റോൾസ് റോയ്‌സ് മുൻ ഹെഡ് ഡിസൈനർ ഇയാൻ കാമറൂൺ കൊല്ലപ്പെട്ടു; പ്രതിക്കായ് തിരച്ചിൽ
Mail This Article
ബെർലിൻ∙ റോൾസ് റോയ്‌സ് മുൻ ഹെഡ് ഡിസൈനറും വിന്റേജ് കാർ വിദഗ്ധനുമായ ഇയാൻ കാമറൂൺ (74) കൊല്ലപ്പെട്ടു. ജർമനിയിലെ വീട്ടിലുണ്ടായ മോഷണശ്രമത്തിനിടെ ഇയാൻ കുത്തേറ്റ് മരിക്കുകയായിരുന്നു. ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ഇയാൻ കാമറൂണിന്റെ ഭാര്യ വെറീന ക്ലോസാണ് പൊലീസിനെ വിവരമറിയിച്ചത്. മൂന്നു ദശലക്ഷം ഡോളർ വിലമതിക്കുന്ന വീട്ടിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗാരേജിലേക്കുള്ള വൈദ്യുതി കേബിളുകൾ മുറിച്ചുമാറ്റിയതായ സിസിടിവി തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഗോസ്റ്റ്, ഫാന്റം, 3 സീരീസ് തുടങ്ങിയ പ്രശസ്തമായ റോൾസ്-റോയ്‌സ് വാഹനങ്ങളുടെ രൂപകൽപനയിൽ ഇയാൻ കാമറൂൺ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1998-ൽ റോൾസ് റോയ്‌സിന്റെ ഓട്ടോമോട്ടീവ് ബിസിനസ്സ് ബിഎംഡബ്ല്യു ഏറ്റെടുത്തതിനുശേഷം റോൾസ് റോയ്‌സ് ഡിസൈൻ ടീമിനെ നയിച്ചത് ഇയാൻ കാമറൂൺ ആയിരുന്നു. ഫാന്റം ഫാമിലിയുടെയും ഗോസ്റ്റ് മോഡലുകളുടെയും ഡിസൈൻ ടീമിനെയും അദ്ദേഹം നയിച്ചു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഉയരം 180 നും 190 സെന്റിമീറ്ററിനും ഇടയിലാണെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഇളം നിറത്തിലുള്ള പാന്റ്സും കടും നീല നിറത്തിലുള്ള ഷർട്ടും മഞ്ഞ-പച്ച കയ്യുറകളും ചുവന്ന ബാക്ക്‌പാക്കും പ്രതി ധരിച്ചിരുന്നതായും പൊലീസ്. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.