ഒരു സംവാദത്തിനുകൂടി അവസരം തരാമെന്ന് ബൈഡനോട് ട്രംപ്; ഗോൾഫ് മത്സരത്തിനും ബൈഡന് ക്ഷണം
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിൽ നടത്തുന്ന സംവാദ പരമ്പരയിൽ ആദ്യത്തേതിൽ ദയനീയ പ്രകടനവുമായി പിന്നിലായിപ്പോയ ജോ ബൈഡന് ട്രംപിന്റെ ആശ്വാസവാഗ്ദാനം. മുഖം രക്ഷിക്കാനായി ഒരു സംവാദത്തിനു കൂടി ‘ഉറക്കംതൂങ്ങി ബൈഡന്’ അവസരം തരാമെന്നാണ് ഫ്ലോറിഡയിലെ പ്രചാരണറാലിയിൽ ട്രംപ് പറഞ്ഞത്. സംവാദം നിയന്ത്രിക്കാൻ മോഡറേറ്റർമാർ പാടില്ല എന്ന നിബന്ധനയും മുന്നോട്ടുവച്ചു. സംവാദശേഷം ഒരു ഗോൾഫ് മത്സരം കൂടി ആകാമെന്നും ഗോൾഫ് പ്രിയനായ ട്രംപ് പറഞ്ഞു.
നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാണ് മുൻ പ്രസിഡന്റ് കൂടിയായ ട്രംപ് (78). ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായ ബൈഡനെ (81) പ്രായാധിക്യം ബാധിച്ചെന്ന വിലയിരുത്തലിൽ പാർട്ടി നേതാക്കൾ തന്നെ അസ്വസ്ഥരാണ്. ബൈഡൻ പിന്മാറി മറ്റൊരു നേതാവ് പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഡെമോക്രാറ്റ് അനുഭാവിയായ ഹോളിവുഡ് താരം ജോർജ് ക്ലൂണിയും രംഗത്തെത്തി. അടുത്ത മാസത്തെ ഡെമോക്രാറ്റ് കൺവൻഷനിൽ മറ്റൊരു നേതാവിനെ പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കണമെന്ന് ന്യൂയോർക്ക് ടൈംസ് പത്രത്തിലെ ലേഖനത്തിലാണ് ക്ലൂണി അഭിപ്രായപ്പെട്ടത്. ഇന്നലെ വാഷിങ്ടനിൽ നാറ്റോ ഉച്ചകോടി പ്രസംഗം ടെലിപ്രോംപ്റ്ററിൽ നോക്കി ശ്രദ്ധാപൂർവം വായിച്ച ബൈഡൻ അബദ്ധമൊന്നും പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.