ADVERTISEMENT

ദുബായ്∙ ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതൽ - ദ് കോർ' റിലീസിന് ഗൾഫിൽ വിലക്ക്. ഖത്തറിലും കുവൈത്തിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചു.കൂടാതെ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും നിരോധനം വന്നേക്കും. യുഎഇയിലെ വോക്സ് സിനിമാസിൽ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചതാണ് നിരോധന സാധ്യതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചിത്രം ഖത്തറിലും കുവൈത്തിലും പ്രദർശന വിലക്ക് നേരിട്ടതായി ഗൾഫിലെ വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സിഇഒ അബ്ദുൽ സമദ് മനോരമ ഒാൺലൈനോട് പറഞ്ഞു. ഈ രാജ്യങ്ങളിൽ  ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്.  ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് വിലക്കിന് കാരണമായത്. ഈ മാസം 23നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

ഗൾഫിലെ തിയറ്ററുകളിൽ മലയാള സിനിമകൾക്ക് ഏറെ പ്രേക്ഷകരുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക്. ഇതിൽ തന്നെ മമ്മുട്ടിക്കും മോഹൻലാലിനുമാണ് ഏറ്റവും കൂടുതൽ ആരാധകർ. സൗദിയിൽ അടുത്ത കാലത്താണ് സിനിമ തിയറ്ററുകൾ വീണ്ടും ആരംഭിച്ചത്. ഗൾഫിലെ നൂറുകണക്കിന് സ്ക്രീനുകളിൽ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചാൽ നിർമാതാക്കൾക്കും വിതരണക്കാർക്കും വൻ ലാഭം കൊയ്യാനാകും. 42 ദിർഹം മുതൽ 55 ദിർഹം വരെയാണ് യുഎഇ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക്. മമ്മുട്ടിയുടെ ഉഗ്രൻ പ്രകടനം കൊണ്ടും നടി ജ്യോതിക ഏറെ കാലത്തിന് ശേഷം അഭിനയിച്ച മലയാള ചിത്രം എന്ന നിലയ്ക്കും 'കാതൽ - ദ് കോർ' പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.  13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  ജ്യോതിക മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.  കവി അൻവർ അലിയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകി ജി.വേണുഗോപാലും കെ.എസ്.ചിത്രയും ആലപിച്ച എന്നും എൻ കാവൽ എന്ന  ഗാനം ഇതിനകം സംഗീതപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

നേരത്തെ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'മോൺസ്റ്റർ' സമാനമായ വിലക്ക് നേരിട്ടിരുന്നു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിലാണ് അന്ന് ചിത്രത്തിന് ഒന്നിലധികം രാജ്യങ്ങളിൽ റിലീസ് നിഷേധിക്കപ്പെട്ടത്. സിനിമയിൽ നിന്ന് 13 മിനിറ്റ് ട്രിം ചെയ്യണമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടത് അനുസരിച്ചതിനെത്തുടർന്ന് ബഹ്‌റൈനിൽ നിരോധനം നീക്കിയിരുന്നു. സ്വവർഗ ലൈംഗികത പോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ ഏത് ഭാഷയിലുള്ളതായാലും ചില ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിക്കാറുണ്ട്. ഇതിൽ ഇംഗ്ലീഷ് ചിത്രങ്ങൾക്കാണ് ഇതുവരെ ഏറ്റവും കൂടുതൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിട്ടുള്ളത്.  അടുത്തിടെ സോണിയുടെ സ്പൈഡർ–മാൻ: എക്രോസ് ദ് സ്പൈഡർ–വേർസ് എന്ന ചിത്രത്തിന് യുഎഇ വിലക്കേർപ്പെടുത്തിയിരുന്നു.  ചിത്രം ട്രാൻസ് ജെൻഡർ വിഷയം കൈകാര്യം ചെയ്യുന്നതാണ് കാരണം. കൂടാതെ, ബാർബി എന്ന ഇംഗ്ലീഷ് ആനിമേഷൻ ചിത്രത്തിന് കുവൈത്തും ലബനനും പ്രദർശനാനുമതി നിഷേധിച്ചു. പൊതുമാന്യതയ്ക്കും സാമൂഹികവും പരമ്പരാഗതവുമായ മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം എന്ന നിലയ്ക്കായിരുന്നു നിരോധനം.

മമ്മൂട്ടിയെയും ജ്യോതികയെയും കൂടാതെ, ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ആദർശ് സുകുമാരൻ എന്നിവരുൾപ്പെടെ പ്രതിഭാധനരായ ഒരുസംഘം അഭിനയേതാക്കൾ അണിനിരക്കുന്ന ചിത്രമാണ് 'കാതൽ - ദി കോർ'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്.  മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

English Summary:

Mammootty film 'Kathal' release banned in Qatar and Kuwait; It will be shown in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com