ലോകത്തെ ഞെട്ടിച്ച കെന്നഡി വധത്തിന്റെ അറുപതാം വർഷം; അവസാനിക്കുന്നില്ല ദുരൂഹത
Mail This Article
അമേരിക്കൻ ജനതയുടെ മനസ്സിലും ലോക ചരിത്രത്തിലും മായാത്ത ഏടായ ജോൺ എഫ്.കെന്നഡി വധം നടന്നിട്ട് അറുപതു വർഷം പൂർത്തിയാകുന്നു. 1962 നവംബർ 22 ന് ടെക്സസിലെ ഡാലസിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡി എത്തിയത്. മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ കെന്നഡി മോട്ടർ റാലി നയിച്ചു. ജനങ്ങൾ പ്രസിഡന്‍റിനെ വരവേൽക്കുന്നു. എല്ലാം പതിവു പോലെയായിരുന്നു; റാലി ഡീലി പ്ലാസയിലെ ടെക്സസ് ബുക് ഡിപ്പോസിറ്ററി എന്ന കെട്ടിടത്തിനു സമീപം എത്തുന്നതു വരെ.
ടെക്സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽനിന്ന് മൂന്നു തവണയാണ് അക്രമി വെടിയുതിർത്തത്. കെന്നഡിയുടെ തലയ്ക്കും പുറത്തും വെടിയേറ്റു. പ്രസിഡന്റിനെ സുരക്ഷാ ഉദ്യോഗസ്ഥർ അതിവേഗം ആശുപത്രിയിൽ എത്തിച്ചു. പക്ഷേ വൈകിപ്പോയിരുന്നു. ലോകം ഞെട്ടലോടെ ആ വാർത്ത കേട്ടു: ‘പ്രസിഡന്റ് ജോൺ എഫ്.കെന്നഡി വെടിയേറ്റു മരിച്ചു.’ 46 കാരനായ കെന്നഡിയ്ക്കൊപ്പമുണ്ടായിരുന്ന ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണർ ജോൺ ബി.കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു.
∙ അറുപതാം വർഷത്തിലും അവസാനിക്കാത്ത ദുരൂഹതകൾ
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളില്‍, 24 കാരനായ ലീ ഹാർവി ഓസ്‌വാൾഡിനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. പിന്തുടര്‍ന്നെത്തിയ ഒരു പൊലീസ് ഉദ്യഗസ്ഥനെ ഓസ്‌വാൾഡ് വെടിവെച്ചു കൊന്നെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരു ദിവസത്തിനു ശേഷം ഓസ്‌വാൾഡിനെ ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്ന നൈറ്റ് ക്ലബ് ഉടമ വെടിവച്ചു കൊന്നു. കെന്നഡിയെ കൊന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് ഓസ്‌വാൾഡിനെ കൊല്ലാൻ തീരുമാനിച്ചതെന്നും ജാക്ക് റൂബി പറഞ്ഞു. അതേസമയം, ഓസ്‌വാൾഡിന്റെ വിചാരണ നടക്കുന്നതിനു മുൻപുതന്നെ റൂബി അയാളെ കൊലപ്പെടുത്തിയതോടെ അന്വേഷണം വഴിമുട്ടിയെന്നാണ് പറയപ്പെടുന്നത്.
പക്ഷേ, താൻ കെന്നഡിയെ വെടിവച്ചിട്ടില്ലെന്ന് ഓസ്‌വാൾഡ് പറഞ്ഞിരുന്നു. മുൻ യുഎസ് മറീനായ ഓസ്‌വാൾഡിന്‍റെ ബന്ധങ്ങളെ ചുറ്റിപ്പറ്റിയും ദുരൂഹതകളുണ്ട്. കുറച്ചുകാലം സോവിയറ്റ് യൂണിയനിൽ താമസിച്ചിട്ടുള്ള ഓസ്‌വാൾഡിനെ കൃത്യം നടത്താൻ സോവിയറ്റ് ചാരസംഘടനയായ കെജിബി നിയോഗിച്ചതാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ശീതയുദ്ധകാലത്താണ് കെന്നഡി വധിക്കപ്പെട്ടത് എന്നതായിരുന്നു അതിന്റെ കാരണം. പ്രതി ഓസ്‌വാൾഡ് മാത്രമാണെന്നും സംശയാസ്പദമായ മറ്റു തെളിവുകളില്ലെന്നും അന്വേഷണ സംഘം നിലപാട് സ്വീകരിച്ചു.
ഓസ്‌വാൾഡ് അല്ല കെന്നഡിവധത്തിലെ പ്രതിയെന്ന് വിശ്വസിക്കുന്ന നിരവധി അമേരിക്കക്കാർ ഇന്നുമുണ്ട്. കേസിലെ പല രേഖകളും അമേരിക്കൻ അന്വേഷണ ഏജൻസികൾ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു. ഇതും ആളുകളിൽ കൂടുതൽ സംശയത്തിന് ഇടം പകരുകയാണ്. ഏബ്രഹാം ലിങ്കൺ, ജയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി തുടങ്ങിയ യുഎസ് പ്രസിഡന്‍റുമാർ കെന്നഡിക്ക് മുൻപു കൊല്ലപ്പെട്ടിട്ടുണ്ട്.
∙ തത്സമയം സംപ്രേക്ഷണം
ഭാര്യക്കൊപ്പം കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന കെന്നഡി കഴുത്തില്‍ വെടിയേറ്റ ഉടനെ മറിഞ്ഞു വീഴുന്ന ദൃശ്യങ്ങളുടെ തത്സമയ സംപ്രേക്ഷണം ടെലിവിഷന്‍ ചാനലുകളിൽ വന്നിരുന്നു. കെന്നഡിയുടെ പ്രചാരണം മാധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് കൃത്യം നടന്നത്. അതുകൊണ്ട് തന്നെ കൃത്യവും തത്സമയം ജനങ്ങൾക്ക് മുന്നിലെത്തി.