വാൻസിന്‍റെ 'യേൽ സ്പിരിറ്റ് ഗൈഡ്' ; നിയമ മേഖലയിൽ മികവ് തെളിയിച്ച ഉഷ ചിലുകുരി
Mail This Article
ഒഹായോ∙ ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് നോമിനിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച (പ്രാദേശിക സമയം) മിൽവോക്കിയിൽ നടന്ന പാർട്ടി കൺവെൻഷനിൽ തിരഞ്ഞെടുത്തു. ഒരിക്കൽ ട്രംപ് വിമർശകനായിരുന്ന ജെ ഡി വാൻസിന് പിന്തുണയുമായി ഭാര്യയും യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയും കൂടെയുണ്ട്. ഉഷ ചിലുകുരി ആരാണെന്ന രീതിയിൽ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
കലിഫോർണിയയിൽ ജനിച്ച ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളാണ് ഉഷയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാൻ ഡിയാഗോയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഉഷ വളർന്നത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, റാഞ്ചോ പെനാസ്‌ക്വിറ്റോസിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് കാർമൽ ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭാസം.
∙ ജെ.ഡി. വാൻസിനെ കണ്ടുമുട്ടുന്നു
ഉഷ യേൽ ലോ സ്കൂളിൽ ചേർന്നു. 2013 ൽ അവിടെ വച്ചാണ് ഭാവി ഭർത്താവ് ജെ ഡി വാൻസുമായി കണ്ടുമുട്ടിയത്. 'അമേരിക്കയിലെ സാമൂഹിക തകർച്ച'യുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്താൻ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ജെ ഡി വാൻസ് പലപ്പോഴും ഉഷയെ തന്‍റെ 'യേൽ സ്പിരിറ്റ് ഗൈഡ്' എന്ന് പരാമർശിച്ചു. യേൽ ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം 2014 ൽ ഇരുവരും വിവാഹിതരായി.
ഉഷ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആദ്യകാല ആധുനിക ചരിത്രത്തിൽ എംഫിലും നേടിയിട്ടുണ്ട് .
യേലിലെ പഠന കാലത്ത്, യേൽ ലോ ജേണലിന്‍റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്‍റ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും ഉഷ സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷകയെന്ന നിലയിൽ ശ്രദ്ധ നേടിയിട്ടിയുണ്ട്. ജെ ഡി വാൻസിനും ഉഷയ്ക്കും മൂന്ന് മകളാനുള്ളത് . രണ്ട് ആൺകുട്ടികൾ– ഇവാൻ, വിവേക്, ഒരു പെൺകുട്ടി– മിറാബെൽ.
∙വാൻസിന്‍റെ ശക്തി
ഭർത്താവിന്‍റെ രാഷ്ട്രീയ യാത്രയിൽ ഉഷ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പലപ്പോഴും രാഷ്ട്രീയ പരിപാടികളിൽ അദ്ദേഹത്തെ അനുഗമിക്കുകയും മാർഗനിർദേശവും പിന്തുണയും നൽകുകയും ചെയുന്നുണ്ട്. 2016-ലെയും 2022-ലെയും വിജയകരമായ സെനറ്റ് ക്യാംപെയ്നുകളിലെ സാന്നിധ്യമായിരുന്നു ഉഷ. 2018 മുതൽ ഒഹായോയിൽ റിപ്പബ്ലിക്കൻ ആയി വോട്ട് ചെയ്യാനും ഉഷ റജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്‍റെ തീരുമാനങ്ങളും അവസരങ്ങളും രൂപപ്പെടുത്തുന്നതിൽ ഉഷയ്ക്ക് നിർണായക സ്വാധീനമുണ്ടെന്ന് ജെഡി വാൻസ് പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.
∙ നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മികവ്
നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മികവുള്ള അഭിഭാഷകയാണ് ഉഷ. 2018-ൽ യുഎസ് സുപ്രീം കോടതിയിൽ ലോ ക്ലാർക്കായി ജോലി ചെയ്യുന്നതിന് മുൻപ് സാൻ ഫ്രാൻസിസ്കോയിലെ മുൻഗർ, ടോൾസ് & ഓൾസൺ എൽഎൽപി, വാഷിങ്‌ടൻ ഡിസി എന്നിവിടങ്ങളിൽ അഭിഭാഷകയെന്ന നിലയിൽ ഉഷ ശ്രദ്ധ നേടി.
സങ്കീർണ്ണമായ സിവിൽ വ്യവഹാരങ്ങളിലും വിദ്യാഭ്യാസം, സർക്കാർ, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള നിയമപ്രശ്നങ്ങളിലും അഭിഭാഷകയെന്ന നിലയിൽ ഉഷ മികവ് തെളിയിച്ചിട്ടുണ്ട്.