ADVERTISEMENT

മിൽവോക്കി ∙ അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയിൽ ബാൻഡേജുമായി മുഷ്ടി ചുരുട്ടി ഡോണൾഡ് ട്രംപ് (78) കടന്നുവന്നപ്പോൾ അനുയായികളുടെ ആവേശം അണപൊട്ടി. യുഎസിലെ വിസ്കോൻസെൻ സംസ്ഥാനത്തുള്ള മിൽവോക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലേക്കാണ് ട്രംപ് എത്തിയത്.

കഴിഞ്ഞ ശനിയാഴ്ച പെൻസിൽവേനിയയിൽ റാലിക്കിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച ശേഷം ട്രംപിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ട്രംപ് വേദിയിലേക്കെത്തവേ ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞദിവസം ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൺവൻഷനിൽ പ്രസംഗത്തിനിടെ കുടുംബാംഗങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും പിന്തുണക്കാരെയും അഭിവാദ്യം ചെയ്തെങ്കിലും ഭാര്യ മെലനിയയെ അദ്ദേഹം പരാമർശിക്കാത്തത് ശ്രദ്ധേയമായി. മെലനിയ ചടങ്ങിനെത്തിയതുമില്ല.

വെടിയേറ്റ ചെവിയിൽ ബാൻഡേജുമായി യുഎസിലെ മിൽവോക്കിയിൽ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ പങ്കെടുക്കുന്ന ഡ‍ോണൾഡ് ട്രംപ്. (Photo by LEON NEAL / AFP)
വെടിയേറ്റ ചെവിയിൽ ബാൻഡേജുമായി യുഎസിലെ മിൽവോക്കിയിൽ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ പങ്കെടുക്കുന്ന ഡ‍ോണൾഡ് ട്രംപ്. (Photo by LEON NEAL / AFP)

ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഹർമീത് കൗർ ധില്ലൻ കൺവൻഷനിൽ സിഖ് പ്രാർഥന ചൊല്ലി. ചണ്ഡിഗഡിലെ സിഖ് കുടുംബത്തിൽ ജനിച്ച ഹർമീത് കൗർ കുറച്ചുകാലം ട്രംപിന്റെ അഭിഭാഷകയായിരുന്നു. നവംബർ അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് യുഎസ് പ്രസി‍ഡന്റ് ജോ ബൈഡനെ നേരിടും. ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലായിരിക്കും ബൈഡനെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിക്കുക.

∙ തോക്കിനോട് ഇപ്പോഴും പ്രിയം!
പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റെങ്കിലും തോക്കുനിയന്ത്രണം സംബന്ധിച്ചുള്ള പരിഷ്കാരങ്ങളെ പിന്തുണയ്ക്കില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളുടെ പൊതുനിലപാട്. തോക്കല്ല, മറിച്ച് ഉപയോഗിക്കുന്നവരുടെ മാനസികനിലയാണ് പ്രശ്നത്തിനു കാരണമെന്നാണ് അവരുടെ പക്ഷം.

∙ വധിക്കാൻ ഇറാൻ ഗൂഢാലോചന; ട്രംപിന് അധിക സുരക്ഷ
ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നെന്ന ഇന്റലിജൻസ് വിവരം യുഎസിനു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനുള്ള സുരക്ഷ ആഴ്ചകൾക്കു മുൻപേ വർധിപ്പിച്ചിരുന്നതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസത്തെ വധശ്രമത്തിന് ഇറാൻ ബന്ധമുള്ളതായി ഇതു വരെ കണ്ടെത്തിയിട്ടില്ല.

ജെ.ഡി വാൻസും ഭാര്യ ഉഷയും
ജെ.ഡി വാൻസും ഭാര്യ ഉഷയും

∙ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുടെ ‌ഭാര്യ ആന്ധ്രക്കാരി
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി വാൻസും (39) പരിപാടിയിൽ പങ്കെടുത്തിരുന്നു. മിനിഞ്ഞാന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസിന്റെ ഭാര്യ ഇന്ത്യൻ വംശജയായ ഉഷ ചിലുകുറിയാണ് (38). ആന്ധ്രയിൽ നിന്നു കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ.

വിജയിച്ചാൽ ‘യുഎസ് സെക്കൻഡ് ലേഡി’ എന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാകും ഉഷ. കേംബ്രിജ് സർവകലാശാല, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽ പഠ​ിച്ച അവർ ഒരു സ്വകാര്യ അഭിഭാഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്. സാൻ ഡീഗോയിൽ വളർന്ന ഉഷ 2014 വരെ ഡെമോക്രാറ്റിക് പാർട്ടിയിൽ അംഗമായിരുന്നു. ഇവാൻ, വിവേക്, മിറാബെൽ എന്നീ 3 മക്കളാണ് ഇരുവർക്കുമുള്ളത്.

യുക്രെയ്നിനു സൈനിക സഹായം നൽകുന്നതിനെ എതിർക്കുന്നയാളാണ് വാൻസ്. യുക്രെയ്നെ സമ്മർദത്തിലാക്കി യുദ്ധം നിർത്താൻ വാൻസ് അധികാരത്തിലെത്തിയാൽ ശ്രമിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഭയക്കുന്നു. മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും വാൻസ് മുൻപ് നടത്തിയിട്ടുണ്ട്. ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന വാൻസ് യുഎസ് പ്രത്യേക സേനയായ മറീൻസിന്റെ ഭാഗമായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. സിലിക്കൺവാലിയിൽ ഫിനാൻസ് പ്രഫഷനലായും പ്രവർത്തിച്ചു.

English Summary:

Trump Makes First Public Appearance at Republican Event with Bandaged Ear After Assassination Bid, Party Delegates Chant 'Fight'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com