ട്രംപ് വധശ്രമം: ബൈഡനോട് പ്രതികരിക്കാതെ കോറെയുടെ ഭാര്യ
Mail This Article
ഹൂസ്റ്റണ്‍ ∙ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെതിരെ തോമസ് മാത്യു ക്രൂക്സ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫയര്‍ ഫൈറ്റര്‍ കോറെ കംപറ്റോർ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരൻ. ട്രംപിനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കൊലയാളിക്ക് ഉന്നം പിഴയ്ക്കുകയും ചെയ്തതോടെയാണ് കോറെയ്ക്ക് വെടിയേറ്റത്. മരിച്ച കോറെ രണ്ടു കുട്ടികളുടെ പിതാവാണ്. വിവരം അറിഞ്ഞ ഉടന്‍ കോറൈയുടെ ഭാര്യ ഹെലന്‍ കംപറേറ്ററിനെ പ്രസിഡന്‍റ് ജോ ബൈഡൻ ഫോണില്‍ വിളിച്ചു. പക്ഷേ ബൈഡനുമായി ഹെലന്‍ സംസാരിക്കാൻ കൂട്ടാക്കിയില്ല. അതേസമയം ഇവരെ ട്രംപ് ഇതുവരെ ഫോണില്‍ വിളിച്ചില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘‘ ബൈഡനുമായി സംസാരിച്ചില്ല, അദ്ദേഹത്തോട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്‍റെ ഭര്‍ത്താവ് ഒരു തികഞ്ഞ റിപ്പബ്ലിക്കന്‍ ആയിരുന്നു. ഞാന്‍ ബൈഡനോട് സംസാരിക്കാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടാകില്ല.എനിക്ക് ജോ ബൈഡനോട് യാതൊരു വിരോധവുമില്ല. രാഷ്ട്രീയത്തില്‍ ഇടപെടുന്നവരില്‍ ഒരാളല്ല ഞാന്‍. ഞാന്‍ ട്രംപിനെ പിന്തുണയ്ക്കുന്നു. അതിനാണ് ഞാന്‍ വോട്ട് ചെയ്യുന്നത്, പക്ഷേ ബൈഡനോട് എനിക്ക് വിരോധമില്ല.20 വയസ്സുള്ള യുവാവാണ് എന്‍റെ ഭര്‍ത്താവിനെ വധിച്ചത്. ബൈഡന്‍ മോശമായി ഒന്നും ചെയ്തിട്ടില്ല.’’ – ഹെലൻ പറഞ്ഞു.
ആക്രമണത്തില്‍ നിന്ന് ട്രംപ് രക്ഷപ്പെട്ടെങ്കിലും വലതു ചെവിയില്‍ വെടിയേറ്റു. സീക്രട്ട് സര്‍വീസ് ഏജന്‍റുമാര്‍ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ വായുവില്‍ മുഷ്ടിചുരുട്ടി രക്തം പുരണ്ട മുഖവുമായി അദ്ദേഹം ആവേശത്തോടെ കാണികളെ അഭിവാദ്യം ചെയ്തിരുന്നു.