ADVERTISEMENT

സിഡ്നി∙ ജയിലിൽ വച്ചുണ്ടായ പ്രണയം കലിസ്റ്റ മ്യൂറ്റന് സമ്മാനിച്ചത് തീരാവേദനയാണ്.  ഈ പ്രണയത്തിന് കലിസ്റ്റയ്ക്ക് നൽകേണ്ടി വന്ന വില 9 വയസ്സുകാരിയായ മകൾ ചാർലിസ് മ്യൂറ്റന്‍റെ ജീവനായിരുന്നു. മുൻ പ്രതിശ്രുത വരനിൽ വിശ്വാസമർപ്പിച്ചതിൽ അഗാധമായ പശ്ചാത്താപമുണ്ടെന്ന് കലിസ്റ്റ കഴിഞ്ഞ ദിവസം ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

∙ എന്താണ് സംഭവിച്ചത്?
കലിസ്റ്റയും ജസ്റ്റിൻ സ്റ്റെയ്‌നും ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും ഒന്നിച്ച് മികച്ച ഭാവി സ്വപ്നം കണ്ടു. പുറത്തിറങ്ങിയ ശേഷം ഒരുമിച്ച് താമസം തുടങ്ങി. 2022ലെ ക്രിസ്മസ്  അവധിക്കാലത്ത് കലിസ്റ്റയ്ക്കും സ്റ്റെയ്‌നുമൊപ്പം താമസിക്കാൻ മുത്തിശ്ശിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കലിസ്റ്റയുടെ 9 വയസ്സുള്ള മകൾ ചാർലിസ് മ്യൂറ്റൻ എത്തി. സ്റ്റെയ്ൻ ചാർലിസിനോട് തന്നെ 'ഡാഡി' എന്ന് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.  താൻ എപ്പോഴും ഒരു നല്ല പിതാവായിരിക്കുമെന്നും സ്റ്റെയ്ൻ കുട്ടിക്ക് ഉറപ്പുനൽകി.

ചാർലിസ് മ്യൂറ്റൻ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചാർലിസ് മ്യൂറ്റൻ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

‘‘അത് ഞങ്ങൾ രണ്ടുപേർക്കും വളരെ ഹൃദയസ്പർശിയായ നിമിഷമായിരുന്നു. കാരണം ചാർലിസ് എപ്പോഴും ഒരു പിതാവിന്‍റെ സ്നേഹത്തിനായി കൊതിച്ചിരുന്നു’’– കലിസ്റ്റ ഈ നിമിഷത്തെ ഓർത്ത് അഭിമുഖത്തിൽ പറഞ്ഞതാണിത്. കുട്ടിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, മൂവരും ഹോക്‌സ്‌ബറി നദിക്ക് സമീപം ഒരു കാരവാനിൽ താമസിക്കുകയായിരുന്നു. സ്റ്റെയ്ൻ താൻ മൗണ്ട് വിൽസണിലേക്ക് മടങ്ങാൻ പോവുകയാണെന്ന് അറിയിച്ചതിനെ തുടർന്ന് ജനുവരി 11 ന് ചാർലിസ്  സ്റ്റെയ്‌നോടൊപ്പം പോകാൻ താത്പര്യം പ്രകടിപ്പിച്ചു.

ഇതിനിടെ കുട്ടിയെ കാണാതായി.  ചാർലിസിനെ തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നും നമ്മുക്ക് കണ്ടെത്താമെന്നും സ്റ്റെയ്ൻ കലിസ്റ്റ മ്യൂറ്റിനെ ധരിപ്പിച്ചു. പൊലീസിനെ അറിയിക്കരുതെന്നും ആവശ്യപ്പെടുകയും ചെയ്തു. മകളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മൂന്ന് ദിവസത്തിന് ശേഷം മ്യൂറ്റൻ കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. ജനുവരി 11 നും രാത്രിക്കും ജനുവരി 12 നും രാവിലെയ്ക്കും ഇടയിലുള്ള 15 മണിക്കൂറിനിടെയാണ് സ്റ്റെയിൻ ചാർലിസിനെ കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി.  

ചാർലിസിനെ പ്രതി വെടിവച്ച് കൊന്ന ശേഷം മൃതദേഹം ഒരു വീപ്പയിലാക്കി കോളോ നദിയിൽ ഉപേക്ഷിച്ചതായി കോടതിയിൽ തെളിഞ്ഞു. തുടർന്ന് കേസിൽ കോടതി സ്റ്റെയ്നിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണ‌ വേളയിൽ, കലിസ്റ്റ മ്യൂറ്റനാണ് മകളെ കൊന്നതെന്നും അത് മൂടിവയ്ക്കാൻ താൻ സഹായിച്ചുവെന്നും സ്റ്റെയ്ൻ കോടതിയിൽ വാദിച്ചു. പക്ഷേ കോടതി ഈ വാദം  തള്ളികളഞ്ഞു. 

∙തീരാ വേദന
ടെലിവിഷൻ അഭിമുഖത്തിൽ സംസാരിച്ച കലിസ്റ്റ, താൻ ചെയ്ത തെറ്റിന് വളരെ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് പറഞ്ഞു. മറ്റൊരാളിലുള്ള വിശ്വാസം കാരണം ഞാൻ എന്‍റെ മകളെ അപകടത്തിലാക്കി. ഞാൻ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നതായി കലിസ്റ്റ വേദനയോടെ കൂട്ടിച്ചേർത്തു.

English Summary:

Charlise Mutten murder: Mum Kallista Mutten breaks silence after fiance found guilty of ‘heinous’ slaying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com