ADVERTISEMENT

ഹൂസ്റ്റണ്‍ ∙  ഇന്ത്യയിലെയും യുഎസിലെയും പൊതുതിരഞ്ഞെടുപ്പുകള്‍ തമ്മില്‍ സമാനതകള്‍ ഉണ്ടോ? നേരിട്ട് അത്തരം സമാനതകള്‍ ഒന്നും തന്നെ ഇല്ലെന്ന് പറയാമെങ്കിലും ചില വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങളിലെയും പ്രധാന കക്ഷി ഒരേ പോലെ ആരോപണം ഉന്നയിക്കുന്നതായി രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം ഒരു വിഷയമാണ് ഭരണഘടനാ സംരക്ഷണം. ഇന്ത്യയില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആണ് നരേന്ദ്ര മോദി ഭരണഘടന തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തുവന്നത്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിന് ഈ ആരോപണം സഹായകമാവുകയും ചെയ്തു. സമാനമായ രീതിയിലാണ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍ രംഗത്തുവന്നിരിക്കുന്നത്. 

ഇതോടെ യുഎസില്‍ ട്രംപും പ്രതിരോധത്തിലേക്ക് വലിയുന്നതാണ് കാണുന്നത്. അടുത്ത പ്രസിഡന്‍സി കാലാവധിയില്‍ പ്രസിഡന്റ് പദവി മൊത്തത്തില്‍ മാറ്റി മറിക്കാന്‍ വിഭാവനം ചെയ്യുന്നതാണ് യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍മാരുടെ പദ്ധതി. എന്തായാലും സംഗതി കെണിയാകുമെന്ന് മനസിലാക്കി ട്രംപ് ഇതില്‍ നിന്ന് അകന്നു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ അമേരിക്കന്‍ വിപ്ലവം നടക്കുമെന്നാണ് യാഥാസ്ഥിതികരുടെ പ്രഖ്യാപനം. 'ഇടതുപക്ഷം അനുവദിച്ചാല്‍ രക്തരഹിതമായി നടക്കും' എന്ന മുന്നറിയിപ്പും യാഥാസ്ഥിതിക ഗ്രൂപ്പ് നേതാവ് പറയുകയും ചെയ്തു. 

പ്രൊജക്ട് 2025 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. നവംബര്‍ 5 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനെ തോല്‍പ്പിച്ചാല്‍ ഭരണഘടന തന്നെ തിരുത്തിക്കുറിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. അമേരിക്കയിലെ മുന്‍നിര യാഥാസ്ഥിതിക ചിന്താഗതിക്കാരായ ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ളവരാണ് പദ്ധതിക്ക് പിന്നിലുള്ളത്. 

ഇവരില്‍ നിരവധി ആളുകള്‍ ട്രംപ് വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരാണ്. നവംബറില്‍ അദ്ദേഹം വീണ്ടും വിജയിച്ചാല്‍ ഇവരില്‍ പലരും ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളവരുമാണ് എന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഈ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ട്രംപ് പറയുന്നത്.  'പ്രൊജക്റ്റ് 2025 നെ കുറിച്ച് എനിക്കൊന്നും അറിയില്ല. ആരാണ് ഇതിന് പിന്നിലെന്ന് എനിക്കറിയില്ല,' എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചത്. 

'അവര്‍ പറയുന്ന ചില കാര്യങ്ങളോട് ഞാന്‍ വിയോജിക്കുന്നു. അവരുടെ ചില വാദങ്ങള്‍ 'തികച്ചും പരിഹാസ്യവും നികൃഷ്ടവുമാണ്'- എന്ന് ട്രംപ് വ്യക്തമാക്കി. രണ്ടാം അമേരിക്കന്‍ വിപ്ലവത്തെക്കുറിച്ച് സ്റ്റീവ് ബാനന്റെ 'വാര്‍ റൂം' പോഡ്കാസ്റ്റിനെക്കുറിച്ച് ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിഡന്റ് കെവിന്‍ റോബര്‍ട്ട്സിന്റെ അഭിപ്രായത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്. ഡെമോക്രാറ്റുകളും മറ്റുള്ളവരും വരാനിരിക്കുന്ന അക്രമത്തിന്റെ ഭീഷണിയായാണ് ഇതിനെ ചിത്രീകരിക്കുന്നത്. 

