ADVERTISEMENT

ദുബായ് ∙ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ചുട്ടുപൊള്ളുകയാണ് ഗൾഫ് മേഖല. തെരുവുകളിൽ വാഹനങ്ങളുണ്ടെങ്കിലും കാൽനടയാത്രക്കാർ അപൂർവം. ടാപ്പ് തുറന്നാൽ പൊള്ളുന്ന വെള്ളം. അടുത്ത കാലത്തൊന്നും ഗൾഫ് രാജ്യങ്ങൾ ഇത്രയധികം പൊള്ളിയിട്ടില്ല. യുഎഇയിൽ ചൂട് 50.8 ഡിഗ്രി കടന്നതായി കാലാവസ്ഥാ മാപിനികൾ സാക്ഷ്യപ്പെടുത്തുന്നു. 

നീണ്ട പകലുകൾ
രാവിലെ 5ന് തന്നെ പകൽ തുടങ്ങും. സന്ധ്യയെത്താൻ രാത്രി 7.15 കഴിയണം. ഗൾഫിലെ പകലുകൾക്ക് ഇപ്പോൾ 14.5 മണിക്കൂറോളം ദൈർഘ്യമുണ്ട്.  പകൽ ചൂട് അതികഠിനമായതിനാൽ പുറം ജോലികൾക്ക് കർശനം നിയന്ത്രണമുണ്ട്.  ഉച്ചയോട് അടുക്കുമ്പോഴേക്കും തെരുവുകൾ വിജനമാകും. കുട ചൂടിയാലും തണൽതേടിയാലും രക്ഷയില്ല. ചൂട് കൂടിയതോടെ എസി ഉപയോഗവും വർധിച്ചു. എല്ലാ കെട്ടിടങ്ങളിലും എസി പ്രവർത്തിപ്പിക്കുന്നതിന്റെ ചൂടും പുറത്ത് അറിയാം. 

പുറത്തിറങ്ങാൻ 
പകൽ പുറത്തിറങ്ങുന്നവർ കുട, സൺഗ്ലാസ്, ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രം എന്നിവ ധരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കരുത്. പെർഫ്യൂം കുപ്പികൾ വാഹനത്തിൽ സൂക്ഷിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. 

ചൂടുകാലത്തെ കുളിയാണ് പ്രവാസികളുടെ ഏറ്റവും വലിയ പ്രതിസന്ധി. കെട്ടിടത്തിനു മുകളിലെ ടാങ്കിൽ ചൂടേറ്റ് തിളച്ച വെള്ളമാകും പൈപ്പിലൂടെ എത്തുക. രാവിലെ കുളിക്കാൻ തലേന്ന് രാത്രി വെള്ളം ബക്കറ്റിൽ പിടിച്ചു വയ്ക്കും. വീട്ടിലെ എസിയുടെ തണുപ്പിലും മറ്റും നേരം വെളുക്കുമ്പോഴേക്കും വെള്ളം കുളിക്കാവുന്ന പരുവമാകും. ഷെയറിങ് അപ്പാർട്മെന്റുകളിൽ ബക്കറ്റിൽ പിടിച്ചു വയ്ക്കുന്ന വെള്ളത്തിന്റെ പേരിൽ തർക്കങ്ങൾ പോലും സാധാരണമാണ്. സൗദിയിൽ ചൂട് 50 ഡിഗ്രിയായതോടെ മലയാളി കൂട്ടായ്മകളിലെ സാംസ്കാരിക പരിപാടികളുടെ എണ്ണവും കുറഞ്ഞു.

English Summary:

Summer: Temperature soared in Gulf region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com