ലോക പ്രശസ്ത അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോയ്ക്ക് കാൻസർ
Mail This Article
മാസച്യുസിറ്റ്‌സ്∙ ‘കോട്ട് ഇൻ പ്രൊവിഡൻസ്' (Caught in Providence) ടിവി ഷോയിലൂടെ പ്രശസ്തനായ യുഎസ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോയ്ക്ക് (87) കാൻസർ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെ കാപ്രിയോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ഈ ജന്മദിനം എനിക്ക് ഇതുവരെയുള്ളതിൽ നിന്ന് അൽപം വ്യത്യസ്തമാണ്. എനിക്ക് കാൻസർ സ്ഥീകരിച്ചത് ഈ പിറന്നാൾ ദിനത്തിലാണ്. സമീപകാല മെഡിക്കൽ പരിശോധയിൽ ഫലങ്ങൾ പലതും പ്രതികൂലമായിരുന്നു. ഈ ദുഷ്‌കരമായ യാത്രയെ വിദ്ഗധരായ ഡോക്ടർമാരുടെയും മികച്ച ആശുപത്രികളുടെയും സഹായത്തോടെ നേരിടും’’ – കാപ്രിയോ പറഞ്ഞു.
1985 മുതൽ പ്രൊവിഡൻസ് മുനിസിപ്പൽ കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയാണ് കാപ്രിയോ. സൗഹൃദ സന്ദേശങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട്, തനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കോടതികളെ ജനകീയമാക്കുന്നതിന് ടി വി ഷോകളും സമൂഹമാധ്യമ പോസ്റ്റുകളും സഹായിക്കുമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഫ്രാങ്ക് കാപ്രിയോ.