'വരേണ്യവര്‍ഗങ്ങളില്‍ നിന്നും സ്വേച്ഛാധിപത്യ ഉദ്യോഗസ്ഥരില്‍ നിന്നും അധികാരം തിരിച്ചുപിടിക്കാന്‍' അമേരിക്കക്കാര്‍ വിപ്ലവം നടത്തുകയാണെന്ന് റോബര്‍ട്ട്‌സ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അക്രമത്തിന്റെ ചരിത്രമുള്ളത് ഇടതിനാണെന്നും അദ്ദേഹം പരിഹസിച്ചു. അടുത്ത റിപ്പബ്ലിക്കന്‍ പ്രസിഡന്റിനായി പ്രോജക്ട് 2025 ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അത് നടപ്പിലാക്കണമോ എന്ന് തീരുമാനിക്കേണ്ടത് ട്രംപാണ്. എന്നാല്‍ ട്രംപ് വിജയിച്ചാല്‍ അത് നടപ്പാക്കുമെന്ന് വക്താവ് അവകാശപ്പെടുന്നു. 

പ്രോജക്ട് 2025 മായി അകലം പാലിക്കാനുള്ള ട്രംപിന്റെ നീക്കം, മത്സരത്തിന്റെ അവസാന മാസങ്ങളില്‍ മിതവാദിയായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കരുതുന്നവരുണ്ട്. പ്രത്യേകിച്ച് ജൂണ്‍ 27 ലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായുള്ള ഡിബേറ്റിനു ശേഷമുള്ള അനുകൂല സാഹചര്യം മുതലെടുക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ക്ലെംസണ്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ജെയിംസ് വാള്‍നര്‍ പറയുന്നു. ''ട്രംപ് ഇപ്പോള്‍ അടിസ്ഥാനപരമായി വിശാലമായ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് വാള്‍നര്‍ പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രചാരണത്തെ പ്രോജക്ട് 2025 മായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിഡന്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

900 പേജുള്ള ബ്ലൂപ്രിന്റ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സമൂലമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നു. ചില ഫെഡറല്‍ ഏജന്‍സികളെ ഇല്ലാതാക്കുന്നതും പ്രസിഡന്റ് അധികാരത്തിന്റെ വിപുലീകരണവും ഉള്‍പ്പെടെ ഇതു മുന്നോട്ടുവയ്ക്കുന്നു. ട്രംപിന്റെ പ്രസ്താവനകളും നയപരമായ നിലപാടുകളും സൂചിപ്പിക്കുന്നത് അദ്ദേഹം ചില കാര്യങ്ങളുമായി യോജിച്ചുവെങ്കിലും പദ്ധതിയുടെ എല്ലാ അജണ്ടകളുമായും യോജിക്കുന്നില്ല.  സമാന ചിന്താഗതിക്കാരായ മറ്റ് ഗ്രൂപ്പുകളുടെ ശേഖരണത്തെ ഏകോപിപ്പിച്ച് ഹെറിറ്റേജ് ഫൗണ്ടേഷനാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

ട്രംപിന്റെ മുന്‍ മുതിര്‍ന്ന ഉപദേഷ്ടാവായ സ്റ്റീഫന്‍ മില്ലര്‍, രണ്ടാമത്തെ ട്രംപ് ഭരണകൂടത്തില്‍ ഉയര്‍ന്ന ജോലിക്കായി തിരഞ്ഞെടുക്കപ്പെടുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു, പ്രോജക്റ്റ് 2025 ന്റെ ഉപദേശക സമിതിയിലെ ഒരു നിയമ ഗ്രൂപ്പിന്റെ തലവനാണ് അദ്ദേഹം എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ വരും ദിനങ്ങളില്‍ ഡെമോക്രാറ്റുകള്‍ ഈ വിഷയം സജീവമായി തന്നെ നിലനിര്‍ത്തും. 

English Summary:

Donald Trump made it clear that he has nothing to do with the 'Project 2025'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com