സമൂഹമാധ്യമത്തിൽ മരണത്തെ സൂചിപ്പിക്കുന്ന സന്ദേശങ്ങൾ; പിന്നാലെ യുവ മാധ്യമപ്രവർത്തക തടാകത്തിൽ മരിച്ച നിലയിൽ
Mail This Article
ധാക്ക∙ യുവ മാധ്യമപ്രവർത്തകയുടെ മൃതദേഹം ബുധനാഴ്ച ബംഗ്ലാദേശിലെ തടാകത്തിൽ നിന്ന് കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗാളി ഭാഷയിലുള്ള ഒരു വാർത്താ ചാനലിന്‍റെ ന്യൂസ് റൂം എഡിറ്ററായിരുന്നു സാറ രഹനുമ(32) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ധാക്കയിലെ ഹതിർജീൽ തടാകത്തിൽ ബുധനാഴ്ച പുലർച്ചെയാണ് രഹനുമയുടെ മൃതദേഹം കണ്ടെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകയെ കണ്ട ഒരു വഴിയാത്രക്കാരൻ തടാകത്തിൽ നിന്ന് വലിച്ച് കരയിലെത്തിച്ചു. പിന്നീട് ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് (ഡിഎംസിഎച്ച്) കൊണ്ടുപോയി. പുലർച്ചെ 2 മണിയോടെ (പ്രാദേശിക സമയം) ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ആശുപത്രി പൊലീസ് ഔട്ട്‌പോസ്റ്റിന്‍റെ ചുമതലയുള്ള ഇൻസ്‌പെക്ടർ ബച്ചു മിയ സാറാ രഹനുമയുടെ മൃതദേഹം കണ്ടെടുത്തത് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുമ്പ്, ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് പ്രൊഫൈലിൽ രഹനുമ രണ്ട് പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു - ഒന്ന് രാത്രി 10.24 നും മറ്റൊന്ന് 10.36 നും.
ബംഗാളിയിലായിരുന്നു ആദ്യ പോസ്റ്റ്. 'മരണവുമായി പൊരുത്തപ്പെടുന്ന ജീവിതം നയിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്' എന്നായിരുന്നു ആദ്യത്തെ പോസ്റ്റിലെ സന്ദേശം. രണ്ടാമത്തെ പോസ്റ്റ് ഫൈസലിന്‍റെ ഒപ്പം ധാക്ക സർവകലാശാലയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു .'നിന്നെ പോലൊരു സുഹൃത്തിനെ കിട്ടിയതിൽ സന്തോഷം. ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിന്‍റെ എല്ലാ സ്വപ്നങ്ങളും ഉടൻ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ഒരുമിച്ച് ഒരുപാട് പ്ലാൻ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ക്ഷമിക്കണം, നമ്മളുടെ ആസൂത്രണങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,' സാറ എഴുതി.
ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11.25 ന്, ഫാഹിം ഫൈസലിന്‍റെ കമന്‍റ് വന്നു .'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല സുഹൃത്ത് നീയാണ്, ഈ സൗഹൃദം നശിപ്പിക്കരുത്! സ്വയം വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത്' എന്നായിരുന്നു കമന്‍റ്.
മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാധ്യമപ്രവർത്തകയുടെ മൃതദേഹം ഡിഎംസിഎച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഇൻസ്പെക്ടർ ബച്ചു മിയ പറഞ്ഞതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
സാറ രഹനുമയുടെ മരണത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും, പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ്, രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.