയുവാന്‍ കാത്തിരിക്കയാണ്.
ക്രിസ്തുവിന്റെ ജനനത്തേയും, കുരിശുമരണത്തേയും, ഉയിര്‍പ്പിനേയും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിച്ചു ആത്മസംതൃപ്തി അടയുന്നവരാണ് ഭൂരിപക്ഷവും. ആഘോഷങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ അനുഭവം മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതാണ്. ഒരിക്കല്‍ ക്രിസ്തു ലോകരക്ഷിതാവായി ഭൂമിയില്‍ പിറന്നുവെങ്കില്‍, വീണ്ടും വരുന്നത് തന്റെ വിശുദ്ധന്മാരെ ചേര്‍ക്കുന്നതിനും ശേഷിക്കുന്നവര്‍ക്ക് ന്യായവിധിക്കുമായിരിക്കും. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിട്ടുള്ളവര്‍ ജീവിതത്തെ പൂര്‍ണ്ണമായും ക്രമപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിന്റെ കഷ്ടപാടുകളുടെ പൂര്‍ണ്ണത നാം ദര്‍ശിക്കുന്നത് കാല്‍വറിമലയില്‍ ഉയര്‍ത്തപ്പെട്ട ക്രൂശിലാണ്. സ്വന്തം ജനം ക്രൂരമായി തന്റെ ശരീരത്തെ ഭേദ്യം ചെയ്തപ്പോഴും, പട്ടാളക്കാരുടെ ഇരുമ്പാണികള്‍ ഘടിപ്പിച്ച ചാട്ടവാര്‍ ശരീരത്തില്‍ ആഞ്ഞു പതിച്ചപ്പോഴും, താടിരോമങ്ങള്‍ ആദ്രതയില്ലാത്ത പട്ടാളക്കാര്‍ പിഴുതെടുത്തപ്പോഴും അനുഭവിക്കാത്ത അതികഠിനമായ മാനസിക വ്യഥയായിരുന്ന നഷ്ടപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശില്‍ താന്‍ അനുവഭിച്ചത്- സ്വന്തം തോളില്‍ തലചായ്ച്ച് പ്രാണനെ പിതാവിന്റെ കയ്യില്‍ ഭാരമേല്‍പ്പിച്ചു മരണത്തിനു കീഴ്‌പ്പെട്ട ക്രിസ്തുദേവന്റെ പീഢാനുഭവവും, കുരിശുമരണവും സ്മരിക്കുന്നതിനായി 50 നോമ്പു ദിനങ്ങളില്‍ നാം എടുത്ത എല്ലാ പ്രതിജ്ഞകളും സ്ഥായിയായി നിലനിര്‍ത്തുവാന്‍ ബാധ്യസ്ഥരാണ്. ഓരോ ദിവസവും ഇതോര്‍ക്കുകയും, ജീവിതം പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍. ഭാഗ്യവാന്മാരുടെ പട്ടികയില്‍ നാം സ്ഥാനം പിടിച്ചിട്ടുണ്ടോ? നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു നിന്നും ഉയരുന്ന ഉത്തരം ഈ ചോദ്യത്തിന് അനുകൂലമാണോ എന്ന് സ്വയം പരിശോധന ചെയ്യാം. മരണത്തെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി ഉയര്‍ത്തെഴുന്നേറ്റ് ജീവന്‍ പ്രദാനം ചെയ്ത് തന്നില്‍ വിശ്വസിക്കുന്നവരെ ചേര്‍ക്കുവാനായി വീണ്ടും വരുന്ന ക്രിസ്തുവിനെയത്രേ പ്രത്യാശയോടെ നാം കാത്തിരിക്കേണ്ടത്. ഉയിര്‍പ്പിന്റെ പുതുപുലരി ആശംസിക്കുന്നു.